ആഗോള അയ്യപ്പസംഗമത്തിന്റെ ഉദ്ദേശം ശബരിമലമാസ്റ്റര്‍പ്ലാന് വിദേശനിക്ഷേപം സ്വീകരിക്കല്‍ ; ഭക്തരായ സ്പോണ്സര്മാരില് നിന്നും പണം കണ്ടെത്തി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും

കൊച്ചി: ആഗോള അയ്യപ്പസംഗമത്തിലൂടെ ശബരിമല മാസ്റ്റര്‍പ്ലാന്‍ വിദേശനിക്ഷേപം സ്വീകരിക്കുയാണ് ഉദ്ദേശമെന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ഭക്തരായ സ്പോണ്സര്മാരില് നിന്നും പണം കണ്ടെത്തി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഉദ്ദേശമെന്നും ശബരിമലയെ ആഗോള തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറുപടി. ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മറ്റന്നാള്‍ മറുപടി നല്‍കാനാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്കി. ഹൈന്ദവീയം ഫൗണ്ടേഷന് ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നടപടി. ഹൈന്ദവീയം ഫൗണ്ടേഷന് ട്രസ്റ്റ് നല്കിയ ഹര്‍ജിയാണ് പരിഗണിച്ചത്.
ഹര്‍ജി ഡിവിഷന് ബെഞ്ച് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. മതേതര സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്താന്‍ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ മറ മാത്രമെന്നുമാണ് ഹര്ജിക്കാരന് ഉയര്‍ത്തിയ വാദം. എന്നാല്‍ ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. അയ്യപ്പ സംഗമത്തിന് മൂവായിരം പ്രതിനിധികളെ പ്രതീക്ഷിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.
ഹര്ജിക്കാരന് അനാവശ്യ മുതലെടുപ്പിന് ശ്രമിക്കുന്നു വെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. സെപ്റ്റംബര്‍ 20-ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.






