യുകെയില്‍ കോട്ടയം സ്വദേശിയെ നായ്ക്കള്‍ ആക്രമിച്ചു; ഓടിയൊളിച്ച ഉടമസ്ഥ അറസ്റ്റില്‍, കടുത്ത നടപടിക്ക് സാധ്യത

ലണ്ടന്‍: യുകെയില്‍ മലയാളി യുവാവിനെ വീടിന് മുന്നില്‍ നായ്ക്കള്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിന്ന് യുവാവിന്റെ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്നു സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വെയില്‍സിലെ റെക്‌സ്ഹാമിലാണ് ‘ബുള്‍ഡോഗ്’ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളുടെ ആക്രമണം യുവാവിന് നേരെ ഉണ്ടായത്. തുടലില്ലാത്ത നിലയില്‍ ഉടമയായ സ്ത്രീയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന നായ്ക്കള്‍ അതുവഴി പോയ സൈക്കിള്‍ യാത്രക്കാരനായ ഒരാളെ ആക്രമിച്ച ശേഷമാണ് യുവാവിനെ ആക്രമിച്ചത്.
വീടിന് സമീപമുള്ള മറ്റൊരു വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരവേ രാത്രി 11 മണിയോടെ നായ്ക്കള്‍ ആക്രമിച്ചത്. ഏകദേശം ഇരുപതോളം വീടുകള്‍ നില്‍ക്കുന്ന പ്രദേശത്ത് നായ്ക്കളുമായി രാത്രിയില്‍ നടക്കാന്‍ ഇറങ്ങിയതാണ് ഉടമയായ സ്ത്രീയും പങ്കാളിയും എന്നാണ് വിവരം. യാതൊരു പ്രകോപനവുമില്ലാതെ സ്വന്തം വീട്ടിലേക്ക് നടന്നു വന്ന യുവാവിനെ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.
ആക്രമണമുണ്ടായ ഉടനെ വീടിന് ഉള്ളിലേക്ക് ചാടിക്കയറിയ യുവാവിനെ നായ്ക്ക്കള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. എന്നാല്‍ വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭാര്യയെയും കുട്ടികളെയും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ യുവാവിന് കഴിഞ്ഞു. നെഞ്ച്, വയറ്, കൈകാലുകള്‍, തലയുടെ ഇടതു ഭാഗം എന്നിവിടങ്ങളില്‍ പരുക്കേറ്റ യുവാവ് ഉടന്‍ തന്നെ പൊലീസിന്റെ സഹായം തേടി. 20 മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്ത് എത്തിയ പൊലീസും ആംബുലന്‍സ് സര്‍വീസും യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.
ആക്രമണം നടന്ന ഉടനെ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട നായ്ക്കളുടെ ഉടമയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. നായ്ക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായ്ക്കളെ കൊന്നുകളയുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പൊലീസ് പരിഗണനയിലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ കോട്ടയം സ്വദേശിയായ യുവാവ് ഒരു മാസം മുന്‍പാണ് ഇംഗ്ലണ്ടില്‍ നിന്നും വെയില്‍സിലേക്ക് താമസം മാറുന്നത്.






