ബലാത്സംഗ കേസ്: ഫാ. എഡ്വിന് ഫിഗറസിന്റെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു, ജാമ്യത്തില്‍ വിട്ടു

ന്യൂഡല്‍ഹി: ഇടവകാംഗമായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പള്ളി വികാരിയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഹൈക്കോടതി വിധിച്ച 20 വര്‍ഷം കഠിനതടവില്‍ പകുതിയോളം പ്രതിയായ ഫാ. എഡ്വിന് ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ് ശിക്ഷ മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ശിക്ഷയ്ക്കെതിരായ അപ്പീലില്‍ അന്തിമ തീര്‍പ്പ് ആകുന്നതുവരെ വൈദികനെ കോടതി ജാമ്യത്തില്‍ വിട്ടു.
തൃശ്ശൂര്‍ ജില്ലയിലെ പള്ളിയില്‍ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് ഫാ. എഡ്വിന് ഫിഗറസ് എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു എന്നാണ് കേസ്. 20142015 കാലയളവില്‍ നടന്ന ഈ സംഭവത്തില്‍ എറണാകുളം പോക്സോ കോടതി ഫാ. എഡ്വിന് ഫിഗറസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കേരള ഹൈക്കോടതി ഈ ശിക്ഷ 20 വര്‍ഷം കഠിന തടവായി കുറച്ചിരുന്നു.
ഇതിനോടകം എഡ്വിന് ഫിഗറസ് പത്ത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതായി ഹര്ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ആര്. ബസന്തും അഭിഭാഷക സ്വീന മാധവന് നായരും കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ശിക്ഷ സസ്പെന്‍ഡ് ചെയ്യണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് പി.വി. സുരേന്ദ്ര നാഥും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ശക്തമായി എതിര്‍ത്തു.






