ഗാസയില്‍ ഒരിടത്തും സുരക്ഷയില്ല ; പത്തുലക്ഷം പോരോട് ഒഴിഞ്ഞുപോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു ഇസ്രായേല്‍ ; ഒന്നുകില്‍ യുദ്ധത്തില്‍ മരിക്കാം, അല്ലാത്തവര്‍ക്ക് പട്ടിണി കിടന്നു മരിക്കാം

ജറുസലേം: ചുറ്റോടുചുറ്റുമുള്ള രാജ്യങ്ങളിലെല്ലാം ആക്രമണം നടത്തുന്ന ഇസ്രായേല്‍ ഗാസയില്‍ കനത്ത ആക്രമണം തുടരുകയാണ്. പലസ്തീനിലെ ഏറ്റവും വലിയ നഗരം പിടിക്കുന്നത് ലക്ഷ്യമിട്ട് നീങ്ങുന്ന ഇസ്രായേല്‍ പത്തുലക്ഷം പോരോട് ഒഴിഞ്ഞുപോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉയര്‍ന്ന കെട്ടിടങ്ങളില്‍ ബോംബാക്രമണം നടത്തുകയും ഇതിനകം തകര്‍ന്നതും ക്ഷാമം അനുഭവിക്കുന്നതുമായ സ്ഥലത്ത് ആക്രമണങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന് ബുധനാഴ്ച വ്യക്തമാക്കുമെന്നും അറിയിച്ചിരിക്കുകയാണ്.
ഹമാസിന്റെ അവസാനത്തെ ശക്തികേന്ദ്രം എന്ന് വിളിക്കുന്ന സ്ഥലത്താണ് തങ്ങള്‍ പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുന്നതെന്നാണ് ഇസ്രായേല്‍ സൈന്യം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം പ്രദേശം വിട്ടുപോയിട്ടുണ്ട്. എന്തു സംഭവിച്ചാലും സ്വന്തം മണ്ണ് വിടില്ലെന്ന് വ്യക്തമാക്കി വൃത്തിഹീനമായ കൂടാര ക്യാമ്പുകളില്‍ ഇപ്പോഴും ആളുകള്‍ താമസിക്കുന്നുമുണ്ട്. സുരക്ഷിത മേഖലയായി കണക്കാക്കുന്ന തെക്കോട്ട് പോകാനാണ് പ്രദേശത്ത് തങ്ങിയിട്ടുള്ളവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഗാസ നഗരം വിട്ടുപോകാന്‍ പലരും വിസമ്മതിക്കുകയാണ്. താമസം മാറാന്‍ ഇനി ശക്തിയോ പണമോ ഇല്ലെന്ന് ഇവര്‍ പറയുന്നു. ഒന്നുകില്‍ യുദ്ധത്തില്‍ മരിക്കാം അല്ലെങ്കില്‍ പട്ടിണിയില്‍ മരിക്കാം.
ഓഗസ്റ്റ് 22 ന് അന്താരാഷ്ട്ര വിദഗ്ധര്‍ ഗാസ നഗരത്തില്‍ ക്ഷാമം പ്രഖ്യാപിച്ചതിനുശേഷം 26 കുട്ടികള്‍ ഉള്‍പ്പെടെ 126 പലസ്തീനികള്‍ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം 141 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 404 പേര് പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചു. ഗാസ മുനമ്പ് ഒരു സുരക്ഷിത മേഖലയല്ല, എല്ലായിടത്തും അപകടമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇസ്രായേലി വെടിവയ്പ്പില്‍ കൊല്ലപ്പെട്ട 41 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രികളില്‍ എത്തിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 184 പേര്‍ക്ക് പരിക്കേറ്റു. 27 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയന് ഇസ്രായേലിനോടും പലസ്തീനോടുമുള്ള സമീപനത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്.
‘മനുഷ്യനിര്‍മിത ക്ഷാമം ഒരിക്കലും യുദ്ധത്തിനുള്ള ആയുധമാകാന്‍ കഴിയില്ല. കുട്ടികള്‍ക്കുവേണ്ടി, മാനവികതക്കുവേണ്ടി. ഇത് അവസാനിപ്പിക്കണം,’ വോണ്‍ ഡെര്‍ ലെയ്ന്‍ ബുധനാഴ്ച ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് യോഗത്തില്‍ പറഞ്ഞു.






