Breaking NewsCrimeKeralaLead NewsNEWSNewsthen Special

വാഹനക്കടത്ത് രാജ്യ സുരക്ഷയ്ക്ക് ഭീഷണി; നടന്‍മാരെ ചോദ്യം ചെയ്യും; യൂസ്ഡ് കാറുകളുടെ ഇറക്കുമതി നിയമ വിരുദ്ധം; പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം; ഇന്ത്യന്‍, അമേരിക്കന്‍ എംബസികളുടെ വ്യാജ രേഖയുണ്ടാക്കി: കസ്റ്റംസിന്റേത് ഗുരുതര ആരോപണങ്ങള്‍

കൊച്ചി: ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി 36 വണ്ടികള്‍ പിടിച്ചെടുത്ത് കസ്റ്റംസ്. കഴിഞ്ഞ ആറുമാസമായി അന്വേഷണത്തിലായിരുന്നു. റജിസ്‌ട്രേഷന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ആര്‍മിയുടെവരെ രേഖകള്‍ വ്യാജമായി നിര്‍മിച്ചു. പലതിനും ഇന്‍ഷൂറന്‍സും ഫിറ്റ്‌നസും ഇല്ലായിരുന്നു. രണ്ട് വര്‍ഷമായി തട്ടിപ്പ് നടക്കുന്നെന്നും കസ്റ്റംസ്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി പറ്റില്ല.

പരിവാഹന്‍ വെബ്‌സൈറ്റിലും വ്യാപക കൃത്രിമം നടന്നെന്നു കസ്റ്റംസ് പറഞ്ഞു. വാഹനക്കടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ജിഎസ്ടി ഉള്‍പ്പെടെ വെട്ടിപ്പ് നടത്തി. ഇന്ത്യന്‍, അമേരിക്കന്‍ എംബസികളുടെ കൃത്രിമ രേഖയുണ്ടാക്കി. നിയമ വിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പനയെന്നും കസ്റ്റംസ്. ദുല്‍ഖറും അമിത് ചക്കാലയ്ക്കലും അടക്കമുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. നടന്‍മാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.

Signature-ad

അതേസമയം, കൊച്ചിയിലെ റെയ്ഡില്‍ നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചക്കാലക്കലിന്റെയും കാറുകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീടിന് സമീപത്തെ ഗാരേജിലും പരിശോധന നടന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ റെയ്ഡ് നടന്നങ്കിലും വാഹനങ്ങളൊന്നും പിടിച്ചെടുത്തില്ല. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയിലെത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ സംസ്ഥാന വ്യാപക പരിശോധന.

മമ്മൂട്ടിയുടെ ഇളംകുളത്തെ വീട്ടിലാണ് ദുല്‍ഖര്‍ സല്‍മാന്‍ താമസിക്കുന്നത്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി രാവിലെ എട്ടരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി. ദുല്‍ഖര്‍ വീട്ടില്‍ ഇല്ലായിരുന്നു. ദുല്‍ഖറിന്റെ തമിഴ്‌നാട് റജിസ്‌ട്രേഷന്‍ ഡിഫന്‍ഡറിന്റെ രേഖകളാണ് പ്രധാനമായി പരിശോധിച്ചത്. ഇതിനിടെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും എത്തി. പരിശോധനയ്‌ക്കൊടുവില്‍ വൈകിട്ട് നാലുമണിയോടെ കാര്‍ കസ്റ്റംസ് കൊണ്ടുപോയി.

പതിനൊന്നുമണിയോടെയാണ് മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടില്‍ കസ്റ്റംസ് എത്തിയത്. ഹോം സ്റ്റേ ആയി നല്‍കുന്ന ഈ വീടിന് സമീപത്തുതന്നെയുള്ള ഗാരേജിലായിരുന്നു പരിശോധന. മുമ്പ് മമ്മൂട്ടി ഉപയോഗിച്ചിരുന്ന പത്ത് കാറുകള്‍ ഗാരേജിലുണ്ട്. ആഡംബരക്കാറുകളുടെ പഴയ മോഡലുകളാണ് ഏറെയും. രേഖകള്‍ പരിശോധിച്ചെങ്കിലും ഒന്നും കസ്റ്റഡിയില്‍ എടുത്തില്ല.

അമിത് ചക്കാലക്കലിന്റെ വീട്ടിലായിരുന്നു നാടകീയ രംഗങ്ങള്‍. രണ്ട് ലാന്‍ഡ് ക്രൂസര്‍ കാറുകളും ഒരു ലക്‌സസും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു. ഇതില്‍ മധ്യപ്രദേശ് റജിസ്‌ട്രേഷനുള്ള ലാന്‍ഡ് ക്രൂസറും കേരള റജിസ്‌ട്രേഷനുള്ള ലക്‌സസും കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് കസ്റ്റംസ് അമിതിനെ അറിയിച്ചു. ഇതിനിടെ വീട്ടിലെത്തിയ അഭിഭാഷകരെ കസ്റ്റംസ് തടഞ്ഞതോടെ വാക്കേറ്റമായി. തുടര്‍ന്ന് പൊലീസിനെ വിളിച്ചു വരുത്തിയ ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാഹനങ്ങള്‍ കൊണ്ടുപോയി. ലാന്‍ഡ് ക്രൂസറിന്റെ ആദ്യ ഉടമ റഷ്യന്‍ എംബസിയാണെന്നും പല കൈ മറിഞ്ഞ് ഗോവന്‍ സ്വദേശിയില്‍ നിന്നാണ് താന്‍ വാങ്ങുന്നതെന്നും അമിത് ചക്കാലക്കല്‍ പ്രതികരിച്ചു.

ലക്‌സസ് കാര്‍ തന്റെ സുഹൃത്തിന്റേതാണെന്നും വര്‍ക്ഷോപ്പില്‍ കൊണ്ടുപോകുന്നതിനായി എത്തിച്ചതാണെന്നും അമിത് വിശദീകരിച്ചു. കസ്റ്റംസ് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ഇനി നേരിട്ട് ഹാജരായി മൊഴിനല്‍കുകയും വാഹനത്തിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും വേണം.

 

Back to top button
error: