സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ്: വ്യക്തികള്‍ കയ്യേറിയത് സെന്റിന് 35 ലക്ഷം രൂപ വിലയുള്ള 12 കോടിയുടെ സ്ഥലം, തിരിച്ചുപിടിച്ചു

കൊച്ചി: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറി കൈവശം വച്ചിരുന്ന 12 കോടി രൂപ മൂല്യമുള്ള പുറമ്പോക്ക് സ്ഥലം റവന്യു ഉദ്യോഗസ്ഥര്‍ തിരികെ പിടിച്ചു. ടിവി സെന്ററിനു സമീപം 30-35 ലക്ഷം രൂപ സെന്റിന് വിലയുള്ള 35 സെന്റ് സ്ഥലമാണ് കണയന്നൂര്‍ തഹസില്‍ദാര്‍ ഡി.വിനോദിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. ഇവിടെ നിലമൊരുക്കല്‍ നടത്തിയിരുന്ന മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറി.
സ്ഥലത്തു നിന്നു മരങ്ങള്‍ മുറിച്ചു കടത്തിയതായും കണ്ടെത്തി. സ്ഥലത്തിന്റെ ഒരു ഭാഗം നേരത്തേ സ്വകാര്യ കെട്ടിട നിര്‍മാണ കമ്പനി സര്‍ക്കാരില്‍ പണമടച്ചു വാങ്ങിയിരുന്നു. ശേഷിക്കുന്ന സ്ഥലമാണ് ഏതാനും പേര് വേലികെട്ടി കൈവശപ്പെടുത്തിയിരുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു സ്ഥലം നിരപ്പാക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സിപിഐ തൃക്കാക്കര ലോക്കല്‍ സെക്രട്ടറി പ്രമേഷ് വി.ബാബു റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ സംഘം ഇന്നലെ സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തതും സ്ഥലം അളന്നു തിട്ടപ്പെടുത്തിയതും.
ഡപ്യൂട്ടി തഹസില്‍ദാര്‍ ബിനോ തോമസ്, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ സി.സി.ജോര്‍ജ് എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. റവന്യു വകുപ്പിന്റെ ഉടമസ്ഥാവകാശ ബോര്‍ഡ് ഇന്നു സ്ഥാപിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.






