സാധാരണക്കാര്‍ക്ക് കഷ്ടപ്പാടുകളും രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് ആഡംബര വസ്തുക്കളും അവധിക്കാലവും ; മന്ത്രിയാണെന്ന് ഒന്നും നാട്ടുകാര്‍ നോക്കിയില്ല, നഗരത്തിലൂടെ ഓടിച്ചിട്ടു തല്ലി, തൊഴിച്ചുവീഴ്ത്തി…!

ന്യൂഡല്‍ഹി: കലാപം രൂക്ഷമായിരിക്കുന്ന ഹിമാലയന്‍ രാഷ്ട്രത്തില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെയും പ്രസിഡന്റ് രാംചന്ദ്ര പൗഡലിന്റെയും വീടിന് തീയിട്ടതിന് പിന്നാലെ, ധനകാര്യമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ കാഠ്മണ്ഡുവില്‍ വെച്ച് പ്രക്ഷോഭകാരികള്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നതിന്റെയും പിന്തുടര്‍ന്നു തൊഴിച്ചുവീഴ്ത്തുന്നതിന്റെയും വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു.
വീഡിയോയില്‍ കാണുന്നതനുസരിച്ച്, 65 വയസ്സുള്ള ശ്രീ. പൗഡല്‍ കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ ഓടുകയാണ്, അദ്ദേഹത്തിന് പിന്നാലെ നിരവധി ആളുകളുണ്ട്. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു യുവപ്രക്ഷോഭകന്‍ ചാടി മന്ത്രിയെ ചവിട്ടി വീഴ്ത്തുന്നു. ബാലന്‍സ് തെറ്റി അദ്ദേഹം ചുവന്ന മതിലിലേക്ക് ഇടിച്ചു വീഴുന്നതും മറ്റൊരാളെത്തി കോളറിന് പിടിച്ചുകൊണ്ടു പോകുന്നതും കാണാം.
മന്ത്രി എഴുന്നേറ്റ് വീണ്ടും ഓടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നേരത്തെ, യുവപ്രക്ഷോഭകര്‍ രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെന്റര്‍-ലെഫ്റ്റ് നേപ്പാളി കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ഒലി നാലാം തവണയാണ് അധികാരത്തിലെത്തിയത്.
സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടും മൂന്ന് മ ന്ത്രിമാര്‍ രാജി വെച്ചതിന് പിന്നാലെയാണ് ഒലിയുടെ രാജിയും വരുന്നത്. വെള്ളിയാഴ്ച മുതല്‍, സാധാരണ നേപ്പാളികളുടെ കഷ്ടപ്പാടുകളും രാഷ്ട്രീയക്കാരുടെ മക്കള്‍ ആഡംബര വസ്തുക്ക ളും വിലകൂടിയ അവധിക്കാല യാത്രകളും കാണിക്കുന്ന വീഡിയോകളും ടിക് ടോക്കില്‍ വൈറലായി.
വെള്ളിയാഴ്ച, 30 ദശലക്ഷം ജനങ്ങളുള്ള ഹിമാലയന്‍ രാഷ്ട്രത്തില്‍, രജിസ്റ്റര്‍ ചെയ്യാത്ത 26 പ്ലാറ്റ്ഫോമുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുള്‍പ്പെടെയുള്ള നിരവധി സാമൂഹിക മാധ്യമ സൈറ്റുകള്‍ക്ക് തടസ്സമുണ്ടായിരുന്നു. ഇതോടെയാണ് യുവത തെരുവില്‍ ഇറങ്ങിയതും അക്രമം കാട്ടിയതും.






