കോപ്പിയടി പിടികൂടിയതിന്റെ പക; വ്യാജ പീഡന പരാതിയില്‍ 3 വര്‍ഷം ജയിലില്‍; ഒടുവില്‍ കുറ്റവിമുക്തന്‍

ഇടുക്കി: കോപ്പിയടിച്ചത് പിടികൂടിയതിനു വ്യാജ പീഡന പരാതി ഉന്നയിച്ച് വിദ്യാര്‍ഥിനികള്‍ കുടുക്കിയ കോളജ് അധ്യാപകന് 11 വര്‍ഷങ്ങള്‍ക്കു ശേഷം നീതി. മൂന്നാര്‍ ഗവ. കോളജിലെ എക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്.
2014 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കാലത്ത് പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാര്‍ഥിനികളാണ് ആനന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിത കമ്മീഷനും പരാതി നല്‍കിയത്. പിന്നാലെ കേസ് വന്നു. ആനന്ദിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. 3 വര്‍ഷം ജയിലിലും കിടക്കേണ്ടി വന്നു.
അഡീഷണല്‍ ചീഫ് എക്‌സാമിനറായിരിക്കെയാണ് കോപ്പിയടിച്ചതിന് വിദ്യാര്‍ഥിനികളെ പിടികൂടിയത്. ഇതിന്റെ പകയാണ് പരാതിക്കു പിന്നിലെന്നായിരുന്നു ആനന്ദിന്റെ വാദം. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ആനന്ദ് നീതിക്കായി പോരാടിയത്. ആനന്ദിനെ കുടുക്കാന്‍ അധ്യാപകരുള്‍പ്പെടെയുള്ള കോളജ് അധികൃതരും വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നതായി ആരോപണമുണ്ടായിരുന്നു.






