മറിയക്കുട്ടിക്കൊപ്പം സമരരംഗത്ത്; പെന്‍ഷന്‍ കുടിശിക വാങ്ങാന്‍ നില്‍ക്കാതെ അന്നമ്മ യാത്രയായി

തൊടുപുഴ: ക്ഷേമപെന്‍ഷന്‍ കുടിശികയ്ക്കുവേണ്ടി സമരംചെയ്ത് വാര്‍ത്തകളില്‍ ഇടംനേടിയ മറിയക്കുട്ടിക്കൊപ്പം സമരം ചെയ്ത അന്നം ഔസേപ്പ് (അന്നമ്മ-87) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിധവ പെന്‍ഷന്‍ കുടിശ്ശിക തന്നുതീര്‍ക്കുക, പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബര്‍ എട്ടിനാണ് അന്നമ്മയും സുഹൃത്ത് മറിയക്കുട്ടിയും അടിമാലി ഇരുന്നൂറേക്കര്‍ പൊന്നിരുത്തുംപാറയില്‍ അടിമാലി ടൗണില്‍ പ്ലക്കാടുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്. കറണ്ട് ബില്ല് അടയ്ക്കാന്‍ നിവൃത്തിയില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുമായാണ് ഇവര്‍ അടിമാലി ടൗണില്‍ പ്രതിഷേധിച്ചത്. ഇത് കേരളത്തില്‍ വലിയ സമരാഹ്വാനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സമരത്തെത്തുടര്‍ന്ന് ഇവര്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ അടിയന്തരമായി നല്‍കി. നാനാമേഖലകളില്‍നിന്ന് പൊതുപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഈ വയോധികരെ കാണാനെത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പെന്‍ഷന്‍ ലഭിക്കുന്നതുവരെ ഇരുവര്‍ക്കും പ്രതിമാസം 1600 രൂപ വീതം പെന്‍ഷന്‍ നല്‍കുമെന്ന് രമേശ് ചെന്നിത്തലയും സുരേഷ് ഗോപിയും അന്ന് പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് ഇപ്പോഴും പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പരേതനായ ഔസേപ്പ് ആണ് അന്നക്കുട്ടിയുടെ ഭര്‍ത്താവ്. മക്കള്‍: പരേതരായ ഗ്രേസി, നൈനച്ചന്‍, മറിയം. സംസ്‌കാരം: വ്യാഴാഴ്ച.






