അണ്ടര്‍ 23 എഎഫ്സിയിലെ ബ്രൂണെയ്ക്ക് എതിരേയുള്ള ആ രണ്ട് ഗോളുകള്‍ ; ബ്ളാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമനെ സീനിയര്‍ ടീമിലേക്ക് വിളിപ്പിച്ചു ; ഇന്ത്യന്‍ ഫുട്ബോളിന് പ്രതീക്ഷ വളരുന്നു

ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചും ആശങ്കകള്‍ ഏറെയാണ്. എന്നാല്‍ കളി നടന്നാലും ഇല്ലെങ്കിലും ഇന്ത്യന്‍ ഫുട്ബോളിന് ഇത് നല്ലകാലമാണെന്നാണ് പലരും കരുതുന്നത്. പ്രത്യേകിച്ചും യുവതാരങ്ങള്‍ മികവോടെ കയറി വരുമ്പോള്‍. കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ താരമായ മുഹമ്മദ് ഐമന്, എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ലോക ക്ലാസ്സ് ടച്ച് ഉണ്ടായിരുന്നതായിട്ടാണ് വിലയിരുത്തല്‍. ഐമന്റെ കൂടുതല്‍ കളികള്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
ബ്രൂണൈക്കെതിരെ അദ്ദേഹം നേടിയ രണ്ട് ഗോളുകള്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് വര്‍ഷങ്ങളോളം ഓര്‍ക്കാന്‍ കഴിയുന്നതാണ്. ഈ മികച്ച പ്രകടനത്തിലൂടെ ഐമന് സിംഗപ്പൂരില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളി വന്നു. രാജ്യത്തെ ഫുട്ബോളിന്റെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ബ്രൂണെയ്ക്ക് എതിരേയുള്ള ഈ ഗോളുകള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പകരക്കാരനായി ഇറങ്ങിയായിരുന്നു ഈ പ്രകടനം.
തന്റെ കളിയിലെ ഭയമില്ലാത്ത ശൈലിക്ക് ഐമന് തന്റെ ഫുട്ബോള്‍ ഇതിഹാസമായ നെയ്മറിനാണ് ക്രെഡിറ്റ് നല്‍കുന്നത്. യാദൃശ്ചികമായിട്ടാണ് ഐമന് ഫുട്ബോളിലേക്ക് വന്നത്് കൊച്ചിയില്‍ ആയിരുന്നപ്പോള്‍, ഐപിഎല്‍ തരംഗം കാരണം അദ്ദേഹവും ഇരട്ട സഹോദരന് അസ്ഹറും ഫുട്ബോളിനെക്കാള്‍ കൂടുതല്‍ ക്രിക്കറ്റാണ് കളിച്ചിരുന്നത്. പിന്നീട്, എസ്എച്ച് ഫുട്ബോള്‍ അക്കാദമിയിലെ ഒരു ചെറിയ കാലയളവാണ് അദ്ദേഹത്തെ പ്രൊഫഷണല്‍ ഫുട്ബോളിന്റെ വഴിയിലെത്തിയത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫുട്ബോള്‍ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്ന് അണ്ടര്‍ 15, അണ്ടര്‍ 18, റിസര്‍വ് ടീം, ഒടുവില്‍ സീനിയര്‍ ടീമിലേക്കും.
പിതാവായിരുന്നു തങ്ങളെ ഫുട്ബോള്‍ അക്കാദമിയിലേക്ക് നയിച്ചതെന്നും അയ്മന് പറയുന്നു. വിദേശത്തുള്ള ഒരു പ്രൊഫഷണല്‍ പരിശീലനം അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി. പോളണ്ടിലെ മുന്‍നിര ക്ലബായ റാക്കോവ് ചെസ്റ്റോച്ചോവയില് മൂന്നാഴ്ചത്തെ പരിശീലനത്തിനായി അയച്ചത് അയ്മന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി. മൂന്നാഴ്ച അവിടെ ടീമിനൊപ്പം പരിശീലിച്ചു – സാങ്കേതിക പരിശീലനം, ഫിറ്റ്നസ്, ജിം സെഷനുകള്‍, എല്ലാം. കളിയെക്കുറിച്ച് ഞങ്ങള്‍ ധാരാളം അനുഭവങ്ങളും വിവരങ്ങളും നേടി.
അടുത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ബ്ലാസ്റ്റേഴ്സിനായി സ്ഥിരമായി സംഭാവന ചെയ്യാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഐമന്. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ എഎഫ്സി ഏഷ്യന്‍ കപ്പിലെ പ്രകടനവും അദ്ദേഹത്തിന് പ്രചോദനമായി.
ഇപ്പോള്‍ സീനിയര്‍ ടീമിലേക്ക് വിളി വന്നതും, ഭയമില്ലാത്ത അറ്റാക്കിംഗ് ശൈലിയും കാരണം, ഇന്ത്യയുടെ ഫുട്ബോള്‍ ഭാവി പലരും പ്രതീക്ഷിക്കുന്നതിനേക്കാള്‍ ശോഭനമാകാന്‍ സാധ്യതയുണ്ടെന്ന് മുഹമ്മദ് ഐമന് ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞു.






