Breaking NewsKeralaLead NewsNEWS

ഞാന്‍ കാരണമെങ്കിലും ഇപ്പോള്‍ വീട് വെച്ചുനല്‍കാന്‍ ഇറങ്ങിയല്ലോ, സന്തോഷമുണ്ട്: സുരേഷ് ഗോപി

തൃശ്ശൂര്‍: ഭവനനിര്‍മാണത്തിനുള്ള സഹായം തേടി സമീപിച്ച വ്യക്തിയുടെ നിവേദനം മടക്കിയതായി തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിശദീകരണം. ഭവനനിര്‍മാണം ഒരു സംസ്ഥാനവിഷയമാണെന്നും അത്തരം അഭ്യര്‍ഥനകള്‍ ഒരാള്‍ക്ക് മാത്രമായി അനുവദിക്കാനോ തീരുമാനിക്കാനോ സാധിക്കില്ലെന്നും അതിന് സംസ്ഥാനസര്‍ക്കാര്‍ തന്നെ വിചാരിക്കമെന്നും മന്ത്രി കുറിപ്പില്‍ പറഞ്ഞു.

പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ താന്‍ നല്‍കാറില്ലെന്നും ജനങ്ങള്‍ക്ക് വ്യാജപ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് ഭവനം ഉറപ്പാക്കാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും രണ്ടുകൊല്ലമായി ഇതുകണ്ടുകൊണ്ടിരുന്ന ആളുകള്‍ താന്‍ കാരണമെങ്കിലും ഇപ്പോള്‍ വീട് വെച്ചുനല്‍കാന്‍ ഇറങ്ങിയല്ലോയെന്നും മന്ത്രി പറഞ്ഞു.

Signature-ad

സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു വ്യക്തീകരണം,

അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തില്‍ നിരവധി വാര്‍ത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലര്‍ സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു. ഒരു പൊതുപ്രവര്‍ത്തകനായി, എനിക്ക് എന്ത് ചെയ്യാന്‍ കഴിയും, എന്ത് ചെയ്യാന്‍ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ ഞാന്‍ നല്‍കാറില്ല. ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുന്നത് എന്റെ ശൈലി അല്ല. ഭവനനിര്‍മ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാല്‍ അത്തരം അഭ്യര്‍ത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണം. എന്റെ ശ്രമങ്ങള്‍ എല്ലായ്‌പ്പോഴും സിസ്റ്റത്തിനുള്ളില്‍ പ്രവര്‍ത്തിച്ച്, ജനങ്ങള്‍ക്ക് യഥാര്‍ത്ഥ നേട്ടങ്ങള്‍ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാന്‍ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ… കഴിഞ്ഞ 2 കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ ഞാന്‍ കാരണം എങ്കിലും ഇപ്പൊള്‍ വീട് വെച്ച് നല്‍കാന്‍ ഇറങ്ങിയല്ലോ… ജനങ്ങളുടെ പോരാട്ടങ്ങളില്‍ രാഷ്ട്രീയ കളികള്‍ക്കല്ല, യഥാര്‍ത്ഥ പരിഹാരങ്ങള്‍ക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.

Back to top button
error: