Breaking NewsKeralaNEWSpolitics

അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി കടപഭക്തനായി അഭിനയിക്കുകയായിരുന്നു, 4000 ലേറെ പേര്‍ വരുമെന്ന് പറഞ്ഞിട്ട് വന്നത് അറുന്നൂറോളം പേർ മാത്രം, കോൺ​ഗ്രസ് പങ്കെടുത്തിരുന്നെങ്കിൽ വർ​ഗീയവാദിയായ ആദിത്യനാഥിന്റെ പ്രസംഗം കേട്ട് മുഖ്യമന്ത്രി കോള്‍മയിര്‍ കൊണ്ടതിനെല്ലാം സാക്ഷിയാകേണ്ടി വന്നേനെ- വി ഡി സതീശൻ

കൊച്ചി: എന്‍എസ്എസ്സുമായി കോണ്‍ഗ്രസിന് ഒരു അഭിപ്രായഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സമുദായവുമായി സംഘര്‍ഷവുമില്ല. സമുദായത്തിന് അവരവരുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ പാര്‍ട്ടിക്കും മുന്നണിക്കും അതുപോലെ സ്വാതന്ത്ര്യമുണ്ട്. എന്‍എസ് എസിനോടോ ഒരു സമുദായ സംഘടനകളുമായോ ഞങ്ങള്‍ക്ക് ശത്രുതയോ ഭിന്നതയോ ഇല്ല. യുഡിഎഫിന് എല്ലാവരോടും ഒരേ നിലപാടാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഏറ്റവും നിന്ദ്യമായ ഭാഷയിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ വിമര്‍ശിച്ചത്. എന്നാല്‍ താന്‍ ഒരു മറുപടി പോലും പറഞ്ഞില്ല. വളരെ വിനയത്തിന്റെ ഭാഷയില്‍ മാത്രമാണ് താന്‍ പ്രതികരിച്ചത്. അയ്യപ്പ സംഗമവുമായി സഹകരിക്കേണ്ട എന്ന് കോണ്‍ഗ്രസും യുഡിഎഫും നിലപാടെടുത്തത് രാഷ്ട്രീയ തീരുമാനമാണ്.

ഞങ്ങള്‍ ഞങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ, സമുദായ സംഘടനകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്ന് താന്‍ പറഞ്ഞതാണ്. യോഗക്ഷേമസഭ പോകേണ്ടെന്ന് തീരുമാനിച്ചു. എന്‍എസ്എസ് പോകാന്‍ തീരുമാനിച്ചു. അതെല്ലാം അവരുടെ തീരുമാനങ്ങളാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സര്‍ക്കാര്‍ കപടഭക്തിയുമായി വരുമ്പോള്‍ അതു ജനങ്ങള്‍ക്ക് മുന്നില്‍ തതുറന്നുകാണിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്.ഇപ്പോള്‍ അയ്യപ്പ ഭക്തിയുമായി വരുന്ന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമോ?, നാമജപഘോഷയാത്ര നടത്തിയതിന് എന്‍എസ്എസ് വനിതകള്‍ അടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമോ?, കഴിഞ്ഞ 9 കൊല്ലം ശബരിമല വികസനത്തിന് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ മാസ്റ്റര്‍പ്ലാനുമായി വരുന്നത് ആരെ കബളിപ്പിക്കാനാണ്?. ഈ മൂന്നു ചോദ്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതിലൊന്നിനും മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി നല്‍കിയിട്ടില്ല.

Signature-ad

ശബരിമലയിൽ കഴിഞ്ഞകാലഘട്ടത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് കേരളത്തിലെ വിശ്വാസികള്‍ക്ക് ബോധ്യമുണ്ട്. അയ്യപ്പ സംഗമത്തില്‍ കോണ്‍ഗ്രസ് പോയിരുന്നെങ്കില്‍ പിണറായി വിജയനെപ്പോലെ ഞങ്ങളും പരിഹാസപാത്രമാകുമായിരുന്നു. 4000 ലേറെ പേര്‍ വരുമെന്ന് പറഞ്ഞിട്ട് 600 ലേറെ പേര്‍ മാത്രമാണ് പങ്കെടുത്തത്. വിദ്വേഷപ്രസംഗം നടത്തുന്നവരെ ആനയിച്ചു കൊണ്ടുവന്നതും, മോദിയേക്കാള്‍ വര്‍ഗീയവാദിയായ യോഗി ആദിത്യനാഥിന്റെ പ്രസംഗം വായിച്ച് മന്ത്രി കോള്‍മയിര്‍ കൊണ്ടതിനെല്ലാം ഞങ്ങളും സാക്ഷിയാകേണ്ടി വരുമായിരുന്നു.മുഖ്യമന്ത്രി കടപഭക്തനായി അയ്യപ്പസംഗമത്തില്‍ അഭിനയിക്കുകയായിരുന്നു.

ആചാരലംഘനം നടത്താന്‍ വേണ്ടി ഇരുട്ടിന്റെ മറവില്‍ രണ്ടു സ്ത്രീകളെ പൊലീസിന്റെ പിന്‍ബലത്തോടെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സൗകര്യം ചെയ്ത സര്‍ക്കാരാണിത്. ലോകം കീഴ്‌മേല്‍ മറിഞ്ഞാലും ഇതില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അന്നു പ്രസ്താവിച്ചത്. ആചാരലംഘനം നടത്തുന്നത് നവോത്ഥാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതും കേരളം കണ്ടതല്ലേയെന്ന് വിഡി സതീശന്‍ ചോദിച്ചു.

Back to top button
error: