കടുത്ത മദ്യപാനം ആരോഗ്യമില്ലാതാക്കി, അന്ന് തിരികെ പിടിച്ച ജീവിതം, പക്ഷെ…; റോബോ ശങ്കറിന് സംഭവിച്ചത്

തമിഴ് നടന്‍ റോബോ ശങ്കറിന്റെ മരണം ഇതിനോടകം വലിയ വാര്‍ത്തയായിട്ടുണ്ട്. 46 വയസിലാണ് ശങ്കറിന്റെ മരണം. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ നടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കുടുംബത്തിനും തമിഴ് സിനിമാ ലോകത്തിനും വലിയ നഷ്ടമാണ് ഈ വിയോഗം. കോമഡി വേഷങ്ങളിലൂടെ ജനപ്രീതി നേടിയ റോബോ ശങ്കര്‍ തന്റെതായ സ്ഥാനം സിനിമാ രംഗത്ത് നേടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ശങ്കറിനെ അലട്ടുന്നുണ്ട്. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ശങ്കര്‍ ആശുപത്രിയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് കുറച്ച് കാലം സിനിമാ രംഗത്ത് നിന്നും മാറി നിന്നു.
ഇതേക്കുറിച്ച് റോബോ ശങ്കര്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. മദ്യപാനത്തിന് താന്‍ അടിമപ്പെട്ടിരുന്നു എന്നാണ് റോബോ ശങ്കര്‍ പറഞ്ഞത്. മദ്യപാനം ആരോഗ്യത്തെ ബാധിച്ചു. ജീവന്‍ അപകടാവസ്ഥയിലായിരുന്നു. ആരും മദ്യപാനത്തിലേക്ക് പോകരുതെന്നും റോബോ ശങ്കര്‍ അന്ന് പറഞ്ഞു. ഇതേക്കുറിച്ച് ബാലാജി പ്രഭു സംസാരിക്കുന്നുണ്ട്. നല്ല കലാകാരനായിരുന്നെങ്കിലും മദ്യപാനിയായിരുന്നു ശങ്കര്‍.
രണ്ട് വര്‍ഷത്തിന് മുമ്പ് ക്രിറ്റിക്കലായ സാഹചര്യത്തിലായിരുന്നു റോബോ ശങ്കര്‍. ആറ് മാസത്തിന് മുകളില്‍ വീട്ടില്‍ നിന്ന് ചികിത്സയെടുത്തു. ശങ്കര്‍ 120 കിലോ ഭാരമുള്ളയാളായിരുന്നു. പെട്ടെന്ന് മെലിഞ്ഞു. ഫോട്ടോകള്‍ കണ്ട് എന്തുപറ്റിയെന്ന ചോദ്യങ്ങള്‍ വന്നു. ട്രീറ്റ്‌മെന്റ് കൊടുത്ത് ശങ്കറിനെ അന്ന് രക്ഷപ്പെടുത്തിയതില്‍ വലിയ പങ്ക് ജേര്‍ണലിസ്റ്റ് നക്കീരന്‍ ഗോപാലനാണ്. അദ്ദേഹത്തിന് അറിയാവുന്ന ഡോക്ടര്‍ ആണ് റോബോ ശങ്കറിന്റെ കരള്‍ രോഗത്തിന് ട്രീറ്റ്‌മെന്റ് കൊടുത്തത്. അന്ന് റോബോ ശങ്കറിനെ രക്ഷപ്പെടുത്തി കൊണ്ട് വന്നു. എന്നാല്‍ പിന്നീട് വീണ്ടും ലിവര്‍ ഫെയിലര്‍ സംഭവിച്ച് റോബോ ശങ്കര്‍ മരിച്ചെന്നും ബാലാജി പ്രഭു ചൂണ്ടിക്കാട്ടി.
ആരോഗ്യം വീണ്ടെടുത്ത് വീണ്ടും റോബോ ശങ്കര്‍ അഭിനയ രംഗത്ത് സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ടെലിവിഷന്‍ താരം പ്രിയങ്കയാണ് ഭാര്യ. മകള്‍ ഇന്ദ്രജ സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.






