‘ബിജെപിയുടെ ഗൂഢ പദ്ധതികൾ ഒന്നും തിരിച്ചറിയാനാവാത്ത സമുദായ നേതാക്കളോട്, പ്രത്യേകിച്ച് കത്തോലിക്കാ മെത്രാന്മാരോടും കത്തോലിക്കാ പ്രസ്ഥാനങ്ങളുടെ നേതാക്കളോടും ഹാ കഷ്ടം എന്നു മാത്രമേ പറയാനുള്ളൂ’…

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പള്ളികളിലേക്കും കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകളുടെ വീട്ടിലേക്കും വിവിധ കോളനികളിലേക്കും സുരേഷ് ഗോപി യാത്രകൾ നടത്തിയത് വോട്ടർ പട്ടികയിലെ കൊള്ള പുറത്തറിയാതിരിക്കാൻ ആണ് എന്ന് പറയുന്നത് തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞിട്ടില്ല. സുരേഷ് ഗോപി തൃശ്ശൂർ ജയിച്ചത് വോട്ട് കൊള്ളയിലൂടെയാണോ എന്ന സംശയവും തൃശൂർ രൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിലെ ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകൻ എംഎ ജോൺസൺ എഴുതിയ ലേഖനത്തിൽ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ഉണ്ടായ വോട്ടർമാരുടെ എണ്ണത്തിലെ അവിശ്വസനീയമായ വർദ്ധനവും ബിജെപിയുടെ വോട്ട് മോഷണ തന്ത്രങ്ങളും വളരെ വ്യക്തമായി തന്നെ വിശകലനം ചെയ്യുന്നുണ്ട്.
2014 നിന്ന് 2019 ലേക്ക് എത്തിയപ്പോൾ തൃശ്ശൂർ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് 4.88 ശതമാനമാണ്. എന്നാൽ ഇത് 2019ൽ നിന്ന് 2024 ലേക്ക് എത്തിയപ്പോൾ വർദ്ധനവ് 10.99 ശതമാനമായി. കൃത്യം പറഞ്ഞാൽ 1,46,673 വോട്ടർമാരുടെ വർദ്ധനവ്. സംസ്ഥാനത്തെ വോട്ടർ ശരാശരി 2019 അപേക്ഷിച്ചു കുറഞ്ഞപ്പോൾ തൃശ്ശൂരിൽ ഉണ്ടായത് 6.11 ശതമാനം വോട്ടുകളുടെ വർദ്ധനവ്. 2019 നെക്കാൾ 2024 ൽ വോട്ട് നിരക്കു കൂടിയത് വടകരയിലും ആലത്തൂരും കോട്ടയത്തും മാത്രമാണ്, അതും യഥാക്രമം 1.22%, 1.63%, 0.18% എന്നിങ്ങനെ. അതായത് 2019 നെ അപേക്ഷിച്ചു സംസ്ഥാനത്ത് ശരാശരി വോട്ട് വർദ്ധനവ് കുറഞ്ഞു, വർദ്ധനവ് ഉണ്ടായ വളരെ ചുരുക്കം മണ്ഡലങ്ങളിൽ പോലും വർധനവ് ഉണ്ടായത് നേരിയ രീതിയിലുമാണ്. ഈ സാഹചര്യത്തിലാണ് തൃശൂർ മണ്ഡലത്തിലെ വോട്ട് വർദ്ധ നിരക്കിലെ 6.11 ശതമാനം എന്നത് സംശയാസ്പദമാകുന്നത് എന്നും സുരേഷ് ഗോപിയുടെ 74686 വോട്ടുകളുടെ വിജയത്തെ ഇതിനോട് ചേർത്തു വായിക്കാം എന്നും ലേഖനത്തിൽ പറയുന്നു. ഒരു ലക്ഷത്തോളം വോട്ടുകൾ എവിടെ നിന്നു വന്നു എന്ന സംശയം മുന്നോട്ടു വയ്ക്കുന്ന ലേഖനം കരുതിക്കൂട്ടി ഗൂഢാലോചന നടത്തി തൃശ്ശൂരിലെ വോട്ടർപട്ടികയിൽ പുറത്ത് നിന്നുള്ള ആളുകളെ തിരികെ കയറ്റുകയായിരിക്കണം എന്നും, ഇതിനായി ഓരോ ബൂത്തിലും പത്തോ, ഇരുപതോ പേരെ ചേർത്താൽ മതിയല്ലോ എന്നും പറയുന്നു. ചുരുക്കം പറഞ്ഞാൽ പ്രതിപക്ഷം ഉന്നയിച്ച അതേ ആരോപണം തന്നെയാണ് സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സംബന്ധിച്ച് തൃശൂർ അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനവും പറഞ്ഞുവയ്ക്കുന്നത്.
