ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതി വിധി അപകടകരമായ കീഴ് വഴക്കം; സുപ്രീം കോടതിയില്‍ ഹര്‍ജി; ‘ഭാവിയില്‍ മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ ആവര്‍ത്തിക്കും’

ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാര്‍ നല്കിയ ഹര്‍ജിയില്‍ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും ഹര്ജിക്കാരന് വാദിക്കുന്നു.
വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂര്‍ണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല.
സ്പോണ്‍സറിങ് അടക്കം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം. സംഗമം നടത്തിയ 45 ദിവസങ്ങള്‍ക്കുളളില്‍ ഓഡിറ്റിങ് നടത്തി ദേവസ്വം സ്പെഷല്‍ കമ്മീഷണര്‍ മുഖേന കണക്കുകള്‍ ദേവസ്വം ബെഞ്ചിനെ അറിയിക്കണം. സാധാരണ തീര്‍ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ഇക്കാര്യം സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുും ഉറപ്പുവരുത്തണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.






