ഉമ്മന്‍ചാണ്ടിക്കെതിരെ രണ്ടര വര്‍ഷം പല രീതിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായതാണ് ; വിധി വരട്ടെയെന്ന് പോലും പറയാന്‍ രാഹുലിന്റെ പേരില്‍ ഒരു പരാതി പോലുമില്ലെന്ന് രമേഷ് പിഷാരടി

കൊച്ചി: ആരോപണങ്ങള്‍ തെളിയും വരെ രാഹുലിനെ സ്ഥാനങ്ങളില്‍ നിന്നും നീക്കിനിര്‍ത്തേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും രാഹുല്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്തണമായിരുന്നെന്നും നടന്‍ രമേഷ് പിഷാരടി. വിധി വരട്ടെയെന്ന് പോലും പറയാന്‍ രാഹുലിന്റെ പേരില്‍ ഒരു പരാതി പോലുമില്ലെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണത്തിലായിരുന്നു പ്രതികരണം.
ഉമ്മന്‍ചാണ്ടിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതാണെന്നും രണ്ടര വര്‍ഷം പല രീതിയില്‍ പ്രതിഷേധങ്ങളും ഉണ്ടായെന്നും നടന്‍ രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ സുഹൃത്ത് എന്ന നിലയില്‍ ഷാഫിക്കെതിരെയുള്ള വിമര്‍ശനത്തെയും വേറിട്ടു കാണേണ്ട കാര്യമില്ല. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ താന്‍ രാഹുലിനെ ഫോണില്‍ വിളിച്ചിരുന്നതായും പറഞ്ഞു.
യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് നടിയും അവതാരകയുമായ യുവതി രംഗത്ത് വന്നതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിലായത്. വിവാദത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത്കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു. അതേസമയം എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് എടുത്ത നിലപാട്. ഇടതുപക്ഷത്തും അനേകം എംഎല്‍എ മാര്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നിരുന്നെങ്കിലും അവര്‍ രാജിവെച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.






