നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കിയുള്ള മടക്കം; ഥാര്‍ ജീപ്പെത്തിയത് അതിവേഗത്തില്‍, പ്രിന്‍സിന്റെയും രണ്ട് മക്കളുടെയും ജീവനെടുത്ത അപടകത്തില്‍ പരിക്കേറ്റ ഐശ്വര്യയുടെ നില ഗുരുതരം; ഞെട്ടല്‍ മാറാതെ തേവലക്കര

കൊല്ലം: ഓച്ചിറയില്‍ ഇന്ന് പുലര്‍ച്ചെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവഗുരുതരം. ഥാര്‍ ജീപ്പിലുണ്ടായിരുന്ന മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചുത്തന്നെ മരിച്ചിരുന്നു. തേവലക്കര സ്വദേശി പ്രിന്‍സ് തോമസും (44) കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേരാണ് ഇതിലുണ്ടായിരുന്നത്.
പ്രിന്‍സും മക്കളായ അതുല്‍ (14), അല്‍ക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ സൂസന്‍ വര്‍ഗീസും മറ്റൊരു മകള്‍ ഐശ്വര്യയും ചികിത്സയിലാണ്. ഐശ്വര്യ അടുത്തുളള സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. ബിന്ദ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പ്രിന്‍സ് കല്ലേലിഭാഗം കൈരളി ഫൈന്‍നാന്‍സ് ഉടമയാണ്. വിന്ദ്യയുടെ സഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാന്‍ പ്രിന്‍സും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയശേഷം തേവലക്കരയിലെ വീട്ടിലേക്ക് വരികയായിരുന്നു. അതിനിടയിലാണ് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്.
കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ റോഡിലേക്ക് തെറിച്ചുവീണിരുന്നു. ഡ്രൈവര്‍ സീറ്റിന്റെ മുന്‍ഭാഗം ഇടിച്ച് അകത്തേക്ക് കയറുകയായിരുന്നു.
ദേശീയപാത നിര്‍മാണം ആരംഭിച്ചശേഷം അപകടങ്ങള്‍ സ്ഥിരമാണെന്നാണ് നാട്ടുകാരുടെ ആരോപണം. വെളിച്ചക്കുറവ് കാരണം റോഡിലുളള കട്ടിംഗോ ഡിവൈഡറോ കാണാന്‍ സാധിക്കില്ലെന്നും. വാഹനമോടിക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണമെന്താണ് പരിശോധിക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജീപ്പ് വേഗത കൂടുതലായിരുന്നുവെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.






