‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ ഫ്രാന്‍സുമായി ബ്രിട്ടന്റെ പുതിയ കരാര്‍ ; നാടുകടത്തപ്പെട്ട ആദ്യയാള്‍ ഇന്ത്യാക്കാരന് ; ചെറിയ ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ പ്രവശിച്ചതിന് പിന്നാലെ നടപടി

ലണ്ടന്‍: ഫ്രാന്‍സുമായി ഒപ്പുവെച്ച പുതിയ കരാര്‍ പ്രകാരം യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് ആദ്യമായി നാടുകത്തപ്പെട്ടയാള്‍ ഇന്ത്യാക്കാരന്. ചെറിയ ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഏകദേശം ഓഗസ്റ്റ് ആദ്യവാരം എത്തിയതായി കരുതുന്ന പേര് വെളിപ്പെടുത്താത്ത ഈ വ്യക്തിയെ, ലണ്ടനും പാരീസും തമ്മില്‍ അടുത്തിടെ ഉണ്ടാക്കിയ ‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ എന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാനത്തില്‍ പാരീസിലേക്ക് അയച്ചു. നാടുകടത്തപ്പെട്ടയാള് ഫ്രാന്‍സില്‍ തിരിച്ചെത്തിയാല്‍, ഇന്ത്യയി ലേക്ക് മടങ്ങുന്നതിന് പണം നല്‍കിയുള്ള സ്വമേധയായുള്ള തിരിച്ചുപോക്ക് ഓപ്ഷന് വാഗ്ദാനം ചെയ്യും.
ഈ പദ്ധതി പ്രകാരം, അയാള്‍ക്ക് യുകെയില്‍ അഭയം തേടാന്‍ കഴിയില്ല. സ്വമേധയായുള്ള തിരിച്ചുപോക്ക് ഓപ്ഷന് അംഗീകരിച്ചി ല്ലെങ്കില്‍ നിര്‍ബന്ധിതമായി നാടുകടത്തല്‍ നേരിടേണ്ടി വന്നേക്കാം. പുതിയ യുകെ-ഫ്രാന്‍സ് ഉടമ്പടി പ്രകാരം, യുകെ ബോര്‍ഡര്‍ ഫോഴ്സ് തടഞ്ഞുവെച്ച കുടിയേറ്റക്കാരുടെ ആദ്യ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു ഇന്ത്യന്‍ പൗരനെ നാടുകടത്തി. ഓഗസ്റ്റില്‍ ആരംഭിച്ച ഈ പദ്ധതി 2026 ജൂണ്‍ വരെ പൈലറ്റ് സ്കീമായി തുടരും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ നാടുകടത്താന്‍ സാധ്യതയുണ്ട്.
പുതിയ അഭയമാര്‍ഗം വഴി ഫ്രാന്‍സില്‍ നിന്നുള്ളവരെയും യുകെ സ്വീകരിച്ചുതുടങ്ങുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി തടവിലാക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി ഓഗസ്റ്റില്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. അതായത്, 108% വര്‍ധനവോടെ എണ്ണം 2,715 ആയി.






