Breaking NewsLead NewsNewsthen Specialpolitics

കള്ളന്മാരെ സംരക്ഷിക്കുന്ന ഗ്യാനേഷ് കുമാർ!! വോട്ടുകള്ളന്മാരെ കയ്യോടെ പിടികൂടിയത് ഇങ്ങനെ..!! വിശദമായ റിപ്പോർട്ട്

വോട്ട് ചോരിയുമായി ബന്ധപ്പെട്ട ആദ്യ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി എവിടെയാണോ പറഞ്ഞു നിർത്തിയത് അവിടെനിന്നാണ് രണ്ടാമത്തെ പത്രസമ്മേളനം ആരംഭിച്ചത്. വ്യാജ വോട്ട് ചേർത്ത് തിരഞ്ഞെടുപ്പ് മോഷ്ടിക്കുന്നതിനെ പറ്റിയാണ് ഒന്നാം പത്ര സമ്മേളനത്തിൽ സംസാരിച്ചതെങ്കിൽ രണ്ടാമത്തെ പത്രസമ്മേളനത്തിൽ രാഹുൽ പ്രധാനമായും ഫോക്കസ് ചെയ്തത് വോട്ട് ഡിലീറ്റ് ചെയ്തു കൊണ്ട് എങ്ങനെയാണ് ഈ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ആക്രമിക്കുന്നത് എന്നാണ്. രാഹുൽ ഗാന്ധി എന്താണ് രാജ്യത്തോട് പറഞ്ഞത്, വിശദമായി തന്നെ പരിശോധിക്കാം:

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വോട്ട് മോഷണത്തിന് കൂട്ടുനിൽക്കുന്നു എന്ന ഗുരുതരാരോപണം ഉന്നയിച്ചു കൊണ്ടാണ് രാഹുൽ പത്രസമ്മേളനം ആരംഭിക്കുന്നത്. താനിത് വെറുതെ പറഞ്ഞു പോകുന്നതല്ലെന്നും, ലോക്സഭ പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്വത്തിൽ, പൂർണ്ണമായ ബോധ്യത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലും ഉന്നയിക്കുന്നതാണെന്നും രാഹുൽ വ്യക്തമാക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും, ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് വോട്ടർമാരെ ഇല്ലാതാക്കുന്നതിനായി “ആരോ” വ്യവസ്ഥാപിതമായി ലക്ഷ്യമിടുന്നു. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ അലാൻഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് 6018 വോട്ടർമാരെ നീക്കം ചെയ്യാൻ ആരോ ശ്രമിച്ചു, യാദൃശ്ചികമായി അത് പിടിക്കപ്പെട്ടു. അലാൻഡിൽ നിന്ന് യഥാർത്ഥത്തിൽ എത്ര വോട്ടുകൾ ആണ് ഡിലീറ്റ് ചെയ്തത് എന്ന യഥാർത്ഥ നമ്പർ നമുക്ക് വ്യക്തമല്ല, പിടിക്കപ്പെട്ടത് മാത്രമാണ് 6018 വോട്ടുകൾ, യഥാർത്ഥ സംഖ്യ ഇതിലും വലുതായിരിക്കാം എന്ന് രാഹുൽഗാന്ധി പറയുന്നു.

Signature-ad

കർണാടകയിൽ ഒരു ബൂത്ത് ലെവൽ ഓഫീസർ തന്റെ മാമന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത് ശ്രദ്ധിക്കുന്നു. തുടർന്ന് ആരാണ് ഒഴിവാക്കാനായി അപേക്ഷ നൽകിയത് പരിശോധിക്കുമ്പോൾ അയൽക്കാരനാണെന്ന് മനസ്സിലാവുകയും തുടർന്ന് അയൽക്കാരനോട് ഇതേപ്പറ്റി അന്വേഷിക്കുകയും ചെയ്യുന്നു. എന്നാൽ ഡിലീറ്റ് ചെയ്യാനായി അങ്ങനെ ഒരു അപേക്ഷ താൻ നൽകിയിട്ടില്ല എന്ന് അയൽക്കാരൻ വ്യക്തമാക്കിയതോടെ ഇത്തരത്തിൽ നടക്കുന്ന വ്യാജ ഒഴിവാക്കലുകളെ തിരിച്ചറിയാൻ അത് സഹായിച്ചു. രാഹുൽ ഗാന്ധി പുറത്തുവിട്ട തെളിവുകൾ പ്രകാരം ഒരു കേന്ദ്രീകൃത ക്രിമിനൽ ഓപ്പറേഷനിലൂടെയാണ് ഇത്തരത്തിൽ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നത്. അലൻഡിൽ 6018 വോട്ടർമാരെ ഒഴിവാക്കാനായി ഉപയോഗിച്ചത് കർണാടകയ്ക്ക് പുറത്തുള്ള നമ്പരുകളാണ്. കോൺഗ്രസ് വോട്ടുകൾ ടാർഗറ്റ് ചെയ്താണ് ഈ ഓപ്പറേഷൻ നടന്നത്. പ്രതിപക്ഷത്തിനെ പിന്തുണയ്ക്കുന്ന ആദിവാസികൾ, ദളിതർ, ന്യൂനപക്ഷങ്ങൾ, പിന്നൊക്കെ വിഭാഗങ്ങൾ എന്നീ വിഭാഗങ്ങളെയാണ് പ്രധാനമായും ടാർഗറ്റ് ചെയ്യുന്നത്.

നമുക്ക് ഒരു ഉദാഹരണം നോക്കാം: ഗോദഭായ് എന്ന 63കാരി 12 പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിട്ടുള്ളത്. 12 അയൽക്കാരുടെ പേരുകൾ തിരഞ്ഞെടുപ്പ് പട്ടികൾ ഒഴിവാക്കാനായി ഗോദഭായ് ഉപയോഗിച്ചത് കർണാടകയ്ക്ക് പുറത്തുള്ള 12 നമ്പരുകൾ. രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനത്തിൽ തന്നെ താൻ ഇങ്ങനെ ഒരു അപേക്ഷകൾ നൽകിയിട്ടില്ല എന്ന് ഗോദഭായ് തന്നെ നേരിട്ട് വ്യക്തമാക്കുന്നുണ്ട്. അപ്പോൾ ആരാണ് ഇതൊക്കെയും ചെയ്തത്? ഈ 12 നമ്പറുകൾ ആരുടേതാണ്? ആരാണ് ഈ നമ്പറുകൾ ഉപയോഗിക്കുന്നത്. നമുക്ക് മറ്റൊരു ഉദാഹരണം നോക്കാം, സൂര്യകാന്ത് എന്ന വോട്ടറുടെ ഐഡന്റിറ്റി ഉപയോഗിച്ചുകൊണ്ട് 14 മിനിറ്റിൽ 12 വോട്ടുകൾ നീക്കം ചെയ്തതിനുള്ള അപേക്ഷകൾ നൽകി. സൂര്യകാന്തിന് ഇങ്ങനെ ഒരു സംഭവം നടന്നതായി പോലും അറിയില്ല എന്ന് അദ്ദേഹം തന്നെ പത്രസമ്മേളനത്തിൽ നേരിട്ട് വ്യക്തമാക്കി. സമാനമായി നാഗരാജ് എന്നയാൾ രണ്ട് വോട്ടർമാരെ ഒഴിവാക്കുന്നതിനായി അപേക്ഷ നൽകിയത് വെളുപ്പിന് നാലുമണിക്ക് കേവലം 36 സെക്കൻഡുകൾ കൊണ്ടാണ്. ഒരിക്കലും 36 സെക്കൻഡുകൾ കൊണ്ട് ഇത്തരത്തിൽ രണ്ട് അപേക്ഷകൾ നൽകാൻ ഒരു മനുഷ്യന് കഴിയുകയില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് ഇത് നടക്കുന്നത്?

ഇത് കേന്ദ്രീകൃതമായി നടത്തിയ അട്ടിമറിയാണെന്ന് എന്തുകൊണ്ട് താൻ ആരോപിക്കുന്നു എന്ന് രാഹുൽഗാന്ധി വ്യക്തമാക്കുന്നുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കാനായി അപേക്ഷ നൽകിയ ആളുകളുടെ എല്ലാം പേരുകൾ വോട്ടർപട്ടികയിൽ സീരിയൽ നമ്പർ ഒന്നാണ്. അതായത് ഒഴിവാക്കണമെന്ന് അപേക്ഷ നൽകിയ ആളുകളെല്ലാം അതത് ബൂത്തിലെ ഒന്നാമത്തെ വോട്ടർ ആണ്. ലളിതമായി ഭാഷയിൽ പറഞ്ഞാൽ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ബൂത്തിലെ ഒന്നാം നമ്പർ ആയ വോട്ടറുടെ ഐഡന്റിറ്റി ഉപയോഗിച്ചുകൊണ്ട് നടത്തിയ വലിയ രീതിയിലുള്ള കേന്ദ്രീകൃതമായ അട്ടിമറിയാണ് ഇത്. ഒരിക്കലും താഴെ തട്ടിൽ നിന്ന് കൊടുത്ത പരാതികൾ അല്ല, കോൾ സെന്റർ ലെവലിൽ നടന്നതാണെന്നും രാഹുൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ഡിലീറ്റ് ചെയ്ത പത്തു ബൂത്തുകൾ കോൺഗ്രസിന്റെ കോട്ടകളാണ്, 2018 തിരഞ്ഞെടുപ്പിൽ ഈ പത്ത് ബൂത്തുകളിൽ എട്ടിലും മേൽക്കൈ കോൺഗ്രസിന് ആയിരുന്നു. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യം വച്ച് നടന്ന ആസൂത്രിതമായ ഒഴിവാക്കലുകൾ ആയിരുന്നു ഇവ.

എന്തുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഈ അട്ടിമറിക്കി കൂട്ടുനിന്നുവെന്ന് താൻ പറയുന്നു എന്നത് തെളിവ് സഹിതം രാഹുൽ ഗാന്ധി വ്യക്തമാക്കുന്നുണ്ട്. കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അഥവാ സിഐഡി ഈ വിഷയത്തിൽ എഫ്ഐആർ ഇടുകയും ഇതു സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ 18 മാസങ്ങളിലായി 18 കത്തുകളയുകയും അയക്കുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരങ്ങൾ കർണാടക സിഐഡി നൽകാൻ കൂട്ടാക്കുന്നില്ല. എവിടെ നിന്നാണ് ഈ ഫോമുകൾ ഫിൽ ചെയ്യപ്പെട്ടത്, ഈ ആപ്ലിക്കേഷനുകൾ നൽകിയ ഡിവൈസുകളുടെ ഡെസ്റ്റിനേഷൻ പോർട്ടുകൾ ഏതൊക്കെയാണ്, ഇതിനായി ലഭിച്ച ഒ ടിപി ട്രെയിൽസ് വിവരങ്ങൾ എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സിഐഡി ആവശ്യപ്പെട്ടത്. 18 തവണ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിട്ടും ഈ വിവരങ്ങൾ തരാത്തത് എന്തുകൊണ്ടാണ്? ഈ തെളിവുകൾ സിഐഡിക്ക് ലഭിച്ചാൽ ഇത് ആരാണ് ചെയ്തത് എന്നത് പുറത്ത് വരും, അത് ഒഴിവാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ തെളിവുകൾ നൽകാത്തതെന്നും രാഹുൽ ഗാന്ധി ആരോപിക്കുന്നു. കർണാടക സിഐഡി പലതവണ തെളിവുകൾ ആവശ്യപ്പെട്ടതിന് പുറമേ, കർണാടക തിരഞ്ഞെടുപ്പ് കമ്മിഷനും ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നും ഇതു സംബന്ധിച്ച മുഴുവൻ വിവരങ്ങളും വേണമെന്നും പലതവണ ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴും ഈ വിവരങ്ങൾ തരാൻ ദശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ സന്നദ്ധമായിരുന്നില്ല. ഇത് വ്യക്തമാക്കുന്നത് ഒരൊറ്റ കാര്യമാണ്, ഗ്യാനേഷ് കുമാർ എന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഈ വോട്ട് മോഷണം നടത്തിയവരെ സംരക്ഷിക്കുകയാണ്.

ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിവരങ്ങൾ തരാത്തിടത്തോളം അവർ ഇന്ത്യൻ ജനാധിപത്യത്തെ കൊല ചെയ്യുന്നവരെ സഹായിക്കുകയാണ് എന്ന് രാജ്യം തിരിച്ചറിയണമെന്ന് രാഹുൽ ഗാന്ധി പറയുന്നു. ഇന്ത്യയുടെ ഭാവിയും പ്രതീക്ഷയും എല്ലാം ഈ ഭരണഘടനയാണ്, ഇവിടെ വോട്ട് കൊള്ള നടത്തുന്നവർ അട്ടിമറിക്കാൻ ശ്രമിക്കുന്നതും ഇതേ ഭരണഘടനയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇതിനോടൊപ്പം തന്നെ മഹാരാഷ്ട്രയിലെ രജുര അസംബ്ലി മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് സ്കാമിനെ പറ്റിയും രാഹുൽ സംസാരിക്കുന്നുണ്ട്. 6850 വ്യാജ വോട്ടുകളാണ് ഓൺലൈൻ അപേക്ഷകൾ മുഖേന രാജുര അസംബ്ലിയിൽ ചേർക്കപ്പെട്ടതെന്ന്. വ്യാജമായ പേരുകൾ, വ്യാജമായ അഡ്രസ്സുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച അടുത്ത വ്യാജമായ വോട്ടുകളാണ് ഇവ എന്ന് രാഹുൽഗാന്ധി തെളിവുകൾ ചൂണ്ടിക്കാട്ടി സംസാരിക്കുന്നു. രജുര അസംബ്ലിയിൽ വ്യാജമായി പേരുചർത്തപ്പോൾ അലൻഡിയിൽ നടന്നത് വ്യാജമായ ഒഴിവാക്കലുകൾ ആയിരുന്നു. ഇതിനെല്ലാം പിന്നിലുള്ളത് ഒരേ വോട്ടുമോഷണ ഫാക്ടറി ആണെന്നും രാഹുൽ പറയുന്നു.

ഒരാഴ്ചയ്ക്കകം ഈ വിവരങ്ങളെല്ലാം കർണാടക സിഐഡിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകണം എന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. എന്നാൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളോട് സത്യസന്ധമായി ഇടപെടാൻ തയ്യാറാവാതെ ഇരുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തവണയും അതേ സമീപനം തുടരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്രസക്തമായ മറ്റെന്തൊക്കെയോ മറുപടികൾ നൽകി ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ സമീപനങ്ങളെ വിമർശിച്ച് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമീപനങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാവുന്നില്ല എന്ന് തന്നെയാണ് നാം മനസ്സിലാക്കേണ്ടത്. വോട്ടു കള്ളന്മാരെ ഗ്യാനേഷ് കുമാർ സംരക്ഷിക്കുന്നു എന്ന രാഹുലിന്റെ ആരോപണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ സമീപനം കൂടുതൽ ശക്തി പകരുന്നുണ്ട്.

രാജ്യത്ത് വോട്ടുമോഷണം നടത്തുന്നവരെ കൈയോടെ പിടികൂടുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും. ദേശസ്നേഹികളായ ഓരോ ഭാരതീയരും ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയെ അഭിനന്ദിക്കേണ്ടതുണ്ട്. കാരണം അയാൾ സംസാരിക്കുന്നത് ഈ രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ്. രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തെളിയിക്കാത്തടത്തോളം രാഹുലിനൊപ്പം നാം നിൽക്കേണ്ടത് ഈ രാജ്യത്തിന്റെ തന്നെ ആവശ്യമാണ്. രാഹുൽ ഇന്നലെ പറഞ്ഞതുപോലെ കേവലം ഒരു രാഹുൽഗാന്ധി വിചാരിച്ചാൽ ഇവിടെ ഇതെല്ലാം അവസാനിപ്പിക്കാൻ കഴിയില്ല അതിന് ഈ രാജ്യത്തെ ഓരോ പൗരന്മാരും മനസ് വയ്ക്കേണ്ടതുണ്ട്. ഈ രാജ്യത്ത് സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. പൊതു തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുമ്പോൾ അതിനോടൊപ്പം അട്ടിമറിക്കപ്പെടുന്നത് ഈ രാജ്യത്തിന്റെ ജനാധിപത്യവും പൗരന്മാരുടെ അവകാശങ്ങളുമാണ്.

Back to top button
error: