പാകിസ്താന്‍ ഇനി ഇന്ത്യക്കെതിരേ ജയിക്കണമെങ്കില്‍ അസിം മുനീറും പിസിബി ചെയര്‍മാനും ബാറ്റിംഗിന് ഇറങ്ങണം; അമ്പയറായി മുന്‍ പാക് സുപ്രീം കോടതി ജസ്റ്റിസും വരണം: തോല്‍വിക്കു പിന്നാലെ പരിഹാസവുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെയും സര്‍ക്കാരിനെയും പരിഹസരിച്ച് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി, സൈനിക മേധാവി അസിം മുനീര്‍ എന്നിവരെ പരിഹസിച്ചാണ് ജയിലിലുള്ള ഇമ്രാന്‍ രംഗത്തുവന്നത്. ഇന്ത്യക്കെതിരേ പാകിസ്താനു വിജയിക്കണമെങ്കില്‍ നഖ്‌വിയെയും മുനീറിനെയും ഓപ്പണിംഗില്‍ ഇറക്കണമെന്നായിരുന്നു ഇമ്രാന്റെ പരിഹാസം.
ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തിലും ഇന്ത്യ മികച്ച രീതിയില്‍ പാകിസ്താനെ തോല്‍പിച്ചതോടെയാണു കടുത്ത ഭാഷയിലുള്ള പരിഹാസം. പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രികൂടിയായ ഇമ്രാന്റെ സഹോദരി അലീമ ഖാന്‍ ആണ് ഇമ്രാനെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹത്തിന്റെ വാക്കുകള്‍ വെളിപ്പെടുത്തിയത്.
അസിം മുനീറും നഖ്‌വിയും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായി ഇറങ്ങുന്നതിനൊപ്പം മുന്‍ പാക് ചീഫ് ജസ്റ്റിസ് ക്വാസി ഫയീസ് ഇസയും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ എന്നിവര്‍ അംപയര്‍മാരായും വരണമെന്നും അവര്‍ പറഞ്ഞു.
തേഡ് അംപയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ഫറാസ് ഡോഗറും എത്തണമെന്ന അലീമ കൂട്ടിച്ചേര്‍ത്തു. താനാണ് ഇമ്രാനോട് ഇന്ത്യക്കെതിരേയുള്ള പരാജയത്തെക്കുറിച്ചു പറഞ്ഞതെന്നും ഉടനടി അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നെന്നും അവര്‍ പറയുന്നു. നഖ്‌വിയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ അന്തകനെന്ന് എക്കാലത്തും ഇമ്രാന്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

മോശം ടീം മാനേജ്‌മെന്റും രാഷ്ട്രീയ അതിപ്രസരവും അധികാരക്കൊതി മൂത്ത ഉദ്യോഗസ്ഥരുമാണ് പാകിസ്താന്റെ ശാപമെന്നു മുമ്പുതന്നെ വിമര്‍ശനമുണ്ട്. അടുത്തിടെ പുതിയൊരു ഹെഡ്‌കോച്ചിനെ നിയമിച്ചതോടെയാണു പാക് ക്രിക്കറ്റ് ടീമിലെ അധികാര വടംവലിയെക്കുറിച്ചുള്ള ചര്‍ച്ചകളും പുറത്തുവന്നത്. നാലുവര്‍ഷത്തിനിടെ വന്ന ഏഴാമത്തെ കോച്ചാണിത്. നിരന്തരമായ പ്രതിസന്ധിയിലൂടെയാണു ടീം കടന്നുപോകുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍വരെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ച അസ്ഹര്‍ മഹമൂദിനെയാണ് ആക്ടിംഗ് ഹെഡ് കോച്ചായി നിയമിച്ചത്.
1996ല്‍ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വിയറിഞ്ഞതോടെയാണു ടീമിന്റെ ശനിദശ തുടങ്ങിയത്. ടി 20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരേ 4-1ന് ആണു പരാജയപ്പെട്ടത്. പിന്നാലെ നടന്ന ഏകദിനത്തിലും 3-0 എന്ന നിലയില്‍ നാണംകെട്ടു. കുറഞ്ഞുവരുന്ന ആരാധക പിന്തുണയ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ ആശങ്കകളും ടീമിന്റെ പ്രകടനത്തെ പിന്നോട്ടു കൊണ്ടുപോയി. മഹമൂദിന്റെ നിയമനത്തിലൂടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഒരു റീസെറ്റ് ബട്ടണ്‍ ഞെക്കാനാണ് ഉദ്ദേശിച്ചതെങ്കിലും കാര്യമാത്ര ഫലം കാണുമോ എന്നതിലും പലരും സംശയം ഉയര്‍ത്തിയിട്ടുണ്ട്.

ഇന്നു പാകിസ്താനിലെ സ്‌റ്റേഡിയങ്ങളില്‍ പലതും നവീകരണത്തിന്റെ അഭാവം അനുഭവിക്കുന്നതാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്കു കഷ്ടിച്ചുമാത്രമാണ് ഇവ ഉയരുന്നത്. പരിശീലന മൈതാനങ്ങള്‍, അക്കാദമികള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍പോലും കുറവ്. നിലവിലുള്ളതാകട്ടെ കാലഹരണപ്പെട്ടതും. ഇന്ത്യയിലെ സ്‌റ്റേഡിയം നവീകരണമെന്നത് ബുള്ളറ്റ് വേഗത്തിലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അക്കാദമികളിലേക്കും തള്ളിക്കയറ്റമുണ്ടാക്കി. എന്തിന് അഫ്ഗാനിസ്താനിലെ ക്രിക്കറ്റിനുപോലും ആനുപാതിക വളര്‍ച്ചയുണ്ടായെന്നു കറാച്ചിയിലെ ജിയോ ന്യൂസ് എഡിറ്റര്‍ ഫൈസന്‍ ലഖാനി പറഞ്ഞു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സ്റ്റേഡിയം നവീകരണങ്ങള്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നയിക്കുന്ന അക്കാദമികള്‍, അല്ലെങ്കില്‍ അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് നിലവാരത്തിലെ സ്ഥിരമായ ഉയര്‍ച്ച എന്നിവയുമായി പാക് ക്രിക്കറ്റിനെ താരതമ്യം ചെയ്യാന്‍ പോലുമാകില്ല. മുമ്പ് കറാച്ചിയിലെ ഒരാരോ പ്രദേശത്തിനും ഒരോ മൈതാനങ്ങളുണ്ടായിരുന്നു. ഇന്ന് അഞ്ചു പ്രദേശങ്ങള്‍ക്കുകൂടി ഒരെണ്ണം മാത്രമാണുള്ളത്. ഇന്റര്‍സ്‌കൂള്‍, ഇന്റര്‍ കൊളിജിയറ്റ് മത്സരങ്ങള്‍ അപൂര്‍വമായി. സ്‌പോര്‍ട്‌സിലെ പങ്കാളിത്തവും ഇതു കുറച്ചു. എന്നാല്‍, എല്ല കുറ്റങ്ങളും സ്‌റ്റേഡിയത്തിന്റെയും അക്കാദമികളുടെ അഭാവത്തിലോ കെട്ടിവയ്ക്കാനും കഴിയില്ല.
ഡാറ്റ, ഡാറ്റ സയന്‍സ്, ഡാറ്റ എന്‍ജിനീയറിംഗ് എന്നിവ തമ്മിലുള്ള വ്യത്യാസം ഇന്നും പാക് ക്രിക്കറ്റ് ബോര്‍ഡിനു മനസിലായിട്ടില്ലെന്നു റാഷിദ് ലത്തീഫ് പറഞ്ഞു. ഐപിഎല്‍ ഒരു വ്യവസായമായി മാറിയതും പിഎസ്എല്ലിന് (പാകിസ്താന്‍ സൂപ്പര്‍ ലീഗ്) വളരാന്‍ കഴിയാത്തതും അതുകൊണ്ടാണ്. ഓരോ വര്‍ഷം ചെല്ലുന്തോറും പിഎസ്എല്‍ ഒരു പടി താഴേക്കാണു പോകുന്നത്.
പാകിസ്താനിലെ അടിത്തട്ടിലെ ക്രിക്കറ്റ് പ്രോത്സാഹനത്തിനു നിര്‍ണായക പങ്കുവഹിച്ച പ്രദേശിക അസോസിയേഷനുകള്‍ ഉള്‍പ്പോര് നിമിത്തം ദുര്‍ബലമായി. പ്രദേശിക രാഷ്ട്രീയത്തിന്റെ ഇടപെടലും മറ്റൊരു കാരണമായി. ടൗണുകള്‍ കേന്ദ്രീകരിച്ചു ടീമുകള്‍ രൂപീകരിക്കുന്നതിലും പോരായ്മുണ്ടായി. പ്രത്യേക ക്ലബിന്റെ മാനേജ്‌ന്റെ്് നിയന്ത്രണം നേടുമ്പോള്‍ നഗരങ്ങളിലെ ടീമുകളിലേക്കു സ്വന്തം ആളുകളെ തിരുകിക്കയറ്റുന്നു. കഴിഞ്ഞ നവംബറില്‍ പാക് ക്രിക്കറ്റ് ഇതിഹാസം സൊഹൈബ് മഖ്‌സൂദ് സമാനമായ പ്രശ്‌നം ഒരു വീഡിയോയിലൂടെ പറഞ്ഞു. 2013 മുതല്‍ 2021 വരെ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ച മഖ്സൂദ്, വളര്‍ന്നുവരുന്ന കളിക്കാര്‍ക്ക് അവസരങ്ങളുടെ അഭാവം എടുത്തുകാണിച്ചു. നിലവിലെ ആഭ്യന്തര ക്രിക്കറ്റ് സജ്ജീകരണം താഴെത്തട്ടിലുള്ള കളിക്കാരുടെ വികസനത്തിന് സഹായകമാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഭകളെ അവഗണിക്കുകയും അല്ലാത്തവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതു ക്രിക്കറ്റിനും മങ്ങലുണ്ടാക്കി.
ഇന്ത്യ പോലുള്ള ക്രിക്കറ്റ് രാജ്യങ്ങള്‍ അവരുടെ എ-ടീം വ്യാപകമായി പര്യടനം നടത്തുന്നെന്ന് ഉറപ്പാക്കുമ്പോള്‍ പാകിസ്താനില്‍ ഇതിനെതിരേയാണ് ആളുകള്‍ നില്‍ക്കുന്നത്. ഇന്ത്യ ഒരിക്കല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ എ-ടീം നേരത്തേയെത്തി. ഇത്തരമൊരു പ്ലാനിംഗ് പാകിസ്താന് ഇന്നുമില്ല.
ഠ വിഷകരമായ പൊരുത്തക്കേട്
പിസിബിയിലെ നിയമനം രാഷ്ട്രീയക്കാര്‍ക്കു ചുറ്റും കറങ്ങുന്ന ഒന്നായി മാറി. പുതിയ ആളുകള്‍ വരുമ്പോള്‍ മുമ്പുണ്ടായിരുന്ന കളി രീതികള്‍ അപ്പാടെ അട്ടിമറിക്കുന്നു. ഇത് കളിക്കാരില്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പം ചില്ലറയല്ല. പിസിബി ചെയര്‍മാന്‍ സ്ഥാനം അടിക്കടി മാറുകയെന്നത് പാകിസ്താനിലെ പതിവു കാഴ്ചയായി. ഏഴ് മുഖ്യ പരിശീലകര്‍ മാറിവന്നു. ക്യാപ്റ്റന്‍സിയിലും നിരന്തരമായി മാറ്റമുണ്ടായി.
2023ല്‍ ലോകകപ്പിനു തൊട്ടുമുമ്പ് ബാബര്‍ അസമിനെ മുള്‍മുനയിലാക്കി പത്രക്കുറിപ്പ് പിസിബി പുറത്തിറക്കി. ഇതു ടീം മാനേജ്‌മെന്റും ടീമും തമ്മിലുള്ള വിള്ളലാണ് എടുത്തുകാട്ടിയത്. അന്നത്തെ ചെയര്‍മാന്‍ സാക്ക അഷ്‌റഫ്, ഡയറക്ടര്‍ ഉസ്മാന്‍ വല്ല തുടങ്ങിയ പിസിബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ ബാബര്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതിനിടെ ബാബറും പിസിബി സിഒഒയുമായി നടത്തിയ സംഭാഷണം ചോര്‍ന്നതും വിവാദമായി.
ഒക്‌ടോബര്‍ 30ന് പൊരുത്തക്കേടുകളില്‍ സഹികെട്ട് ഇന്‍സമാം ഉള്‍ഹഖ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സഥാനം രാജിവച്ചു. നവംബറോടെ എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ പദവി ബാബര്‍ അസമിനും നഷ്ടപ്പെട്ടു. ഷഹീന്‍ അഫ്രീദിയും ഷാന്‍ മസൂദും യഥാക്രമം ടെസ്റ്റ്, ടി20 ഐ ഫോര്‍മാറ്റുകളുടെ നിയന്ത്രണം ഏറ്റെടുത്തു. മുഹമ്മദ് ഹഫീസിനെ ദേശീയ പുരുഷ ടീമിന്റെ ഡയറക്ടറായി നിയമിച്ചതോടെ പുനഃസംഘടന തുടര്‍ന്നു. അതേസമയം മുന്‍ ഡയറക്ടര്‍ മിക്കി ആര്‍തറിന്റെയും മുഖ്യ പരിശീലകന്‍ ഗ്രാന്റ് ബ്രാഡ്ബേണിന്റെയും റോളുകള്‍ പരിമിതപ്പെടുത്തി.
2024 ന്റെ തുടക്കത്തില്‍ നേതൃമാറ്റങ്ങളുടെ പരമ്പരയുണ്ടായി. സാക്ക അഷ്‌റഫ് രാജിവച്ചു. മൊഹ്‌സിന്‍ നഖ്‌വി പിസിബി ചെയര്‍മാനായി. നഖ്‌വിയുടെ കാലാവധിയിലും താരങ്ങള്‍ക്കിടയിലെ രസതന്ത്രം മെച്ചപ്പെട്ടില്ല. 2024 മാര്‍ച്ചില്‍, ഷഹീന്‍ അഫ്രീദിയെ ടി20 ഐ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു പുറത്താക്കി ബാബറിനെ വീണ്ടും നിയമിച്ചു. വര്‍ഷം മുഴുവന്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായി. നിരവധി സ്റ്റാഫ്, മാനേജ്‌മെന്റ് ആളുകള്‍ മാറിമാറിവന്നു. പരിശീലകരായ ഗാരി കിര്‍സ്റ്റണ്‍, ജേസണ്‍ ഗില്ലസ്പി എന്നിവര്‍ രാജിവച്ചു. ടീമിനു സുതാര്യതയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു രാജി. 2025 മാര്‍ച്ചില്‍, സല്‍മാന്‍ അലി ആഘയെ പുതിയ ടി20 ഐ ക്യാപ്റ്റനായി തിരഞ്ഞെടുത്തു, മുഹമ്മദ് റിസ്വാന്‍ ഏകദിന ഫോര്‍മാറ്റില്‍ ടീമിനെ നയിച്ചു. പിസിബിയിലേക്കു പണമൊഴികിയതോടെ മാനേജീരിയല്‍ സ്റ്റാഫുകളുടെ ശമ്പളം ഒരുലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. ഇതു നിരവധി രാഷ്ട്രീയ നിയമനങ്ങള്‍ക്കു വഴിയൊരുക്കി.
പ്രതിഭകള്‍ നിറയെയുണ്ടെങ്കിലും താരങ്ങള്‍ക്കു മാനേജ്‌മെന്റിന്റെ പിന്തുണയില്ല. ഒന്നോ രണ്ടോ കളികളില്‍ പിന്നാക്കം പോയാല്‍ ക്യാപ്റ്റന്‍ പദവിയടക്കം തെറിക്കും. മിക്കി ആര്‍തര്‍ ഇല്ലായിരുന്നെങ്കില്‍ ബാബര്‍ അസം എന്ന കളിക്കാരന്‍പോലും ഉണ്ടാകുമായിരുന്നില്ല. മുന്‍ ക്രിക്കറ്റ് താരങ്ങളുടെ പങ്കാളിത്തം ടിവി ഷോകളിലും കമന്ററികളിലും മാത്രമായി ചുരുങ്ങി. ഷോയ്ബ് മാലിക്കിനെ നോക്കുക- യുവ കളിക്കാരെ ഉപദേശിക്കേണ്ട സ്ഥാനത്ത് ഇന്നും പ്രാദേശിക ടീമുകളെയാണു പ്രതിനിധീകരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ബഹളമാണ് കളിക്കാരെ വിലയിരുത്താന്‍ പോലും ഉപയോഗിക്കുന്നത്. മിന്നുന്ന ഇന്നിംഗ്‌സിനൊപ്പം ‘വൈറലായ’ ഒരു ഹാഷ് ടാഗും ടീമിലേക്കുള്ള വിളിക്ക് അത്യാവശ്യമാണ്്!
ഠ ഇന്ത്യ – പാകിസ്താന്‍
ഇന്ത്യ-പാക് മത്സരങ്ങള്‍ ആവേശകരമായ അനിശ്ചിതത്വങ്ങളുടേതായിരുന്നെങ്കില്‍ ഇന്നത് ഇന്ത്യയുടെ ഏകപക്ഷീയമായ ആധിപത്യത്തിലേക്കു മാറി. 2010 മുതല്‍, പാകിസ്ഥാനെതിരെ നടന്ന 17 ഏകദിനങ്ങളില്‍ 12 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. നാല് തോല്‍വികള്‍ മാത്രം. ഒന്നു സമനിലയായി. ടി20 മത്സരങ്ങളില്‍, ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 2010 മുതല്‍, ഇരു ടീമുകളും 11 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്, അതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ പാകിസ്ഥാന്‍ വിജയിച്ചിട്ടുള്ളൂ.
ഇന്ത്യക്കു സാമ്പത്തിക പിന്തുണയും വളര്‍ന്നുവരുന്ന പ്രതിഭകളുടെ കൂട്ടവുമുണ്ട്. എന്നാല്‍, പാകിസ്താന്‍ പരിമിതമായ ഫണ്ടുകളില്‍ ഒതുങ്ങുന്നു. കിട്ടുന്ന പണമാകട്ടെ താഴെത്തട്ടില്‍ എത്തുന്നുമില്ല. ലാഹോര്‍ ആക്രമണം പാകിസ്താനെ ആതിഥേയ രാജ്യമായി കരുതുന്നതില്‍നിന്ന് വിലക്കി. പാകിസ്താന്‍ ഒറ്റപ്പെട്ടു. സ്വന്തം മത്സരങ്ങള്‍ പോലും ദുബായില്‍ കളിക്കേണ്ടിവന്നു. ഈ പിച്ചുകള്‍ ആക്രമണത്തില്‍നിന്ന് പ്രതിരോധത്തിലേക്ക് അവരുടെ കളിയെ മാറ്റി.
സത്യസന്ധത, ക്ഷമ, സ്ഥിരത- എന്നീ പില്ലറുകള്‍ ഒരുക്കിയില്ലെങ്കില്‍ പാകിസ്താനു ക്രിക്കറ്റില്‍ ഭാവിയില്ലെന്നു വിദഗ്ധര്‍ അടിവരയിടുന്നു. സിസ്റ്റം അടിത്തട്ടില്‍നിന്നു നിര്‍മിക്കണം. ഭരണപരമായ മാറ്റങ്ങള്‍ ഇപ്പോള്‍ വരുത്തിയില്ലെങ്കില്‍, ഒരുകാലത്ത് മികച്ച ക്രിക്കറ്റ് രാഷ്ട്രമായിരുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ പാത പിന്തുടരാന്‍ പാകിസ്താന്‍ സാധ്യതയുണ്ട്.
Taking a jibe at Pakistan Cricket Board Chairman Mohsin Naqvi, jailed former cricketer-turned politician Imran Khan has said that he, along with Army Chief Asim Munir, should bat as openers if they want to win a cricket match against India. These sarcastic comments by Khan have come after India comfortably defeated Pakistan in two matches in the ongoing Asia Cup being held in Dubai.






