മോദിക്ക് ഇന്ന് 75 ാം പിറന്നാള്‍, വിപുലമായി ആഘോഷിക്കാന്‍ ബി.ജെ.പിയും സര്‍ക്കാരും; ഹൈഡ്രജന്‍ ബോംബിടുമോ രാഹുല്‍?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 മത് പിറന്നാള്‍. ബിജെപി നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിച്ചത് 75 ആണെങ്കിലും മോദിക്ക് ബാധകമാക്കേണ്ട എന്നാണ് തീരുമാനം. പ്രധാന മന്ത്രിക്കെതിരായ വോട്ട് ചോരി ബോംബ് , പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പൊട്ടിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് പിറന്നാളാഘോഷം.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ പിറന്നാള്‍ ആണെങ്കിലും ഇത്തവണ രാഷ്ട്രീയ പ്രാധാന്യമേറെയാണ്. 75 എന്ന സംഖ്യയില്‍ കുരുങ്ങിയാണ് ഒരിക്കലും കൂടാത്ത മാര്‍ഗ്ഗ നിര്‍ദേശ് മണ്ഡലില്‍ മുതിര്‍ന്ന നേതാക്കള്‍ ഒതുങ്ങിയത് . 2025 സെപ്തംബര്‍ 17 ശേഷം മോദിയുടെ പിന്‍ഗാമി അമിത് ഷാ ആകുമെന്നും യോഗി ആദിത്യ നാഥിന് സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്നും ആദ്യം പ്രചരിപ്പിച്ചത് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള് ആണ്.
ഡല്‍ഹിയിലെ അധികാര നഷ്ടവും ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ തോല്‍വിയും കെജ്രിവാളിനെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞു. വോട്ട് തട്ടിപ്പിന്റെ തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി രംഗത്തിറങ്ങിയതോടെയാണ് ഹാട്രിക് മോദി വിജയത്തിന്റെ ശോഭ കെട്ടു തുടങ്ങിയത്. ഒരു മാസം മുന്‍പ് രാഹുല്‍ ഗാന്ധി പൊട്ടിച്ചത് ആറ്റം ബോംബ് ആയിരുന്നെങ്കില്‍ ഇന്ന് ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുമെന്നാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നത്. മോദിയുടെ വാരാണസി മണ്ഡലത്തിലെ വിജയം ചോദ്യം ചെയ്യുന്ന തെളിവുകള്‍ രാഹുല്‍ പുറത്ത് വിടുമെന്നാണ് പറയുന്നത്.
മോദി അധികാരത്തിലെത്തിയ ശേഷം ഓരോ പിറന്നാളും വലിയ തോതില്‍ ആഘോഷിക്കുകയാണ് പതിവ്. കഴിഞ്ഞ തവണ ഒഡിഷയില്‍ 3800 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 2023ല്‍ വിശ്വകര്‍മ യോജന പ്രഖ്യാപിച്ചു. 73 മത് പിറന്നാളിന് വാരണാസിയില്‍ ബിജെപി പ്രവര്‍ത്തകര്‍ 73 കിലോ ലഡു വിതരണം ചെയ്തു. 2021 ലെ കോവിഡ് കാലത്ത് 2 കോടി 26 ലക്ഷം പ്രതിരോധ വാക്സിന് നല്കി റെക്കോര്‍ഡിട്ടു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക നികുതി അടിച്ചേല്‍പ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ, മോദിയെ വിളിച്ചു ആശംസ നേര്‍ന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കമിടും. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്വാഡ’ (സേവന വാരം) ആചരിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകള്‍, ശുചിത്വ ദൗത്യങ്ങള്‍, പരിസ്ഥിതി ബോധവത്കരണം, പ്രദര്‍ശനങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, വികലാംഗര്‍ക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തണ്‍’ കായികമേളകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
‘സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നിയുള്ള പരിപാടിയാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. ജന്മദിനമായ ഇന്ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പിറന്നാള്‍ ദിനം പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ രാജ്യത്തെ ആദ്യ പി എം മിത്ര ടെക്സ്റ്റൈല്‍ പാര്ക്കിന് തറക്കല്ലിടും.






