Breaking NewsKeralaLead NewsNEWS

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; സ്ത്രീകള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാല്‍ നിയമോപദേശം തേടാന്‍ പൊലീസ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസില്‍ സ്ത്രീകള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാല്‍ പൊലീസ് നിയമോപദേശം തേടും. രാഹുലിനെതിരെ ഇതുവരെ ആരും നേരിട്ട് പരാതി നല്‍കാത്തതിനാല്‍ ക്രൈംബ്രാഞ്ച് അങ്ങോട്ട് ചെന്ന് രേഖപ്പെടുത്തുന്ന മൊഴികളില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചാലെ അന്വേഷണം മുന്നോട്ട് നീങ്ങു. സാമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡിവൈഎസ്പി എല്‍. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതില്‍ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയില്‍ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.

Signature-ad

അതിനിടെ, ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണെന്ന് സ്പീക്കറെ അറിയിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അടുത്തയാഴ്ച നിയസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നീക്കം. ഗര്‍ഭഛിദ്ര ശബ്ദരേഖയിലെ യുവതിയെ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവരം ശേഖരിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയെന്ന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. അംഗങ്ങള്‍ക്ക് സഭയില്‍ പങ്കെടുക്കുന്നതില്‍ തടസമില്ല. രാഹുലിനെതിരെ പ്രതിഷേധം ഉണ്ടാവുമോ എന്ന കാര്യം തനിക്ക് പറയാനാവില്ലെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.

മുകേഷിന്റെ വിഷയവും രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയവും താരതമ്യം ചെയ്യാനാകില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഇന്നലെ പറഞ്ഞിരുന്നു. നിയമസഭയില്‍ അതുയര്‍ത്തി കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ക്കാന്‍ കഴിയില്ല. സഭയ്ക്കകത്തും പുറത്തും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.

 

Back to top button
error: