സൈബര്‍ ആക്രമണം നടത്തുന്നവര്‍ പാര്‍ട്ടിക്കാരല്ല; 25 ഫേക്ക് ഐഡികള്‍ ഉണ്ടെങ്കില്‍ ഇതൊക്കെ ആര്‍ക്കും ചെയ്യാം; ഞാന്‍ വിചാരിച്ചാലും നടക്കും; തീരുമാനം നിലപാടിന്റെ ഭാഗം; കേരളം മുഴുവന്‍ അലയടിച്ചു വന്നാലും അതില്‍ മാറ്റമില്ല: വി.ഡി. സതീശന്‍

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നിലപാട് എടുത്തതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന വി.ഡി. സതീശന്‍ നിലപാടു വ്യക്തമാക്കി രംഗത്ത്. എന്നാല്‍ സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്നുപോകുന്ന ആളല്ല താനെന്നും ഇത്തരം ആക്രമണം നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്നുമാണ് സതീശന്‍ പറയുന്നത്. രാഹുല്‍ യു.ഡി.എഫിന്റെ ഭാഗമല്ലെന്നും സതീശന്‍.
ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തവരാണ് വ്യാജ ഐഡികള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ കമന്റും പോസ്റ്റും ഇടുന്നതെന്നും കേരളം മുഴുവന്‍ പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ അലയടിച്ചു വന്നാലും തീരുമാനത്തില്‍ മാറ്റമില്ലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സതീശന്റെ വാക്കുകള്‍
ഞാനും കൂടി പങ്കാളിയായ മുഴുവന്‍ നേതാക്കന്മാരുടെയും ഏകാഭിപ്രായത്തില്‍ എടുത്ത തീരുമാനമാണ്. പിന്നെ ആക്രമിക്കുന്ന ആരെങ്കിലും പാര്‍ട്ടിക്കാരുണ്ടോ? അതിനകത്ത് ഏതെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തവന്‍ ഉണ്ടോ? ഏതെങ്കിലും സമരത്തില്‍ പോലീസിന്റെ ക്രൂരമായ ലാത്തി ചാര്‍ജ് ഏറ്റ ആരെങ്കിലും ഉണ്ടോ ആ കൂട്ടത്തില്‍? ഏതെങ്കിലും സമരത്തില്‍ ഒരു വെള്ളത്തിന്റെ മുമ്പില്‍ എഴുന്നേറ്റ് നിന്നവന്‍ ഉണ്ടോ? സമരത്തില്‍ പങ്കെടുത്തവന്‍ ഉണ്ടോ? ഒരാളും ഇല്ല ഇത് പാര്‍ട്ടിയുമായിട്ട് ഒരു ബന്ധവും ഇല്ലാത്ത ആളുകളാണ്. പുറത്തുനിന്നും വിദേശത്തുനിന്നും ഫേക്ക് ഐഡിയില്‍ ഇപ്പോള്‍ ഈ കാലത്ത് ആര്‍ക്കും ആര്‍ക്കെതിരെ എന്തും പറയാന്‍ പറ്റും. എനിക്ക് പറ്റും.
പക്ഷേ എനിക്ക് ടാര്‍ഗെറ്റ് ഇല്ല, ഞാന്‍ വിചാരിച്ചാലും നടക്കും. ഒരു 25 ഫേക്ക് ഐഡി ഉണ്ടാക്കി ഒരു 50 പേര് രാവിലെ തൊട്ട് വൈകുന്നേരം ഇരിക്കും. കുറച്ച് കാശും കൂടി കൊടുത്താല്‍ കുറച്ച് യൂട്യൂബ് ചാനലും കൂടി കിട്ടും. വേറെ കാര്യത്തില്‍ റീച്ച് കിട്ടിയിരിക്കുന്ന ആളുകളെ ഹയര്‍ ചെയ്തിട്ട് അതുകൂടി ചെയ്ത് ആരെ വേണമെങ്കിലും കൊല്ലാം.
ഞാന്‍ അതിലൊന്നും ഭയപ്പെടുന്ന ആളല്ല. കാരണം സോഷ്യല്‍ മീഡിയയോ ഈ സൈബര്‍ ആളുകളോ ഒന്നുമല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നത് നമ്മുടെ ബോധ്യങ്ങളില്‍ നിന്നാണ്. ആ ബോധ്യങ്ങളില്‍ നിന്ന് എടുത്ത തീരുമാനം നമ്മുടെ നിലപാടിന്റെ ഭാഗമാണ്. ഈ 25 സൈബര്‍ പോരാളികള്‍ അല്ല, കേരളം മുഴുവന്‍ അലയടിച്ചു വന്നാലും കടല്‍ പോലെ അലയടിച്ചു വന്നാലും തീരുമാനത്തില്‍ മാറ്റമില്ല.