സാമുദായികപരവും രാഷ്ട്രീയപരവും ആയി നോക്കിയാൽ തൃശൂർ ലോക്സഭ മണ്ഡലം ബിജെപിയുടെ എ ക്ലാസ് മണ്ഡലം അല്ല, സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സംഘടനാ സംവിധാനത്തിലെ ദൗർബല്യം പഠന വിധേയമാക്കിയ ശേഷം ആയിരിക്കാം ഗൂഢ പദ്ധതി നടപ്പാക്കാൻ തൃശൂർ മണ്ഡലത്തെ തിരഞ്ഞെടുത്തതെന്നും ലേഖനം ആരോപിക്കുന്നു. വോട്ടർ പട്ടികയിലെ കൊള്ള പുറത്തറിയാതിരിക്കാൻ ക്രിസ്ത്യൻ പള്ളികളിലേക്കും കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ തട്ടിപ്പിലെ ഇരകളുടെ വീട്ടിലേക്ക് വിവിധ കോളനികളിലേക്കും സുരേഷ് ഗോപിയുടെ യാത്രകൾ ആസൂത്രണം ചെയ്യുകയും ചില്ലറ സഹായങ്ങളും നൽകി, സുരേഷ് ഗോപിയുടെ ഇത്തരം പ്രവർത്തികൾ മൂലമാണ് വിജയം എന്ന് വരുത്തി തീർക്കുകയും ചെയ്തു എന്നാണ് തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തിൽ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ വലിയ ഗൂഢാലോചനയുടെ ഫലമായിരുന്നു തൃശൂർ ലോകസഭ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം എന്ന് നേരിട്ടും അല്ലാതെയുമായി പല ആവർത്തി ലേഖനം വായനക്കാരോട് സംവദിക്കുന്നുണ്ട്. ഈ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുമ്പോൾ സുരേഷ് ഗോപിയുടെ നന്മമരം ഇമേജ് പോലും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു എന്നുതന്നെ കരുതണം. എങ്ങനെയാണ് ഈ ഗൂഢാലോചന നടപ്പിലാക്കാനായി ബിജെപി മാധ്യമപ്രവർത്തകരെ ഉപയോഗിച്ചതെന്നും അതിന്റെ ഫലമായി എന്തെല്ലാം ആഖ്യാനങ്ങളാണ് രൂപപ്പെട്ടത് എന്നതിനെപ്പറ്റിയും ലേഖനത്തിൽ പറയുന്നുണ്ട്.
ബിജെപിയുടെ ഈ ഗൂഢ പദ്ധതികൾ ഒന്നും തിരിച്ചറിയാനാവാത്ത സാമുദായിക നേതാക്കളോട് പ്രത്യേകിച്ച് കത്തോലിക്കാ മെത്രാന്മാരോടും കത്തോലിക്കാ പ്രസ്ഥാനങ്ങളുടെ നേതാക്കളോടും ഹാ കഷ്ടം എന്നു മാത്രമേ പറയാനുള്ളൂ എന്ന് എഴുതിയിട്ടുള്ള ലേഖനം തൃശൂർ രൂപത തങ്ങളുടെ മുഖപ്രസംഗത്തിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ നൽകുന്ന സന്ദേശം കൃത്യമാണ്. കാസ പോലുള്ള ക്രിസ്ത്യൻ നാമധേയ സംഘടനകളിലൂടെ കുത്തിവയ്ക്കുന്ന വിഷ ബീജം ഏറ്റുവാങ്ങി മതസ്പർധയും സാമൂഹിക വൈരവും പ്രസവിക്കുന്നവർ ബീജത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞാലും, അല്ലെങ്കിൽ തൃശ്ശൂരിലെ പോലുള്ള തിരിമറികളും കൈപ്പിഴകളും ഇനിയും ആവർത്തിക്കും എന്നും മുന്നറിയിപ്പ് നൽകുന്നു. ക്രിസ്ത്യൻ വോട്ടുകൾ സുരേഷ് ഗോപിക്ക് മറിഞ്ഞു എന്നത് തെറ്റായ പ്രചാരണം ആണെന്ന് തെളിഞ്ഞിരിക്കുന്നു എന്ന് ലേഖനം അടിവരയിട്ടു തന്നെ പറയുന്നു.
ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ചിട്ട് ആണോ നാം യാത്രയ്ക്കായി ബസിൽ കയറാറുള്ളത്?, ഡോക്ടറുടെ യോഗ്യത പരിശോധിച്ച ശേഷമാണോ നാം ഡോക്ടർമാരെ പരിശോധനയ്ക്കാനായി കാണുന്നത്? ഇതിന് സമാനമായി തിരഞ്ഞെടുപ്പ് കമ്മീഷനും രാജ്യം ഭരിക്കുന്ന ബിജെപിയും പറയുന്നത് വോട്ടർപട്ടികയിൽ കള്ളത്തരം ഇല്ലെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഉറപ്പുവരുത്തണമെന്നാണ്. ഇതിൽപരം വിചിത്ര വാദം ഉണ്ടോ എന്ന ചോദ്യം ലേഖനം മുന്നോട്ടുവയ്ക്കുമ്പോൾ രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കൂടിച്ചേർന്ന് വോട്ടു കച്ചവടം നടത്തുന്നു എന്ന രാഹുലിന്റെ ആരോപണത്തെ തൃശൂർ രൂപതയുടെ മുഖപത്രവും ശരിവെക്കുന്നു എന്ന് വേണം കരുതാൻ.
18 വയസായ ഓരോ പൗരനും വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും ഒരു വോട്ടർക്ക് ഒന്നിലധികം വോട്ടില്ല എന്ന് ഉറപ്പാക്കേണ്ടതും രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തമല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ് എന്നും ലേഖനം സൂചിപ്പിക്കുന്നു. രാഹുൽ ഗാന്ധി മുന്നോട്ടുവച്ച വോട്ടുചോരി ആരോപണത്തെ ഗൗരവകരമായി തന്നെ ലേഖനം ചർച്ചചെയ്യുന്നുണ്ട്. 79 ലോക്സഭ മണ്ഡലങ്ങളിൽ കൊള്ള നടന്നു എന്ന ആരോപണം ശരിയാണെങ്കിൽ രാജ്യത്തിന്റെ ഗതി തന്നെ മാറും എന്നും നാല് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലും ആരോപിക്കപ്പെടുന്നത് പോലെ വോട്ട് മോഷണം നടന്നിട്ടുണ്ടെങ്കിൽ ഇതിൽ പരം ക്രിമിനൽ കുറ്റം ഉണ്ടോ എന്നും ലേഖനം ചോദിക്കുന്നു. പോളിംഗ് ബൂത്തിലെ സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോഴേ നശിപ്പിച്ചത് എന്തിനാണെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറി അല്ലേ എന്നുമുള്ള ചോദ്യങ്ങൾ ഉയർത്തി രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ വിവാദത്തെ ലേഖനം ഉയർത്തി കാണിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നുവെന്ന് അറിയുമ്പോൾ നാം ഞെട്ടിയത് കൊണ്ട് മാത്രം കാര്യമില്ല എന്നും നമ്മെ ഭരിക്കുന്ന ശക്തി ആരെന്ന് തിരിച്ചറിയാൻ കഴിയണമെന്നും പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
കത്തോലിക്കാ സഭ എന്ന തൃശൂർ അതിരൂപതയുടെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ഈ ലേഖനം കൃത്യമായ രാഷ്ട്രീയ സന്ദേശമാണ്. തൃശ്ശൂരിൽ മാത്രമല്ല ഈ രാജ്യത്തും എന്താണ് നടക്കുന്നതെന്ന് വ്യക്തമായി പറയുന്ന ലേഖനം. ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്ക് പോയി എന്ന പുകമറ ഗൂഢാലോചനയിലൂടെ സൃഷ്ടിച്ച ശേഷം അതിൽനിന്നും ബിജെപി നേട്ടം കൊയ്യുകയായിരുന്നു എന്നും ബിജെപിയുടെ ഗൂഢാലോചന തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു എന്നും ലേഖനം വ്യക്തമാക്കുന്നു. ഉറങ്ങുന്നവരെ മാത്രമല്ല ഉറക്കം നടിക്കുന്നവരെ കൂടി വിളിച്ചുണർത്തുന്നതാണ് തൃശൂർ അതിരൂപതയുടെ മുഖപത്രത്തിലെ ഈ ലേഖനം. സുരേഷ് ഗോപി എത്ര പള്ളികൾ കയറി ഇറങ്ങിയാലും, ബിജെപി എത്ര കേക്കുകൾ സമ്മാനമായി കൊടുത്താലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും രാഷ്ട്രീയം കൃത്യമായി ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും ഇനി ഇത്തരം ഗൂഢാലോചനകൾ കൊണ്ട് ഈ മണ്ണിൽ വളരാമെന്ന് കരുതണ്ട എന്നും കൃത്യമായി രേഖപ്പെടുത്തുന്നതാണ് കത്തോലിക്കാ സഭയിലെ ഈ ലേഖനം






