Breaking NewsIndiaLead NewsNEWS

രാഹുലിന്റെ ‘ജെന്‍സി’ പ്രയോഗം; ബിജെപിക്ക് ഭയമോ? രാഷ്ട്രീയ അരാജകത്വം പടര്‍ത്താന്‍ നീക്കമാണെന്ന് ആരോപണം

ന്യൂഡല്‍ഹി: വോട്ട് കൊള്ള, വോട്ടര്‍പട്ടികയിലെ തിരിമറി അടക്കം ഗുരുതര ആരോപണങ്ങള്‍ കേന്ദ്രത്തിനും ഇലക്ഷന്‍ കമ്മീഷനുമെതിരെ ശക്തമായി ഉന്നയിച്ച കോണ്‍ഗ്രസ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുപ്പിച്ച് ബിജെപി. രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലെ ‘ജെന്‍സി’ പരാമര്‍ശം രാജ്യത്ത് അരാജകത്വം പടര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി. വോട്ടര്‍പട്ടിക ആരോപണം രാഹുല്‍ ഉന്നയിച്ചത് യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി.

”ഭരണഘടനയെ സംരക്ഷിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യും.” എന്ന രാഹുല്‍ ഗാന്ധിയുടെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍, രാജ്യത്തെ യുവാക്കള്‍, രാജ്യത്തിന്റെ വിദ്യാര്‍ത്ഥികള്‍, രാജ്യത്തിന്റെ ജെന്‍സി വിഭാഗങ്ങളെ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നു. നേപ്പാളില്‍ കഴിഞ്ഞ ദിവസം നടന്ന ജെന്‍സി പ്രക്ഷോഭം അയല്‍രാജ്യമായ ഇന്ത്യയും വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ജെന്‍സി പരാമര്‍ശത്തെ ബിജെപി ശക്തമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. സമാന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ ബിജെപി ആരോപണം.

Signature-ad

തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടര്‍മാരെയും അപമാനിക്കുന്നതാണ് രാഹുലിന്റെ ആരോപണങ്ങളെന്നും ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ഇത് ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുമെന്നും നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി.

അതേസമയം, വോട്ടര്‍ പട്ടിക ക്രമക്കേടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേള്‍ക്കാതെ ഓണ്‍ലൈനായി രാഹുല്‍ഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഓണ്‍ലൈനായി വോട്ട് ഒഴിവാക്കുന്നതിനുള്ള സാധ്യതയില്ല. വോട്ടറിനെ കേള്‍ക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂര്‍ത്തീകരിക്കാനുമാകില്ല. രാഹുല്‍ ?ഗാന്ധി ഉന്നയിച്ചിരിക്കുന്ന ഈ ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണ്. അന്ന് ചില ക്രമക്കേടുകള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷന്‍ അറിയിച്ചു.

 

Back to top button
error: