ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യം ഇല്ലായിരുന്നു ; കോടതിയുടെ താല്‍പ്പര്യപ്രകാരം ചെയ്തതാണ് ; സംഭവത്തില്‍ വേദനയും ദുഖവും ഇപ്പോഴുമുണ്ടെന്ന് എകെ ആന്റണി

തിരുവനന്തപുരം: യുഡിഎഫ് കാലത്ത് ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് ആദ്യം താല്‍പ്പര്യം ഇല്ലായിരുന്നെന്നും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അങ്ങിനെ ചെയ്യേണ്ടി വന്നതെന്നും മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. തനിക്ക് അക്കാര്യത്തില്‍ ഇപ്പോഴും ദുഖവും വേദനയുമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തില്‍ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ആന്റണി എത്തിയത്. ശിവഗിരിയിലെയും മുത്തങ്ങയിലെയും സംഭവങ്ങളില്‍ തങ്ങള്‍ക്ക് അതിയായ ദു:ഖമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു.
മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മാറാട് കലാപത്തിലെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗുരുദേവനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദരപൂര്‍വമായ നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. 1995ല്‍ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാല്‍ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിര്‍ഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
എന്ത് പ്രത്യാഘാതം ഉണ്ടായാലും പൊലീസ് അധികാരങ്ങള്‍ ഉപയോഗിക്കണം എന്നായിരുന്നു ജഡ്ജിയുടെ നിര്‍ദേശം. അന്ന് അത് ചെയ്തില്ലായിരുന്നെങ്കില്‍ കോടതിയലക്ഷ്യം ഉണ്ടാകുമെന്നും ജഡ്ജി വ്യക്തമാക്കിയതോടെയാണ് പൊലീസിനെ ഉപയോഗിക്കേണ്ടി വന്നത്. അന്ന് അവിടെ ഓടിക്കൂടിയവര്‍ പലതരക്കാരാണെന്നും അതൊന്നും താന്‍ വിശദീകരിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു. സര്‍ക്കാരല്ല ശിവഗിരിയിലെ സാഹചര്യം ഉണ്ടാക്കിയതെന്നും അത് ഒറ്റദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ആന്റണി വ്യക്തമാക്കി.
21 വര്‍ഷമായി സിപിഐഎം ഇത് പാടിനടക്കുകയാണ്. ശിവഗിരി പൊലീസ് നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇ കെ നായനാരുടെ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണ നമ്പ്യാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വീണ്ടും പരസ്യപ്പെടുത്തണം. ആ ഒരേയൊരു അഭ്യര്‍ത്ഥനയേ മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും തനിക്കുള്ളൂവെന്നും ആന്റണി പറഞ്ഞു.
അതേസമയം മുത്തങ്ങ വെടിവെപ്പില്‍ തനിക്ക് ദുഃഖമുണ്ടെന്ന് ആന്റണി വ്യക്തമാക്കി. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എന്നാല്‍ അവസാനം ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് തനിക്ക് കേള്‍ക്കേണ്ടി വന്നത്. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കണം. മാറാട് കലാപത്തിലും റിപ്പോര്‍ട്ട് പുറത്തുവരട്ടേയെന്നും ആന്റണി പറഞ്ഞു.






