‘ആഗോള അയ്യപ്പ സംഗമ’ത്തിന് ബദലുമായി സംഘപരിവാര്‍; പന്തളത്ത് ‘അയ്യപ്പ സംഗമം’ സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: ശബരിമലയിലെ പന്തളത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദല്‍ സംഗമവുമായി സംഘപരിവാര്‍. ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തിനെതിരെ ബിജെപി രാഷ്ട്രീയ പ്രചാരണവും നടത്തും. ബദല്‍ സംഗമത്തിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍.വി ബാബു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്കൊപ്പമാണ് എന്നുള്ളത് സിപിഐഎമ്മിന്റെ അവസരവാദപരമായ നിലപാടാണെന്നും ആര്‍ വി ബാബു പറഞ്ഞു.
സിപിഐഎമ്മിന് ഒരുകാലത്തും ഹൈന്ദവവിശ്വാസങ്ങളെ മാനിക്കാനാവില്ല. ഹിന്ദുവിരുദ്ധതയില്‍ ഊന്നിക്കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന് ഹിന്ദു വിശ്വാസത്തിനൊപ്പം നില്‍ക്കാനാവില്ല. ഇതെല്ലാം പാര്‍ട്ടിയുടെ അടവ് നയവും അവസരവാദവുമാണ്. വിശ്വാസികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അയ്യപ്പ വിശ്വാസം സംരക്ഷിക്കാനായി സമരം ചെയ്തവര്‍ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കട്ടെയെന്നും ആര്‍ വി ബാബു പറഞ്ഞു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തോട് വിരോധമില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. ഹിന്ദു സംഘടനകളടക്കം ഉന്നയിച്ച ആശങ്കകളില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തത വരുത്തേണ്ടതുണ്ട്. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് വ്യക്തി താല്‍പര്യമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.
പരിപാടിയിലേക്ക് വ്യവസ്ഥകളോടെയാണ് പ്രവേശനം. പൊതുജനങ്ങള്‍ക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവര്‍ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദര്‍ശനം നടത്തിയിരിക്കണം. ശബരിമല വെര്‍ച്വല്‍ ക്യൂ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ പരിഗണിക്കൂവെന്നും നിര്‍ദ്ദേശമുണ്ട്. 500 വിദേശ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്. തെരഞ്ഞെടുത്ത ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഔദ്യോഗിക ക്ഷണക്കത്ത് നല്‍കി തുടങ്ങി. സമുദായ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും പ്രത്യേകം ക്ഷണിക്കും.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എന്‍എസ്എസും എസ്എന്‍ഡിപിയും ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അതിനാല്‍തന്നെ പ്രതിപക്ഷം സംഗമവുമായി സഹകരിച്ചേക്കില്ലെന്നാണ് സൂചന.എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തെ മുസ്ലിം ലീഗ് പിന്തുണച്ചിരുന്നു.






