ബാറില്‍ മദ്യക്കുപ്പികള്‍ക്കിടയില്‍ ഓടക്കുഴല്‍: ചിത്രം പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരേ കേസ്

കണ്ണൂര്‍: ‘കണ്ണന് ബോധംതെളിയുമ്പോള്‍ ബാറില്‍ മറന്നുപോയ ഓടക്കുഴല്‍ എടുക്കാന്‍ അറിയിക്കുക’ എന്ന അടിക്കുറിപ്പോടെ ബാറില്‍ മദ്യക്കുപ്പികള്‍ക്കിടയില്‍ ഓടക്കുഴല്വെച്ച് ഫോട്ടോ എടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരേ മുഴക്കുന്ന് പോലീസ് കേസെടുത്തു. മുഴക്കുന്ന് വട്ടപ്പൊയിലിലെ ശരത്ത് വട്ടപ്പൊയിലിനെതിരെയാണ് കേസ്.
ശ്രീകൃഷ്ണജയന്തി ദിവസമായ ഞായറാഴ്ചയാണ് സംഭവം. കാക്കയങ്ങാട് ടൗണിന് സമീപത്തെ ബാറില്‍ മദ്യക്കുപ്പികള്‍ നിരത്തിയ ഷെല്ഫിന് മുന്നിലെ മേശപ്പുറത്ത് ഓടക്കുഴല്‍ വെച്ചാണ് ശരത് ഫോട്ടോ എടുത്തത്. പിന്നീട് അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
ഓടക്കുഴലുമായാണ് ശരത്ത് ബാറിനുള്ളില്‍ വന്നതെന്ന് സിസി ക്യാമറ പരിശോധനയില്‍ വ്യക്തമായി. ഇതിനെതിരേ പാലപ്പുഴ സ്വദേശി ടി. അനില്‍ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും കലാപവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു. പ്രതി ഒളിവിലാണ്.






