ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ സംശയിക്കുന്ന വ്യക്തിയുടെ ആദ്യ ചിത്രങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടു ; കോളേജ് വിദ്യാര്‍ത്ഥിയെന്ന് സംശയം ; കണ്ടെത്താന്‍ ശ്രമം തുടങ്ങി

യൂട്ടാ: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ സംശയിക്കുന്ന വ്യക്തിയുടെ ആദ്യ ചിത്രങ്ങള്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പുറത്തുവിട്ടു. അമേരിക്കന്‍ യാഥാസ്ഥിതിക പ്രവര്‍ത്തകനും ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയുമായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ചിത്രവുമായി ബന്ധപ്പെട്ടയാളുടെ വിവരങ്ങള്‍ പങ്കുവെക്കാന്‍ യുഎസ് ഫെഡറല്‍ അന്വേഷണ ഏജന്‍സി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഈ വ്യക്തിയെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. ചാര്‍ളി കിര്‍ക്കിന്റെ കൊലയാളിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി എഫ്ബിഐ സാള്‍ട്ട് ലേക്ക് സിറ്റി ഓണ്‍ലൈന്‍ ഫോമും പങ്കുവെച്ചു. ബുധനാഴ്ച അമേരിക്കയിലെ യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് യാഥാസ്ഥിതിക പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. ഇതുവരെയുള്ള അന്വേഷണത്തില്‍, കിര്‍ക്കിന്റെ കൊലയാളി ഒരു ‘കോളേജ് പ്രായത്തിലുള്ള’ വ്യക്തിയാണെന്നും, അക്രമിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അയാളെ തിരിച്ചറിയാന്‍ കഴിയുമെന്നും എഫ്ബിഐ കൂട്ടിച്ചേര്‍ത്തു.
ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ട വനമേഖലയില്‍ നിന്ന് ‘ഉയര്‍ന്ന ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ കണ്ടെടുത്തതായി എഫ്ബിഐ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ പാദമുദ്ര, കൈപ്പത്തിയുടെ അടയാളം, കൈത്തണ്ടയുടെ അടയാളം എന്നിവയും വിശകലനത്തിനായി ശേഖരിച്ചിട്ടുണ്ട്. തോക്ക് അക്രമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആയിരുന്നു കിര്‍ക്കിന് കഴുത്തില്‍ വെടിയേറ്റത്. തല്‍ക്ഷണം കിര്‍ക്ക് നിലത്തുവീഴുകയും മരണമടയുകയുമായിരുന്നു.






