‘ഷോക്ക് ഹാന്‍ഡ്’ വിവാദത്തില്‍ ട്വിസ്റ്റ്: റഫറിക്ക് നിര്‍ദേശം നല്‍കിയത് എസിസി ഉന്നതവൃത്തം? പാക്കിസ്ഥാന്റെ ആവശ്യം തള്ളി ഐസിസി

ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന്‍ മത്സരത്തിനു പിന്നാലെ ഉയര്‍ന്ന ഹസ്തദാന വിവാദത്തിനു മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നല്‍കിയ പരാതി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളി. ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തുടര്‍ന്നുള്ള മത്സരങ്ങളില്‍നിന്നു പൈക്‌റോഫ്റ്റിനെ മാറ്റണമെന്നായിരുന്നു പിസിബിയുടെ ആവശ്യം. ഇതു നടപ്പാക്കാന്‍ സാധിക്കില്ലെന്ന് പിസിബിക്കു ഐസിസി ഔദ്യോഗികമായി മറുപടി നല്‍കി.
ഐസിസി ജനറല്‍ മാനേജര്‍ വസീം ഖാനാണ് പിസിബി അധ്യക്ഷന്‍ മുഹ്‌സിന്‍ നഖ്വി ഇമെയിലായി പരാതി നല്‍കിയത്. മുഹ്സിന്‍ നഖ്വി തന്നെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും. എസിസിയാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. എസിസിയുടെ നിര്‍ദേശപ്രകാരമാകാം മാച്ച് റഫറി പ്രവര്‍ത്തിച്ചതെന്നും ഐസിസിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഐസിസിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ പറയുന്നത്. എസിസി പ്രസിഡന്റ് മുഹ്‌സിന്‍ നഖ്വി തന്നെയാകാം റഫറിക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയെന്ന സൂചനകളും ചില ഉന്നതവൃത്തങ്ങള്‍ നല്‍കുന്നു.
”ഐസിസിക്ക് ഇതുമായി എന്ത് ബന്ധമാണുള്ളത്? മാച്ച് ഒഫിഷ്യലിനെ നിയമിച്ചു കഴിഞ്ഞാല്‍ അവരുടെ റോള്‍ അവസാനിക്കുന്നു. എസിസിയില്‍ നിന്നുള്ള ഒരാള്‍ മത്സരത്തിന് മുന്‍പ് പൈക്‌റോഫ്റ്റുമായി സംസാരിച്ചിരുന്നു. ടോസില്‍ സംഭവിച്ചത് ആ സംഭാഷണത്തിന്റെ ഫലമായിരുന്നു. ഐസിസിയിലേക്ക് വിരല്‍ ചൂണ്ടുന്നതിന് പകരം, ആ സംഭാഷണം എന്താണെന്നും ആരാണ് അതു ചെയ്തതെന്നും എന്തുകൊണ്ടാണെന്നും പിസിബി മേധാവി കണ്ടെത്തേണ്ട സമയമാണിത്.” ഐസിസിയുമായി ബന്ധപ്പെട്ട ഉന്നതവൃത്തം പറഞ്ഞു.
രാജ്യാന്തര മത്സരങ്ങളുടെ ടോസിന്റെ സമയത്ത് ഇരു ടീമിന്റെ ക്യാപ്റ്റന്‍മാരും ഹസ്തദാനം നടത്തുന്നതും പ്ലേയിങ് ഇലവന്‍ കൈമാറുന്നതും പതിവാണ്. എന്നാല്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിനു മുന്‍പ് ഇതുണ്ടായില്ല. ഇരു ക്യാപ്റ്റന്‍മാരും ടോസിനു ശേഷം പരസ്പരം നോക്കുക പോലും ചെയ്യാതെ തിരികെ പോയി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തേണ്ടെന്ന് ടോസിന് മുന്‍പ് മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റ് പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോടു പറഞ്ഞതായാണ് പിസിബിയുടെ ആരോപണം. എന്നാല്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഹസ്തദാനത്തിനു കൈനീട്ടുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിസമ്മതിച്ചാല്‍ ഉണ്ടായേക്കാവുന്ന സാഹചര്യം ഒഴിവാക്കാനാകും റഫറി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നാണ് ഐസിസി കരുതുന്നത്.
ക്യാപ്റ്റന്മാര്‍ ഹസ്തദാനം ചെയ്യാതിരുന്നതിന്, മാച്ച് ഒഫിഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഐസിസി കരുതുന്നു. എംസിസി മാനുവല്‍ പ്രകാരം, മത്സരത്തിന് മുന്‍പോ ശേഷമോ എതിര്‍ ടീമുമായി ഹസ്തദാനം ചെയ്യേണ്ടത് നിര്‍ബന്ധമല്ല. ഇക്കാര്യം പിസിബിയെ ഐസിസി ബോധ്യപ്പെടുത്തിയേക്കും. ഐസിസിയുടെ മറുപടി ലഭിച്ചു കഴിഞ്ഞ പിസിബിയുടെ തുടര്‍ നടപടി എന്താകും എന്ന കാര്യത്തില്‍ വ്യക്തതയില്ല. പൈക്‌റോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ഏഷ്യ കപ്പ് ബഹിഷ്‌കരിക്കുമെന്നാണ് പിസിബിയുടെ ഭീഷണി. പിസിബി അധ്യക്ഷന്‍, പ്രസിഡന്റായ സമിതി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് പാക്കിസ്ഥാന്‍ ബഹിഷ്‌കരിക്കുമോ എന്ന ആകാംക്ഷയാണ് ബാക്കി.






