ചെറുവത്തൂരില്‍ പ്രകൃതിവിരുദ്ധ പീഡനം തുടര്‍ന്നത് മൂന്നു വര്‍ഷം; ഡേറ്റിങ് ആപ്പ് കെണി, യു.പി.ഐ വഴി പണം, മുങ്ങിയ ലീഗുകാരനായി അന്വേഷണം

കാസര്‍ഗോട്: ചെറുവത്തൂരില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടാന്‍ പഴുതടച്ച അന്വേഷണമാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയത്. ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവരം ചോരാതിരിക്കാന്‍ ജാഗ്രതയിലായിരുന്നു അന്വേഷണസംഘം. ഈ ജാഗ്രതയിലും തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഒരു പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
എട്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കാലയളവില്‍ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികളുമായി പരിചയം. സര്‍ക്കാര്‍ ജീവനക്കാരും പ്രാദേശിക രാഷ്ട്രീയനേതാക്കളും ഫുട്‌ബോള്‍ പരിശീലകരുമുള്‍പ്പെടെ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇന്‍സ്പെക്ടര്‍മാരയ കെ. പ്രശാന്ത് (ചന്തേര), നിബിന്‍ ജോയി (നീലേശ്വരം), ടി.കെ. മുകുന്ദന്‍ (ചീമേനി), കെ.പി. സതീഷ് (വെള്ളരിക്കുണ്ട്), രഞ്ജിത്ത് രവീന്ദ്രന്‍ (ചിറ്റാരിക്കാല്‍) എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണ്‍ പരിശോധനയിലാണ് പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചത്. വിദ്യാര്‍ഥിക്ക് ഡേറ്റിങ് ആപ്പില്‍ അക്കൗണ്ടുള്ളതായി പരിശോധനയില്‍ വ്യക്തമായി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി എങ്ങനെ ഇതില്‍ അക്കൗണ്ട് തുറന്നുവെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. പ്രതികള്‍ വിദ്യാര്‍ഥിയെ വിളിച്ചതും പണം അയച്ചുകൊടുത്തതായും അന്വേഷണസംഘം കണ്ടെത്തി. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടിച്ചത്.
പ്രകൃതിവിരുദ്ധ പീഡനത്തില്‍ അറസ്റ്റിലായ പ്രതികളെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യിലാണ് ഹാജരാക്കിയത്. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് ആദ്യം കോടതിയിലെത്തിച്ചത്. കൈകൊണ്ട് മുഖം മറച്ചാണ് ഇയാള്‍ കോടതിയിലെത്തിയത്. പിന്നാലെ സുകേഷ് തുണികൊണ്ട് മുഖംമറച്ചെത്തി. ഇതിന് പിന്നാലെയെത്തിയ റഹീസ് മുഖം മറച്ചില്ല. കേസിന്റെ അന്വേഷണച്ചുമതല വിവിധ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീതിച്ചുനല്‍കിയതിനാല്‍ ഒന്നിന് പിന്നാലെ ഒന്നായിട്ടാണ് പ്രതികളെ കോടതിയിലെത്തിച്ചത്. പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്ത ചിത്രരാജിനെ രാത്രി വൈകി മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്.






