Breaking NewsKeralapolitics

പറഞ്ഞത് തെറ്റായിപ്പോയെന്ന് തിരിച്ചറിയുന്നു, ബാഹ്യശക്തികളുടെ സമ്മര്‍ദ്ദമാണ് തന്നെക്കൊണ്ട് അങ്ങിനെ പറയിച്ചത് ; കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയ നേതാവ് ഒരാഴ്ച തികയും മുമ്പ് തിരിച്ചുവന്നു

പാലക്കാട്: അഭിപ്രായഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് എതിര്‍പാളയത്തിലേക്ക് പോയ നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പഴയ പാര്‍ട്ടിയിലേക്ക് ക്ഷമാപണം നടത്തി തിരിച്ചുവന്നു. പാലക്കാട്ടെ കോണ്‍ഗ്രസുകാരനായ റിയാസ് തച്ചമ്പാറയാണ് എതിര്‍ഭാഗത്ത് പോയി ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയെത്തിയത്.

കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു റിയാസ് പാര്‍ട്ടിവിട്ടത്. എന്നാല്‍ അത് തന്റെ മാനസീക പ്രയാസങ്ങള്‍ മൂലമായിരുന്നെന്നും കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ തനിക്ക് കഴിയില്ലെന്നും പ്രസ്താവിച്ചുകൊണ്ടാണ് തിരിച്ചുവന്നത്.

Signature-ad

ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ് ഡിസിസി പ്രസിഡന്റിനെതിരെ പറഞ്ഞതെന്നും അതില്‍ എ തങ്കപ്പനോട് ക്ഷമാപണം നടത്തുന്നു എന്നും മറ്റൊരു പാര്‍ട്ടിയില്‍ തനിക്ക് പോകാന്‍ കഴിയില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് തച്ചമ്പാറ മണ്ഡലം പ്രസിഡന്റായിരുന്നു റിയാസ്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ഇതോടെ കോണ്‍ഗ്രസ് വിട്ട് എതിര്‍ ചേരിയിലേക്ക് പോയ റിയാസ് സിപിഐഎം ഏരിയാ സെന്റര്‍ അംഗം കെ കെ രാജന്‍, ഏരിയ കമ്മിറ്റി അംഗം ഷാജ്മോഹന്‍, ലോക്കല്‍ സെക്രട്ടറി എ ആര്‍ രവിശങ്കര്‍, റാഷിദ് എന്നിവര്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയും കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റിയാസിന് പാര്‍ട്ടി സംരക്ഷണവും സ്വീകരണവും നല്‍കുമെന്ന് കെ കെ രാജന്‍ പറയുകയും ചെയ്തിരുന്നു. ഇതിന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് തനിക്ക് കോണ്‍ഗ്രസ് വിടാനാകില്ലെന്ന് പറഞ്ഞ് തിരികെ വന്നത്.

Back to top button
error: