ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസം ; ഒന്നു പ്രസവിച്ചവള്‍ എന്ന് ലിവിംഗ് പങ്കാളിയുടെ നിരന്തര പരിഹാസം ; ആദ്യബന്ധത്തിലെ കുട്ടിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

അജ്മീര്‍: ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം താമസിക്കുന്ന യുവതി പങ്കാളി ഒന്നു പ്രസവിച്ചവള്‍ എന്ന നിരന്തരമായി പരിഹസിച്ചതിനെ തുടര്‍ന്ന് മൂന്ന് വയസ്സുകാരിയെ തടാകത്തിലെറിഞ്ഞു കൊലപ്പെടുത്തി. അജ്മീറില്‍ നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയും 28 കാരിയുമായ അഞ്ജലിയാണ് അറസ്റ്റിലായത്. ആദ്യഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്ന ഇവര്‍ കാമുകനൊപ്പം ലിവിംഗ് ടുഗദറിലാണ്.
മകളെ താരാട്ടുപാട്ട് പാടി ഉറക്കിയ ശേഷം പിന്നീട് ഒരു തടാകത്തിനരികില്‍ നടക്കാന്‍ കൊണ്ടുപോകുകയും ചെയ്തതിന് ശേഷമാണ് മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞത്. അതിന് ശേഷം കുട്ടിയെ കാണാതായതായി അഭിനയിക്കുകയും വിഷമം നടിക്കുകയും ചെയ്തു. ചൊവ്വാഴ്ച, രാത്രി വൈകിയുള്ള പട്രോളിംഗിനിടെ, ഹെഡ് കോണ്‍സ്റ്റബിള്‍ ഗോവിന്ദ് ശര്‍മ്മയാണ് സംഭവം കണ്ടെത്തിയത്. വൈശാലി നഗറില്‍ നിന്ന് അജ്മീറിലെ ബജ്രംഗ് ഗഢിലേക്കുള്ള റോഡിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീയെയും ഒരു പുരുഷനെയും കണ്ടുമുട്ടി. അന്വേഷിച്ചപ്പോള്‍, അഞ്ജലി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ, താന്‍ മകളുമായി രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതാണെന്നും വഴിയില്‍ വെച്ച് കുട്ടിയെ കാണാതായെന്നും പറഞ്ഞു.
രാത്രി മുഴുവന്‍ അവര്‍ മകളെ തിരഞ്ഞിട്ടു കണ്ടില്ലെന്നും പറഞ്ഞു. സംഭവം അന്വേഷിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അഞ്ജലി മകളെ കൈകളില്‍ എടുത്ത് നഗരത്തിലെ അന സാഗര്‍ തടാകത്തിന് ചുറ്റും നടക്കുന്നത് കണ്ടെത്തി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, പുലര്‍ച്ചെ 1:30 ഓടെ, സ്ത്രീ ഒറ്റയ്ക്ക് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും കണ്ടു.
ദൃശ്യങ്ങള്‍ അവരുടെ മൊഴിക്ക് വിരുദ്ധമായിരുന്നു എന്നതാണ് സംശയാസ്പദമായത്. പിറ്റേന്ന് രാവിലെ, ബുധനാഴ്ച, പോലീസ് കുട്ടിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍, അഞ്ജലി പൊട്ടിക്കരഞ്ഞു, മകളെ തടാകത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതായി സമ്മതിച്ചു. ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ടായതിന്റെ പേരില്‍ തന്റെ ലിവ്-ഇന്‍ പങ്കാളി അല്‍കേഷ് നിരന്തരം പരിഹാസിച്ചിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ക്രിസ്ത്യന്‍ഗഞ്ച് പോലീസ് അഞ്ജലിയെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. കൊലപാതകത്തില്‍ അല്‍കേഷിന് ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം കാമുകനൊപ്പം അജ്മീറിലായിരുന്നു താമസം.






