Breaking NewsKeralaLead NewsNEWS

കണ്ണീരില്‍ മുങ്ങി ഉത്രാടപ്പാച്ചില്‍: കൊല്ലത്ത് വാഹനാപകടം; ബസും ജീപ്പും കൂട്ടിയിടിച്ച് അച്ഛനും രണ്ടുമക്കളും മരിച്ചു, അമ്മയ്ക്കും മകള്‍ക്കും പരുക്ക്

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടത്തില്‍ 3 മരണം. രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് സ്വദേശി പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. ഭാര്യ വിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്ക് പരുക്കേറ്റു. വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്യുവിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. എസ്യുവിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ എസ്യുവിയില്‍നിന്ന് പുറത്തെടുത്തത്. ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു ബസ്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു. രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Signature-ad

എസ്യുവിയില്‍ പ്രിന്‍സും ഭാര്യയും മൂന്നു മക്കളുമാണ് ഉണ്ടായിരുന്നത്. പ്രിന്‍സിനോടൊപ്പം മുന്‍ സീറ്റിലിരുന്ന ഭാര്യ വിന്ദ്യയ്ക്ക് നിസാര പരുക്കെയുള്ളു. പ്രിന്‍സ് കല്ലേലിഭാഗം കൈരളി ഫൈന്‍നാന്‍സ് ഉടമയാണ്. വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാന്‍ പ്രിന്‍സും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയിട്ട് തേവലക്കരയിലെ വീട്ടിലേക്കു വരികയായിരുന്നു. മരിച്ച അതുല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും അല്‍ക്ക യുകെജി വിദ്യാര്‍ഥിയുമാണ്.

പൊലീസും ആംബുലന്‍സും വരാന്‍ കാലതാമസമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ബസിലുണ്ടായിരുന്നവരില്‍ ചിലര്‍ റോഡിലേക്ക് തെറിച്ചു വീണെന്നും എസ്‌യുവിയിലെ യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തില്‍ ബസിലെ 16 പേര്‍ക്ക് പരുക്കേറ്റു. 14 പേര്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ എന്‍.അനസ്, കണ്ടക്ടര്‍ ചന്ദ്രലേഖ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ബസില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ ഉണ്ടായിരുന്നു.

 

 

Back to top button
error: