Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘ആര്‍എസ്എസ് ബന്ധം വെള്ളാപ്പള്ളിയെ ഹീനമായ തലത്തില്‍ എത്തിച്ചു’; പരസ്പരം പുകഴ്ത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വീണ്ടും വൈറലായത് പത്തു വര്‍ഷം മുമ്പത്തെ ഫേസ്ബുക്ക് കുറിപ്പ്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്പരം പുകഴ്ത്തി രംഗത്തെത്തിയതിന് പിന്നാലെ, പിണറായിയുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നാണ് ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത്. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ഇപ്പോഴിതാ വെള്ളാപ്പള്ളിക്കെതിരെ 2015 ഒക്ടോബല്‍ അഞ്ചിന് പിണറായി വിജയന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് കമന്‍റുകളിലൂടെ കുത്തിപ്പൊക്കിയത്. ആർ എസ് എസിന്റെ  നാവുകടമെടുത്ത്  വെള്ളാപ്പള്ളി നടേശൻ സഖാവ് വി എസ്  അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

Signature-ad

ആർ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ വെള്ളാപ്പള്ളിയെ എത്രമാത്രം ഹീനമായ തലത്തിൽ  എത്തിക്കുന്നു എന്നാണ്  മുതിർന്ന  നേതാക്കളെ തുടർച്ചയായി അവഹേളിക്കുന്നതിലൂടെ  കാണാനാകുന്നത്.  ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഒരിക്കലും ഉൾക്കൊള്ളുന്നതല്ല ആർ എസ് എസ് രാഷ്ട്രീയം. അത്  തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല.

വർഗീയതയുടെ വഴിയിലേക്ക് നയിക്കാൻ ആര് ശ്രമിച്ചപ്പോഴും ചെറുത്തു നിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്.  “മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.”എന്ന ശ്രീനാരായണ വാക്യം നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ജനതയെ,  മാട്ടിറച്ചി ഭക്ഷിച്ചു എന്ന് ആരോപിച്ചു മനുഷ്യനെ തല്ലിക്കൊല്ലുന്ന വർഗീയ  ഭ്രാന്തിന്റെ അവസ്ഥയിലേക്ക്  വലിച്ചു കൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തിൽ വിജയിക്കില്ല.  – പിണറായി 2015ല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.  ഗുരുവിൻ്റെ ആശയങ്ങൾക്ക് സമൂഹത്തിൽ ഏറെപ്രസക്തി ഉണ്ടാക്കാനും എസ് എൻ ഡി പി യോഗം സാമ്പത്തികമായി വളരെയേറെ പുരോഗതി കൈവരിക്കാനും കഴിഞ്ഞത് വെള്ളാപ്പള്ളിയുടെ നേട്ടമായാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മുന്‍പ് എസ് എൻ ഡി പി കൺ വെൻഷൻ സെൻ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളിയെ വേദിയിലിരുത്തി മുഖ്യമന്ത്രി പുകഴ്ത്തി സംസാരിച്ചത്.

മുന്‍പ് വര്‍ഗീയ പരാമര്‍ശങ്ങളുടെയും ആര്‍എസ്എസ് ബന്ധത്തിന്‍റെയും പേരില്‍ വെള്ളാപ്പള്ളിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച പിണറായി ഇപ്പോള്‍ പുകഴ്ത്തുന്നതിനെ ഇരട്ടത്താപ്പിനെപ്പറ്റിയാണ് കമന്‍റുകളിലേറെയും.

Back to top button
error: