‘ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍; കോളുകള്‍ റെക്കോഡ് ചെയ്തു സൂക്ഷിച്ചു, ദൃശ്യങ്ങള്‍ ശേഖരിച്ചു’; ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തി മൈക്രോസോഫ്റ്റ്; നടപടി ഗാര്‍ഡിയന്‍ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ

ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷസംവിധാനങ്ങള്‍ക്കായി ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രായേല്‍ സൈന്യത്തിനുള്ള ക്ലൗഡ്, എഐ സേവനങ്ങള്‍ നിര്‍ത്തിവച്ചെന്നു മൈക്രോസോഫ്റ്റ്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ (ഐഎംഒഡി) ഒരു യൂണിറ്റ് ഉപയോഗിക്കുന്ന സേവനങ്ങളാണ് നിര്‍ത്തിയത്.
ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയനാണ് പുറത്തുവിട്ടത്. ലേഖനം പുറത്തുവന്നതിനു പിന്നാലെ മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു.
ഓഗസ്റ്റ് ആദ്യം ഗാര്‍ഡിയന്‍, ഇസ്രായേലി-പലസ്തീന്‍ പ്രസിദ്ധീകരണമായ +972 മാഗസിന്‍, ഹീബ്രു ഭാഷാ ഔട്ട്ലെറ്റ് ലോക്കല്‍ കോള്‍ എന്നിവര്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍, വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീനികളുടെ വിപുലമായ നിരീക്ഷണത്തിനായി ഇസ്രായേല്‍ മൈക്രോസോഫ്റ്റ് ക്ലൗഡിനെ ആശ്രയിച്ചിരുന്നെന്നും ഗാര്‍ഡിയന്റെ അന്വേഷണത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയെന്നു മൈക്രോസോഫ്റ്റ് പറഞ്ഞു. അതില്‍ നെതര്‍ലാന്‍ഡ്സിലെ അസൂര്‍ സ്‌റ്റോറേജാണ് ഐഎംഒഡി ഉപയോഗിച്ചതെന്നും എഐ സേവനങ്ങള്‍ ഉള്‍പ്പെടുമെന്നും കണ്ടെത്തി.
‘സിവിലിയന്മാരെ കൂട്ടത്തോടെ നിരീക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഞങ്ങള്‍ നല്‍കുന്നില്ല’ എന്നാണ് സ്മിത്ത് മൈക്രോസോഫ്റ്റിന്‍െ ബ്ലോഗില്‍ എഴുതിയത്. ‘നിര്‍ദ്ദിഷ്ട ഐഎംഒഡി സബ്സ്‌ക്രിപ്ഷനുകളും അവയുടെ സേവനങ്ങളും നിര്‍ത്തലാക്കാനും പ്രവര്‍ത്തനരഹിതമാക്കാനും ഉള്ള തീരുമാനം മൈക്രോസോഫ്റ്റ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചു. അതില്‍ നിര്‍ദ്ദിഷ്ട ക്ലൗഡ് സ്റ്റോറേജ്, എഐ സേവനങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുടെ ഉപയോഗം ഉള്‍പ്പെടുന്നു.
ഇസ്രായേലിലേക്കും മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളിലേക്കുമുള്ള മൈക്രോസോഫ്റ്റിന്റെ സൈബര്‍ സുരക്ഷാ സേവനങ്ങളെ ഈ നടപടി ബാധിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി. ഗാസയിലെ യുദ്ധം തുടരുന്നതിനിടയില്‍ ഇസ്രായേലുമായുള്ള ബന്ധത്തെച്ചൊല്ലി കമ്പനി പരിസരത്ത് പ്രതിഷേധങ്ങളില്‍ പങ്കെടുത്ത നാല് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ഇതില്‍ കമ്പനിയുടെ പ്രസിഡന്റിന്റെ ഓഫീസില്‍ കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്ത രണ്ട് പേരും ഉള്‍പ്പെടുന്നു. കമ്പനി നയങ്ങളുടെ ഗുരുതരമായ ലംഘനങ്ങളെ തുടര്‍ന്നാണ് പിരിച്ചുവിടലെന്നും ഓണ്‍-സൈറ്റ് പ്രകടനങ്ങള്‍ ‘ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ സൃഷ്ടിച്ചു’ എന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.






