നേപ്പാളില്‍ ജെന്‍സീയും സൈന്യവും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചയില്‍ അന്തിമതീരുമാനം ; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിക്ക് തന്നെ സാധ്യത, ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന് സൂചന

കാഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി ഇന്ന് രാത്രി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. രാജ്യത്തെ ജന്‍സീ തലമുറയുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം.
പ്രക്ഷോഭകര്‍ നേപ്പാള്‍ സൈന്യവുമായും പ്രസിഡന്റ് റാം ചന്ദ്ര പൗഡലുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാനുള്ള അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടത്. ഇന്ന്, സൈന്യവും ജെന്‍സീ പ്രതിനിധി സംഘവും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചയാണ് ഏവരും ഉറ്റുനോക്കുന്നത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നത്, പാര്‍ലമെന്റ് പിരിച്ചുവിടുന്നത് തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഈ കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച.
ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്തേക്ക് സുശീല കാര്‍ക്കിയെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. സൈന്യവും ജെന്‍സി പ്രതിനിധി സംഘവും തമ്മില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി വരെ നീണ്ട കൂടിക്കാഴ്ചയില്‍ കാര്‍ക്കിയും പങ്കെടുത്തിരുന്നു. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായുടെ പിന്തുണയും അവര്‍ക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഇടക്കാല പ്രധാനമന്ത്രിയെ സംബന്ധിച്ച് ഒരു സമവായത്തില്‍ എത്താന്‍ പ്രതിനിധി സംഘത്തിന് കഴിഞ്ഞില്ല.
നേപ്പാളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ട വ്യക്തിയായ 54 വയസ്സുകാരനായ കുല്‍മാന്‍ ഘിസിംഗിന്റെ പേര് ഒരു വിഭാഗം മുന്നോട്ട് വെച്ചതാണ് ഇതിന് കാരണം. പ്രധാന നഗരങ്ങളിലെ തെരുവുകള്‍ സാധാരണനിലയിലേക്ക് മടങ്ങിയെങ്കിലും സൈന്യം തലസ്ഥാനത്ത് പട്രോളിംഗ് നടത്തുകയും നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കടകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിച്ചു. പൗരസമൂഹത്തിന്റെ കൂട്ടായ്മകള്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും കാണാമായിരുന്നു. കലാപത്തില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 51 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. 100 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.






