ജി.എസ്.ടി. നിരക്കില്‍ ഓണം വില്‍പന കുറഞ്ഞെന്ന് വ്യാപാരികള്‍; ടിവി മുതല്‍ എസിവരെയുള്ള കച്ചവടം തിരിച്ചടിച്ചു; സെപ്റ്റംബര്‍ 22 മുതല്‍ നികുതി കുറയുക 10 ശതമാനം; ഡിസ്‌കൗണ്ടുകള്‍ പരിഗണിച്ചാല്‍ ഓണക്കാലത്ത് വാങ്ങുന്നത് ലാഭമെന്നു വ്യാപാരികള്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച നികുതി പരിഷ്‌കാരത്തില്‍ തിരിച്ചടി കിട്ടിയത് ഓണം വിപണിക്ക്. സെപ്റ്റംബര്‍ 22നു പ്രാബല്യത്തില്‍ വരുന്ന പുതിയ ജി.എസ്.ടി. നിരക്കുകള്‍ മുന്നില്‍കണ്ട് ജനം പര്‍ച്ചേസുകള്‍ മാറ്റിവച്ചതാണ് കാരണം. ഇതേത്തുടര്‍ന്ന് ഓണം വില്‍പനയില്‍ കാര്യമായ ഇടവുണ്ടായെന്നു സംസ്ഥാനത്തെ മുന്‍നിര വ്യാപാരികള്‍ പറഞ്ഞു.
സാധാരണഗതിയില്‍ ഓണത്തോട് അനുബന്ധിച്ചാണ് അടുത്ത ഒരുവര്‍ഷത്തെ വ്യാപാരങ്ങള്‍ക്കുള്ള ആക്കം കൂടുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി യുഎസ് നികുതി പരിഷ്‌കാരങ്ങള്‍ എത്തിയതും ഇതിന്റെ തിരിച്ചടി മറികടക്കാന്‍ ജി.എസ്.ടി. നിരക്കുകള്‍ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കിയതും വില്‍പനയെ ബാധിച്ചു. ജി.എസ്.ടി. പരിധിയില്‍വരുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പത്തുശതമാനം വിലക്കുറവുണ്ടാകുമെന്നു മുന്നില്‍കണ്ടാണ് ഇടപാടുകള്‍ അല്‍പം നീട്ടിവയ്ക്കുന്നത്.
ഉയര്‍ന്ന വിലയുള്ള ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, ടെലിവിഷനുകള്‍, എയര്‍കണ്ടീഷനുകള്‍, റഫ്രിജറേറ്ററുകള്‍, ഡിഷ്‌വാഷര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ വില പുതിയ നിരക്ക് അനുസരിച്ച് 5 മുതല്‍ 18 ശതമാനത്തിന് ഇടയില്‍ വരും. ഇതിനെല്ലാം മുമ്പ് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കിയിരുന്നത്. ഓണത്തിനു മുന്നോടിയായി സെപ്റ്റംബര്‍ മൂന്നിനാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതിനു പിന്നാലെ ടെലിവിഷനുകളുടെ വില്‍പന കുത്തനെ ഇടിഞ്ഞു.
ഈ വര്‍ഷം ആദ്യം മുതല്‍ ടിവികളുടെ വില്‍പന മികച്ച നിലയിലായിരുന്നെങ്കില്‍ പ്രഖ്യാപനം വന്നതിനു ശേഷം എട്ടു ശതമാനത്തോളം ഇടിവുണ്ടായി. എസികളുടെ വ്യാപാരത്തില്‍ 40 ശതമാനം കുറവുണ്ടായി. വാഷിംഗ് മെഷീനുകളുടെ വില്‍പനയില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. സെപ്റ്റംബര്‍ 22നുശേഷം ഈ പ്രശ്‌നം മാറിക്കിട്ടുമെന്നാണു കരുതുന്നതെന്നു വ്യാപാരികള്‍ പറയുന്നു. ഓണത്തിന് ഇടയ്ക്കുണ്ടായ മഴയും വ്യാപാരത്തെ ബാധിച്ചു.
ഓണത്തിന്റെ വിലക്കുറവിനായി കാത്തിരുന്ന നിരവധി ഉപഭോക്താക്കളെ താരിഫ് പ്രഖ്യാപനം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഓണത്തിന്റെ ഓഫറുകളും ഡിസ്‌കൗണ്ടുകളും വച്ചുനോക്കിയാല്‍ ജി.എസ്.ടി. കുറവിനേക്കാള്‍ ലാഭമുണ്ടാകുമെന്ന് പരമാവധി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഓണം നാളുകളില്‍ മിക്ക കമ്പനികളും ദീര്‍ഘകാലത്തെ വാറന്റി പ്രഖ്യാപിച്ചിരുന്നു. സാധാരണ ദിനങ്ങളില്‍ വാറന്റി സമയം കൂട്ടിക്കിട്ടുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടിവരും. കുറഞ്ഞത് 10 മുതല്‍ 15 ശതമാനം ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങുന്നതു കുറച്ചിട്ടുണ്ടെന്നു വ്യാപാരികള്‍ പറഞ്ഞു. എസിയുടെ വില്‍പനയില്‍ 40 ശതമാനം കുറവുവന്നെന്നു ബിസ്മിയുടെ മാനേജ്‌മെന്റ് പറയുന്നു.
GST irony plays out in Onam market as consumers postpone purchase plans






