ജോലി റോഡ് സൈഡ് തട്ടുകടയില്‍ പാചകക്കാരന്, ശമ്പളം മാസം 10,000 രൂപ ; അക്കൗണ്ടില്‍ നടന്നത് 48 കോടികളുടെ ഇടപാട് ; വിവരമറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോള്‍

ന്യൂഡല്‍ഹി: റോഡ് സൈഡ് ഭക്ഷണശാലയിലെ ഒരു സാധാരണ പാചകക്കാരനായി ജീവിതം തുടങ്ങിയ രവീന്ദ്ര സിംഗ് ചൗഹാന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഭിന്ദ് സ്വദേശിയായ രവീന്ദ്ര, ഗ്വാളിയോറിലെ ഒരു ധാബയില്‍ മാസം വെറും 10,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ തുറന്ന ഒരു ബാങ്ക് അക്കൗണ്ടിലൂടെ 40.18 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം അറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോഴാണ്.
2017-ല്‍ മെഹ്റ ടോള്‍ പ്ലാസയില്‍ ജോലി ചെയ്യുന്ന സമയത്ത് ശശി ഭൂഷണ് റായ് എന്ന ഒരു സൂപ്പര്‍വൈസറെ കണ്ടുമുട്ടിയെന്ന് രവീന്ദ്ര ഓര്‍മ്മിക്കുന്നു. രണ്ടുവര്‍ഷത്തിനുശേഷം, 2019-ല്‍, റായ് ഒരു സാധാരണ സന്ദര്‍ശനത്തിനെന്ന വ്യാജേന രവീന്ദ്രയെ ഡല്‍ഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച്, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ് റായ് രവീന്ദ്രയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. അതിനുശേഷം രവീന്ദ്ര ഗ്വാളിയോറിലേക്ക് മടങ്ങുകയും പിന്നീട് ജോലി തേടി പൂനെയിലേക്ക് പോവുകയും ചെയ്തു. ഈ അക്കൗണ്ടിനെക്കുറിച്ച് അദ്ദേഹം പിന്നീട് പൂര്‍ണ്ണമായും മറന്നു.
ഈ വര്‍ഷം ഏപ്രിലില്‍ ആദായനികുതി വകുപ്പ് രവീന്ദ്രയുടെ ഭിന്ദിലെ വീട്ടിലേക്ക് ഒരു നോട്ടീസ് അയച്ചു. നോട്ടീസ് ഇംഗ്ലീഷിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് അത് മനസ്സിലായില്ല. രണ്ടാമത്തെ നോട്ടീസ് ജൂലൈയില്‍ ലഭിച്ചപ്പോള്‍, കുടുംബം രവീന്ദ്രയെ വിവരമറിയിച്ചു. പരിഭ്രാന്തനായ രവീന്ദ്ര പൂനെയിലെ ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചുപോയി. ഗ്വാളിയോറിലെ അഭിഭാഷകനായ പ്രദ്യുമ്ന് സിംഗിനെ നോട്ടീസുമായി സമീപിച്ചപ്പോള്‍, 46.18 കോടി രൂപയുടെ ഇടപാടുകള്‍ അക്കൗണ്ടിലൂടെ നടന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അദ്ദേഹം വെളിപ്പെടുത്തി.
അഭിഭാഷകനായ സിംഗിന്റെ അഭിപ്രായത്തില്‍, ശശി ഭൂഷണ് റായ് രവീന്ദ്രയുടെ പാനും ആധാറും ഉപയോഗിച്ചാണ് അക്കൗണ്ട് തുറന്നത്. രവീന്ദ്രയുടെ പേരില്‍ ശൗര്യ ഇന്റര്‍നാഷണല്‍ ട്രേഡേഴ്സ് എന്നൊരു സ്ഥാപനവും ഇയാള്‍ തുടങ്ങിയിട്ടുണ്ട്. ഈ കമ്പനിയിലൂടെ 2023 വരെ 40.18 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. നിലവില്‍ ഇടപാടുകള്‍ നിലച്ചിട്ടുണ്ടെങ്കിലും, അക്കൗണ്ടില്‍ 12.5 ലക്ഷം രൂപ ഇപ്പോഴുമുണ്ട്.






