നിമിഷപ്രിയയുടെ മോചനം: ഒരു സംഘം യെമനില്‍ എത്തി; ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: യെമന്‍ സ്വദേശി തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ചര്‍ച്ചകള്‍ക്കായി ഒരു സംഘം ഇന്ന് ആ രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കുന്നു. ആരു ചര്‍ച്ച നടത്തിയാലും നല്ലതാണ്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള സമൂഹമാധ്യമ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജൂലൈ 16ന് നടക്കാനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ത്യന്‍ നയതന്ത്ര ഇടപെടലുകളെ തുടര്‍ന്ന് നീട്ടിവച്ചിരുന്നു.
പാലക്കാട് സ്വദേശിയാണ് നിമിഷപ്രിയ. 2008ല്‍ യെമനിലേക്ക് പോയ നിമിഷപ്രിയ തലാലുമായി ചേര്‍ന്ന് പിന്നീട് സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചു. അവരുടെ പാസ്പോര്‍ട്ട് കൈവശം വച്ചിരുന്ന ബിസിനസ് പങ്കാളി കൂടിയായ തലാലിനെ 2017ല്‍ കൊലപ്പെടുത്തിയെന്നതാണ് കേസ്. പാസ്പോര്‍ട്ട് തിരികെ വാങ്ങാനായി അമിതമായ അളവില്‍ ലഹരിമരുന്ന് കുത്തിവച്ച് മയക്കിക്കിടത്താനായിരുന്നു ശ്രമം. പക്ഷേ, തലാല്‍ മരിച്ചു. തലാലിന്റെ മൃതദേഹം ഒരു വാട്ടര്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായി ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നതായി ചാണ്ടി ഉമ്മന്‍ നേരത്തേ പറഞ്ഞിരുന്നു. യുഎഇയിലും ഖത്തറിലും ചര്‍ച്ചകള്‍ നടന്നതായും അടുത്ത ദിവസങ്ങളില്‍ത്തന്നെ പോസിറ്റീവായ വിവരം കേള്‍ക്കാനാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. യമനില്‍ ബന്ധമുള്ള പ്രവാസി വ്യവസായികള്‍ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. നിമിഷപ്രിയയുടെ മോചനശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഇടതുപക്ഷക്കാര്‍ തെറ്റായ പ്രചാരണം നടത്തുന്നതാകാമെന്നും വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
അതേസമയം, കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പൊലീസില്‍ പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ സംഘമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടണം. സര്‍ക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ എത്രയും വേഗം നടപടിയെടുക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ ഗതി എന്താകും. പൊലീസുകാര്‍ ഫോഴ്സിന് തന്നെ അപമാനമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.






