Breaking NewsCrimeLead NewsNEWS

ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടു; യുവാവിന്റെ തലയടിച്ചു പൊട്ടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍; ഗുണ്ടായിസത്തിനെതിരേ കളമശേരിയില്‍ നാട്ടുകാരുടെ വന്‍പ്രതിഷേധം

കൊച്ചി: ഹെഡ്ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ട യുവാവിന്റെ തല ഇരുമ്പ് ലിവര്‍ കൊണ്ട് ബസ് ഡ്രൈവര്‍ അടിച്ചുപൊട്ടിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെ കളമശേരിയില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. മൂന്ന് മണിക്കൂറിലേറെ ബസ് വളഞ്ഞിട്ട നാട്ടുകാര്‍ക്കിടയില്‍ നിന്ന് അര്‍ധരാത്രിയോടെ നാടകീയമായാണ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സൂര്യ എന്ന ബസിന്റെ ഡ്രൈവറാണ് തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശി ജിജോ ജോര്‍ജിനെ (46) ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേര്‍ത്തല എഴുപുന്ന സ്വദേശി അനുഹര്‍ഷ് ജനാര്‍ദനനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴം രാത്രി കളമശേരി അപ്പോളോ ജംക്ഷനില്‍ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. മറ്റൊരു ബസ് കാത്തുനില്‍ക്കുകയായിരുന്ന ജിജോ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഇട്ടുവന്ന ബസ് ഡ്രൈവറോട് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഡ്രൈവര്‍ സീറ്റില്‍നിന്നു ലിവറുമായി ഇറങ്ങി ജിജോയെ ആക്രമിക്കുന്നത് കണ്ട് സംഭവ സ്ഥലത്തുണ്ടായിരുന്ന ലോറി ഡ്രൈവര്‍മാര്‍ ഓടിയെത്തി. ഇതോടെ ഇവര്‍ക്കു നേരെയും ബസ് ഡ്രൈവര്‍ ആക്രമണം അഴിച്ചുവിട്ടു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുന്നതു കണ്ട് ബസ് ഡ്രൈവര്‍ ബസില്‍ കയറി ഡോര്‍ അടച്ചു. നാട്ടുകാര്‍ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം വളയുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Signature-ad

ബസിന്റെ നാല് ടയറുകളടക്കം കുത്തിപ്പൊട്ടിച്ച നാട്ടുകാര്‍ പൊലീസ് ജീപ്പും ആക്രമിച്ചു. പൊലീസ് ഇടപ്പെട്ടിട്ടും മയപ്പെടാതിരുന്ന നാട്ടുകാര്‍ ബസ് ഡ്രൈവറെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചും പ്രതിഷേധിച്ചു. സംഭവം വന്‍ഗതാഗത കുരുക്കിനും ഇടയാക്കി.

 

Back to top button
error: