91 വയസ്സുകാരിയെ പീഡിപ്പിച്ചു, സ്വര്‍ണമാല കവര്‍ന്നു; അതിക്രമം വീടുകയറി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം കഠിനതടവും

തൃശൂര്‍: തൊണ്ണൂറ്റിയൊന്നുകാരിയോട് വീട്ടില്‍ കയറി ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണമാല കവരുകയും ചെയ്ത കേസില്‍ ഇരട്ടജീവപര്യന്തം തടവും 15 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട്, ആലത്തൂര്‍, കിഴക്കഞ്ചേരി, കണ്ണംകുളം സ്വദേശി വിജയകുമാറി(ബിജു-40)നാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വിവീജ സേതുമോഹന്‍ ശിക്ഷ വിധിച്ചത്.
2022 ഓഗസ്റ്റ് മൂന്നിന് വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികയെ അടുക്കളയില്‍നിന്ന് ബലമായി എടുത്തുകൊണ്ടുപോയി മുറിയില്‍വെച്ച് പീഡിപ്പിക്കുകയും കഴുത്തിലെ രണ്ടരപ്പവനോളം തൂക്കമുള്ള മാല ബലമായി കവരുകയും ചെയ്തെന്ന കേസ് ഇരിങ്ങാലക്കുട പോലീസാണ് എടുത്തത്. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടറായിരുന്ന അനീഷ് കരീമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അതിജീവിത സംഭവത്തിനുശേഷം എട്ടുമാസത്തിനകം മരിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പ്രതിയുടെ മുടികള്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കണ്ടെടുത്ത സ്വര്‍ണമാലയും കേസില്‍ പ്രധാന തെളിവായി. സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്കും മറ്റും തെളിവായി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്‍. രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. ബലാത്സംഗത്തിനും കവര്‍ച്ചയ്ക്കും ഇരട്ടജീവപര്യന്തവും ഭവനഭേദനക്കുറ്റത്തിന് 10 വര്‍ഷം കഠിനതടവും സ്ത്രീത്വത്തെ അപമാനിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവും അനുഭവിക്കണം. കൂടാതെ 1.35 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കാതിരുന്നാല്‍ 16 മാസം അധിക കഠിനതടവും അനുഭവിക്കണം. പിഴസംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയുടെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവില്‍ വ്യവസ്ഥയുണ്ട്. പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.






