മോഹന്‍ലാലിന് അഭിനന്ദനങ്ങളുമായി മലയാളത്തില്‍ നരേന്ദ്ര മോദി; ‘മോഹന്‍ലാല്‍ ജി പ്രതിഭയുടെ പ്രതീകം; വരും തലമുറകള്‍ക്ക് പ്രചോദനം’

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തില്‍ മലയാളത്തിന്റെ മഹാനടന് മോഹൻലിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച പോസ്റ്റ് മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ‘മോഹൻലാൽ ജി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയ വൈഭവം യഥാർത്ഥ പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെയെന്നും അദ്ദേഹം കുറിച്ചു. ഒരുമിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പോസ്റ്റ്…
‘ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്ന അദ്ദേഹത്തിന്, കേരള സംസ്കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിന്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെ.’
ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്ന അദ്ദേഹത്തിന്, കേരള സംസ്കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്.തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും… https://t.co/4MWI1oFJsJ pic.twitter.com/MJp4z96RlV
— Narendra Modi (@narendramodi) September 20, 2025
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലിന് അഭിനനന്ദനങ്ങൾ നേര്‍ന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും അനുപമമായ അദ്ദേഹത്തിന്റെ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും പിണറായി വിജയന് ഫെയ്സ്ബുക്കില്‍ കുറിച്ചു. മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവരും അഭിനന്ദനങ്ങളുമായെത്തി. ഈ കിരീടം ലാല്‍ അർഹിക്കുന്നുണ്ടെന്നും, സന്തോഷവും അഭിമാനവുമുണ്ടെന്നും മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടിയും ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈ നേട്ടം സാധ്യമാക്കിത്തന്ന എല്ലാവര്ക്കും നന്ദിയെന്നും അത്യപൂര്‍വമായ കാര്യം, വലിയ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിലെ വലിയ ബഹുമതി. ഉള്പുളകത്തോടെ ഏറ്റുവാങ്ങുന്നു. ഒരുപാടുപേര്‍ക്കുള്ള പ്രചോദനമാണ്. ഈ സന്തോഷം എല്ലാവര്‍ക്കുമായും പങ്കുവയ്ക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുരസ്കാരം വൈകിയോ എന്ന ചോദ്യത്തിന് എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ എന്നായിരുന്നു മലയാളത്തിന്റെ പ്രിയ താരത്തിന്റെ മറുപടി.
ചെന്നൈയില്‍ ഷൂട്ടിങിനിടയില്‍ നിന്നാണ് മോഹന്‍ലാല്‍ സംസാരിച്ചത്. കിട്ടാവുന്ന വലിയൊരു അംഗീകാരമാണ് ഫാല്‍ക്കെ പുരസ്കാരമെന്നും തിരഞ്ഞെടുത്ത ജൂറിക്കും സര്‍ക്കാറിനും നന്ദിയെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ നേട്ടത്തില്‍ തന്റെ കൂടെ സഞ്ചരിച്ചിരുന്ന, ഇപ്പോള്‍ സഞ്ചരിക്കുന്ന, ഇനി സഞ്ചരിക്കാന്‍ പോകുന്ന എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിനും സിനിമാ കുടുംബത്തിലുള്ള ഓരോരുത്തര്‍ക്കും അദ്ദേഹം നന്ദി പറയുകയായിരുന്നു.
ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും ഈ ഒഴുക്കിനോടൊപ്പം സഞ്ചരിക്കാം അത് എവിടെക്കൊണ്ട് അവസാനിക്കുന്നുവോ അതുവരെ ഈ ജോലിയോട് സത്യസന്ധമായും കൂറ് പുലര്‍ത്തിയും ബഹുമാനപൂര്‍വവും താന്‍ മുന്നോട്ട് പോകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കിട്ടേണ്ടിയിരുന്നതായിരുന്നില്ലേ എന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല എല്ലാറ്റിനും അതിന്റേതായ സമയമില്ലേ ദാസാ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ‘വളരെ അധികം സന്തോഷമുണ്ട്. എനിക്ക് ഇങ്ങനെ പറയാനേ അറിയുള്ളൂ. എന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായി ഈ സന്തോഷം മുഴുവനും ഞാന്‍ പങ്കിടുന്നു’ മോഹന്‍ലാല്‍ പറഞ്ഞു.
ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ 2023 ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന് അര്‍ഹനായത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഫാല്‍ക്കെ. വാര്‍ത്താ വിജ്ഞാപന മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഭിനയം, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പുരസ്കാരം നല്‍കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഈ മാസം 23, ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും. 2004-ല്‍ മലയാളിയായ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിച്ചിരുന്നു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. കഴിഞ്ഞ വര്‍ഷം ഈ പുരസ്കാരം ലഭിച്ചത് നടന് മിഥുന് ചക്രവര്‍ത്തിക്കായിരുന്നു.






