Breaking NewsLead NewsMovieNewsthen Special

മൂന്നാം വരവിനൊരുങ്ങി ജോർജുകുട്ടിയും കുടുംബവും!! ജീത്തു ജോസഫ്-മോഹൻ ലാൽ കൂട്ടുകെട്ടിൽ ദൃശ്യം- 3 ചിത്രീകരണം ആരംഭിച്ചു

കൊച്ചി: പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച ജോർജുകുട്ടിയും, കുടുംബവും വീണ്ടും എത്തുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ മെ​ഗാ വിജയം സമ്മാനിക്കുകയും ചെയ്ത ദൃശ്യം 1, ദൃശ്യം 2 വിനു ശേഷം ജോർജ് കുട്ടിയും കുടുംബവും മൂന്നാം വരവിനൊരുങ്ങുന്നു.

ജോർജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം – 3 എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളെജിൽ നടന്ന ലളിതമായ ചടങ്ങിൽ തുടക്കമിട്ടു. രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം മോഹൻലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം – 3 ആരംഭിക്കുവാൻ കഴിഞ്ഞതു ഇരട്ടിമധുരമാണ് നൽകുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫും, നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂരും പറഞ്ഞു.

Signature-ad

സെറ്റിലെത്തിയ മോഹൻലാലിനെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും, സംവിധായകൻ ജീത്തു ജോസഫും, പൂച്ചെണ്ട് നൽകി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകൾക്കു തുടക്കമിട്ടത്. മോഹൻലാൽ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോൾ അണിയാ പ്രവർത്തകരും ബന്ധു മിത്രാദികളും ചേർന്നു ഈ ചടങ്ങ് പൂർത്തീകരിച്ചു. ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും, മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിലേക്ക് കടന്നത്.
ചടങ്ങിനു ശേഷം ദദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം ഏറ്റുവാങ്ങാനായി ഡൽഹിയിലേക്കു പുറപ്പെട്ട മോഹൻലാൽ ഇരുപത്തിനാലു മുതൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും. ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ലായെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.നമുക്കു കാത്തിരിക്കാം ജോർജുകുട്ടിക്കും കുടുംബത്തിനുമായി. പിആർഒ- വാഴൂർ ജോസ്.

Back to top button
error: