Breaking NewsKeralaLead NewsNEWS

ഷാന്‍ വധക്കേസ്: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. നാലുപ്രതികള്‍ക്കാണ് സുപ്രീം കോടിതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ദീപങ്കര്‍ ദത്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ഹൈക്കോടതി നേരത്തെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യവസ്ഥകള്‍ എന്തെങ്കിലും ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് കൂട്ടിച്ചേര്‍ക്കാന്‍ അധികാരം ഉണ്ടായിരിക്കും എന്നീ ഉപാധികളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Signature-ad

ഷാന്‍ വധക്കേസിലെ ആര്‍എസ്എസുകാരായ ഒമ്പത് പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഹൈക്കോടതി വിധിക്കെതിരെ അഭിമന്യു, അതുല്‍, സനന്ദ് എന്നീ പ്രതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18-ന് വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ 15 പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.

 

Back to top button
error: