Breaking NewsBusinessKeralaLead NewsLIFELife StyleNEWSNewsthen SpecialTRENDING

നോക്കിയിരിക്കേ മാറിമറിഞ്ഞ് റിയല്‍ എസ്‌റ്റേറ്റ് മേഖല; വീടു വാങ്ങിക്കൂട്ടുന്നത് ചെറുപ്പക്കാര്‍; 15 കോടി വരെയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു; കമ്യൂണിറ്റി ലിംഗിനോടും അടുപ്പം; തിരുവനന്തപുരത്തിന് കുതിപ്പ്; പുതിയ ട്രെന്‍ഡ് ഇങ്ങനെ

തിരുവന്തപുരം: വയസുകാലത്തു വീടു വാങ്ങി എവിടെയെങ്കിലും സ്വസ്ഥമാകുന്ന പഴയ തലമുറയുടെ സ്ഥിതിയില്‍നിന്നു കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല അടിമുടി മാറുന്നെന്നു റിപ്പോര്‍ട്ട്. ഒരു കാലത്ത്, താമസിക്കാന്‍ ഒരു വീട്, അല്ലെങ്കില്‍ മറിച്ചുവില്‍ക്കാന്‍ ഒരു പ്ലോട്ട് എന്നതായിരുന്നു റിയല്‍ എസ്റ്റേറ്റ് എന്നാല്‍ മലയാളിക്ക്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഉണ്ടാവുകയും വീടുകളെ സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരികയും ചെയ്തു. താമസിക്കാന്‍ കേവലമൊരു വീട് മാത്രമല്ല, ആഡംബരവും അനുബന്ധ സൗകര്യങ്ങളുമുള്ള കമ്മ്യൂണിറ്റി ജീവിതമാണ് ഇന്ന് മലയാളി ആഗ്രഹിക്കുന്നത്. പരമ്പരാഗത രീതിയില്‍ പോകുന്ന നിര്‍മാതാക്കള്‍ മാറുന്ന മലയാളിയുടെ ട്രെന്‍ഡിനൊപ്പം പിടിച്ചുനില്‍ക്കാനും പെടാപ്പാടു പെടുന്നെന്നു ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും ജോലിയില്‍നിന്നുള്ള റിട്ടയര്‍മെന്റിനു കാത്തുനില്‍ക്കാതെ ചെറു പ്രായത്തില്‍തന്നെ വീടു വാങ്ങുന്ന ട്രെന്‍ഡിലേക്ക് എത്തുകയാണ് മലയാളി. മികച്ച വരുമാനവും ജീവിത സാഹചര്യങ്ങളും പുതുതലമുറയെ വേഗത്തില്‍ വീട് വാങ്ങാന്‍ പ്രാപ്തരാക്കുന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനറോക്ക് നടത്തിയ സര്‍വേ പ്രകാരം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നത് 57 ശതമാനം പേരാണ്. അതില്‍ 48 ശതമാനവും 25-35 വയസിനിടയിലുള്ളവരാണ്. 2019ല്‍ കോവിഡിന് മുമ്പ് ഇത് 20 ശതമാനം മാത്രമായിരുന്നു. ചെറുപ്രായക്കാരായ ആളുകളാകുമ്പോള്‍ അവര്‍ക്ക് വേഗത്തില്‍ തീരുമാനമെടുക്കാനാകുന്നു. ബില്‍ഡര്‍മാരെ സംബന്ധിച്ച് ഏറെ കാത്തിരിക്കാതെ ഓരോ പ്രോജക്ടും വിറ്റുപോകാന്‍ ഈ മനോഭാവം സഹായകമാകുകയും ചെയ്യുന്നു.

Signature-ad

കൊച്ചി അടക്കമുള്ള കേരളത്തിലെ വന്‍ നഗരങ്ങളിലെ പ്രധാന ഇടങ്ങളില്‍ വില വന്‍തോതില്‍ ഉയര്‍ന്നത് വില്‍പ്പനയെ ബാധിച്ചിരുന്നു. കൊച്ചിയില്‍ മറൈന്‍ഡ്രൈവും കാക്കനാടും തിരുവനന്തപുരം ടെക്നോപാര്‍ക്കും കോഴിക്കോട് മാവൂര്‍ റോഡുമൊക്കെ ഹോട്ട് സ്‌പോട്ടുകളാണ്. കൊച്ചിയില്‍ വരാപ്പുഴ, തൃപ്പൂണിത്തുറ, അരൂര്‍ ഭാഗങ്ങളിലേക്കും പ്രോജക്ടുകള്‍ നീങ്ങിയിട്ടുണ്ട്. പാലക്കാട്, കോട്ടയം, കണ്ണൂര്‍, കൊല്ലം പോലുള്ള രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും നിര്‍മാണം തകൃതിയാണ്. എന്‍എച്ച് 66ന്റെ വരവോടെ കണക്ടിവിറ്റി കൂടിയത് ഇത്തരം നഗരങ്ങള്‍ക്കും ഡിമാന്‍ഡ് കൂട്ടി. വെയര്‍ഹൗസ് അടക്കം കൊമേഴ്സ്യല്‍, ഓഫീസ് സ്പേസുകള്‍ക്കും ഇവിടങ്ങളില്‍ ഡിമാന്‍ഡ് കൂടിയിട്ടുണ്ട്.

 

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തിരുവനന്തപുരവും വന്‍ കുതിപ്പിലാണ്. ഈവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ തിരുവനന്തപുരത്ത് വിറ്റുപോയത് 1,067 അപ്പാര്‍ട്ട്മെന്റുകളാണ്. കൊച്ചിയില്‍ 887 ഫ്ളാറ്റുകളും കോഴിക്കോട്ട് അറുന്നൂറിലേറെയുമാണ് വിറ്റുപോയത്. വിഴിഞ്ഞം പദ്ധതിയുടെ വരവും എയര്‍പോര്‍ട്ട്, ഹെല്‍ത്ത്കെയര്‍ രംഗത്തെ മുന്നേറ്റം, സര്‍ക്കാരിന്റെ പുതിയ നയ പ്രകാരം സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നെന്ന വാര്‍ത്തകള്‍ എല്ലാം തിരുവനന്തപുരത്തിന് നേട്ടമായിട്ടുണ്ട്. മാത്രമല്ല, കൊച്ചി ഇടപ്പള്ളിയില്‍ റെസിഡന്‍ഷ്യല്‍ മേഖലയില്‍ സെന്റിന് 30 ലക്ഷം രൂപയൊക്കെ നല്‍കേണ്ടി വരുമ്പോള്‍ തിരുവനന്തപുരത്ത് അതേ സൗകര്യത്തില്‍ 20 ലക്ഷം രൂപയ്ക്ക് ലഭിക്കുന്നു.

പണത്തെക്കാള്‍ ഉപരി സൗകര്യങ്ങളാണ് പുതു തലമുറ പരിഗണിക്കുന്നത്. മധ്യവര്‍ത്തി, ആഡംബര പ്രോജ്കടുകള്‍ക്കും വന്‍ ഡിമാന്‍ഡുണ്ട്. 12,000 ചതുരശ്രയടി വിസ്തൃതിയിലുള്ള എല്ലാ സൗകര്യങ്ങളുമടങ്ങിയ വീടുകള്‍ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ക്കു മടിയില്ല. 15 കോടി രൂപയൊക്കെവിലയുള്ള അപ്പാര്‍ട്ട്മെന്റുകളാണ് കൊച്ചിയിലടക്കം ഉയരുന്നത്.ഹോസ്പിറ്റലും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടക്കമുള്ള സൗകര്യങ്ങളെല്ലാം ഉള്‍പ്പെട്ട കമ്യൂണിറ്റി ലിവിംഗും ചെറുപ്പം പരിഗണിക്കുന്നു. ജിമ്മും കഫേയും സ്വിമ്മിംഗ് പൂളും കളിസ്ഥലങ്ങളും ഒക്കെയായി എല്ലാം ഒരു കുടക്കഴീക്കിലെത്തിക്കാന്‍ നിര്‍മാതാക്കളും മത്സരിക്കുന്നു. പ്രായമായവരെ നോക്കുന്നതിനുള്ള സീനിയര്‍ ഹോമുകള്‍ക്കും കേരളത്തില്‍ വന്‍ പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്നു.

സ്മാര്‍ട്ട് വീടുകള്‍

സ്മാര്‍ട്ട് വീടുകള്‍ എന്നത് നാട്ടിന്‍പുറങ്ങളില്‍വരെ എത്തിക്കഴിഞ്ഞു. നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ വീടുകളില്‍ സ്ഥാപിച്ച് സുരക്ഷയും ഊര്‍ജ കാര്യക്ഷമതയും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നവയാണ് സ്മാര്‍ട്ട് ഹോമുകള്‍. കൂള്‍ റൂഫുകള്‍, ഇലക്ട്രോക്രോമിക് സ്മാര്‍ട്ട് ഗ്ലാസ്, വൈദ്യുതി ഉപയോഗം കുറവുള്ള സ്മാര്‍ട്ട് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ ഊര്‍ജ,ജല ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുകയും ശുദ്ധമായ വായു നല്‍കുകയും ചെയ്യുന്നു.

Kerala’s real estate sector is shifting fast. Home buyers are getting younger, investments are spreading to small towns, and demand for upper middle and luxury projects is rising. Explore key trends from Kochi to Thiruvananthapuram

Back to top button
error: