സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, തന്നെ വിഷം തന്ന് കൊല്ലാന്‍ കോടതിയോട് അപേക്ഷിച്ചു സൂപ്പര്‍സ്റ്റാര്‍ ; ജയിലില്‍ തനിക്ക് വലിയ പ്രശ്‌നമാണെന്ന കൊലക്കേസില്‍ പ്രതിയായ കന്നഡനടന്‍ ദര്‍ശന്‍

ബംഗലുരു: തനിക്ക് ദിവസങ്ങളായി സൂര്യപ്രകാശം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും തനിക്ക് ‘വിഷം’ നല്‍കാനും കോടതിയോട് ആവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍താരം ദര്‍ശന്‍. രേണുകസ്വാമി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായപ്പോഴാണ് ദര്‍ശന്‍ ഈ ആവശ്യം ഉന്നയിച്ചത്.
കൈകളില്‍ ഫംഗസ് ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ജയിലില്‍ പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിനാല്‍ തനിക്ക് ദിവസങ്ങളായി സൂര്യപ്രകാശം ലഭിക്കുന്നില്ലെന്നും, ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ദുര്‍ഗന്ധമുണ്ടെന്നും ജയിലില്‍ താന്‍ കടുത്ത പ്രശ്നങ്ങള്‍ നേരിടുകയാണെന്നും ദര്‍ശന്‍ പറഞ്ഞു. ഇതിനുശേഷമാണ് തനിക്ക് വിഷം നല്‍കണമെന്ന് ജഡ്ജിയോട് ദര്‍ശന്‍ അഭ്യര്‍ത്ഥിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി കോടതി കേസ് സെപ്റ്റംബര്‍ 19-ലേക്ക് മാറ്റിവച്ചു. കഴിഞ്ഞ മാസം കര്‍ണാടക ഹൈക്കോടതി നടന് നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 14-നാണ് ദര്‍ശനെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
നടി പവിത്ര ഗൗഡയ്ക്കും മറ്റ് പലര്‍ക്കുമൊപ്പം ദര്‍ശനും 33 വയസ്സുള്ള രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചയാളാണ് കൊല്ലപ്പെട്ട രേണുകസ്വാമി.






