രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത രാജി; സ്ഥിരീകരിച്ച് ടീം മാനേജ്‌മെന്റ്; ഫ്രാഞ്ചൈസി വിടുന്ന രണ്ടാമത്തെ പരിശീലകന്‍; ടീമില്‍ സഞ്ജുവിന്റെ ഭാവിയെന്ത്?

ന്യൂഡല്‍ഹി: ഐപിഎല്‍ സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ റോയല്‍സിനെ ഞെട്ടിച്ചു രാഹുല്‍ ദ്രാവിഡിന്റെ രാജി. കുറഞ്ഞത് ആറോ ഏഴോ മാസമെങ്കിലും ടീമുകള്‍ക്കു തയാറെടുപ്പ് ആവശ്യമാണ്. ഇതിനിടെയാണ് രാജസ്ഥാന്‍ റോയല്‍സ് പുതിയ ബോംബ് പൊട്ടിച്ചത്. പരിശീലക സ്ഥാനത്തുനിന്നു രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയെന്നാണ് പ്രഖ്യാപനം. അപ്രതീക്ഷിത രാജിയില്‍ ടീം മാനേജ്‌മെന്റിനും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന.
കഴിഞ്ഞ സീസണിലെ മോശം പ്രകടനം ടീമിനെ ഒഴിയാബാധ പോലെ വേട്ടയാടുന്ന സാഹചര്യത്തില്‍ ദ്രാവിഡിന്റെ പുറത്തുപോകല്‍ ആരാധകരെ സംബന്ധിച്ച് ഒരു ഞെട്ടിക്കുന്ന പ്രഖ്യാപനമല്ലെന്നു വേണം കരുതാന്‍. ഇന്നോ നാളെയോ ഈ പ്രഖ്യാപനം ഉണ്ടാകുമെന്ന് ആരാധകര്‍ കരുതിയിരുന്നു.
2024 സെപ്റ്റംബര്‍ ആറിന് പരിശീലക സ്ഥാനത്ത് നിയമിതനായതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പടിയിറങ്ങുകയാണു ദ്രാവിഡ്. മുമ്പ് ക്യാപ്റ്റനും പരിശീലകനുമായി പ്രവര്‍ത്തിച്ചിരുന്ന ഫ്രാഞ്ചൈസിയിലേക്ക് ദ്രാവിഡിന്റെ തിരിച്ചുവരവ് കൂടുതല്‍ ദൈര്‍ഘ്യമേറിയതാവും എന്ന് കരുതിയവരുടെ കണക്കുകൂട്ടലുകള്‍ ഇതോടെ തെറ്റി. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ രാജസ്ഥാനുവേണ്ടി വേണ്ടി 46 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍, ദേശീയ ടീമിലെ തന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഈ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനമാണ് ടീം കാഴ്ചവച്ചത്. ദ്രാവിഡിന് കീഴില്‍ 14 മത്സരങ്ങളില്‍നിന്ന് നാല് വിജയങ്ങള്‍ മാത്രമേ രാജസ്ഥാന് നേടാനായുള്ളൂ. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ദ്രാവിഡിനെ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഏറ്റെടുക്കാന്‍ തയാറായില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു. കൃത്യമായ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്.
ഠ സഞ്ജുവിന്റെ നിലനില്‍പ്പ്
രാഹുല്‍ ടീം വിട്ടത്തിനു പിന്നാലെ സഞ്ജുവിന്റെ ടീമിലെ സ്ഥാനവും ചര്‍ച്ചയാണ്. കഴിഞ്ഞ സീസണില്‍ ദ്രാവിഡുമായുള്ള അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു. നിരന്തരമായ പരിക്കിനൊപ്പം ടീമിന്റെ തീരുമാനങ്ങളില്‍ സഞ്ജുവിനു ഇടമില്ലെന്ന ചര്‍ച്ചയും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ വരും സീസണില്‍ സഞ്ജു ടീം വിട്ടേക്കുമെന്ന വാര്‍ത്തകളും വന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമായി ചര്‍ച്ചയില്‍ ആണെന്നും ഉടന്‍ തന്നെ റോയല്‍സ് വിടുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നു.
നിലവിലെ സാഹചര്യത്തില്‍ ദ്രാവിഡ് തന്നെ ടീം വിട്ടതോടെ സഞ്ജുവിന്റെ റോയല്‍സിലെ ഭാവി അവസാനിച്ചിട്ടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. മാത്രമല്ല അടുത്തിടെ സിഎസ്‌കെ, കെകെആര്‍ ടീമുകളുമായുള്ള സഞ്ജുവിന്റെ ചര്‍ച്ചകള്‍ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതാണ് താരം ആര്‍ആറില്‍ തന്നെ തുടര്‍ന്നേക്കുമെന്ന സൂചന നല്‍കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വൈകിയേക്കും എന്നാണ് വിവരം.
2026ലെ മെഗാ ലേലത്തിനുമുമ്പ് ഐപിഎല്‍ ഫ്രാഞ്ചൈസി വിടുന്ന രണ്ടാമത്തെ മുഖ്യ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ മാസം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുഖ്യ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് രാജിവച്ചിരുന്നു. ഐപിഎല്‍ 2023ന് ടീമിനൊപ്പം മുമ്പ് ചേരുകയും കെകെആറിനെ 2024 കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ചന്ദ്രകാന്ത പണ്ഡിറ്റ്. ആശിഷ് നെഹ്റയ്ക്ക് ശേഷം മുഖ്യ പരിശീലകനായി ഐപിഎല്‍ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനായി മാറിയ പണ്ഡിറ്റ് ഇക്കുറി ടീം വിടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
dravid-left-royals-the-reason-is-still-unknown-will-sanju-continue-in-the-team






