Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ആണവ സമ്പുഷ്ടീകരണം: വഴങ്ങിയില്ലെങ്കില്‍ ഇറാനെ കാത്തിരിക്കുന്നത് കടുത്ത ഉപരോധം; ഐക്യരാഷ്ട്ര സഭയില്‍ നീക്കം ആരംഭിച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും; പിന്തുണച്ച് അമേരിക്കയും ഇസ്രയേലും; സ്‌നാപ് ബാക്ക് നടപടിക്കു കത്തുനല്‍കി; ഇറാന്റെ സാമ്പത്തിക, വ്യാപാര മേഖകള്‍ക്കെല്ലാം വന്‍ തിരിച്ചടിയാകും

ഐക്യരാഷ്ട്രസഭ: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരേ വീണ്ടും ഉപരോധത്തിനു നീക്കമാരംഭിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ മൂന്നു രാജ്യങ്ങളാണു 30 ദിവസത്തെ നടപടി ക്രമങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയ്ക്കു കത്തയച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടു 2015ല്‍ കൊണ്ടുവന്ന കരാര്‍ പാലിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു ഇ-3 എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ നടപടി ആരംഭിച്ചത്. ഒക്‌ടോബര്‍ പകുതിയോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് ഇപ്പോള്‍ നീക്കമാരംഭിച്ചില്ലെങ്കില്‍ പരാജയപ്പെട്ടേക്കുമെന്നും മൂന്നു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു.

നയതന്ത്ര നീക്കങ്ങളുടെ അന്ത്യമല്ലിതെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പറഞ്ഞു. യുഎന്‍ ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ പൂര്‍ണമായി സഹകരിക്കണമെന്നും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വെയ്‌ഡേഫോള്‍ പറഞ്ഞു.

Signature-ad

സ്‌നാപ് ബാക്ക് മെക്കാനിസം എന്നറിയപ്പെടുന്ന നടപടി ക്രമങ്ങളുടെ പേരില്‍ ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താനാണു നീക്കമെന്നും മുട്ടു മടക്കില്ലെന്നും വ്യക്തമാക്കി ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും രംഗത്തുവന്നു. അനധികൃതമായ നീക്കമാണിതെങ്കിലും ഇറാന്‍ എല്ലാ വാതിലുകളും തുറന്നിടും. നയതന്ത്ര നീക്കങ്ങള്‍ക്കു വിരുദ്ധമായ നടപടിയാണിത്. സമ്മര്‍ദം ചെലുത്തി അനുസരിപ്പിക്കാമെന്നു കരുതരുതെന്നും ഇറാന്‍ വ്യക്തമാക്കുന്നു. ഉപരോധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിച്ചപ്പോള്‍തന്നെ അതിനെതിരേ രൂക്ഷമായ ഭാഷയിലാണ് ഇറാന്‍ രംഗത്തുവന്നത്. ഉപരോധിച്ചാല്‍ കര്‍ശനമായ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ഇറാന്‍ പറഞ്ഞത്. കരാറില്‍നിന്നു പിന്‍മാറുമെന്നും അവര്‍ പറഞ്ഞു.

ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങള്‍ക്കുശേഷം ഇറാനും ഇ-3 രാജ്യങ്ങളും നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ചൊവ്വാഴ്ച ജനീവയില്‍ നടത്തിയ ചര്‍ച്ചയില്‍ ഇറാന്‍ സമവായത്തിന്റെ വഴികളിലേക്ക് എത്തിയില്ലെന്നാണ് മൂന്നു രാജ്യങ്ങളും പറയുന്നത്. 2015ല്‍ അന്താരാഷ്ട്ര ഉപരോധം നീക്കുന്നതിന്റെ ഭാഗമായാണ് ഇറാന്‍ കരാറിലെത്തിയത്. ഇ-3 രാജ്യങ്ങള്‍ക്കു പുറമേ, റഷ്യ, ചൈന, യുഎസ്എ എന്നിവരും കരാറില്‍ പങ്കാളികളായിരുന്നു. 2018 അധികാരത്തിലെത്തിയതിനു പിന്നാലെ ട്രംപ് കരാറില്‍നിന്നു പിന്‍മാറി. ഇറാനു മാത്രം ഗുണകരമാകുന്ന തരത്തിലാണു കരാറെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. ഇതിനുശേഷം ഇറാന്‍ വര്‍ഷങ്ങളോളം യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോയി.

രണ്ടാം വട്ടം അധികാരത്തിലെത്തിയശേഷം ട്രംപ് ഭരണകൂടം ഇറാനുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ ഇ-3 രാജ്യങ്ങളുടെ നീക്കത്തെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്വാഗതം ചെയ്തു. ഇറാനുമായി നേരിട്ടു ചര്‍ച്ച നടത്തുന്നതിന് യുഎസ് എപ്പോഴും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ പദ്ധതിയുമായി മുന്നോട്ടു പോകുന്ന നടപടിയില്‍ ഇറാന്‍ കാലതാമസം വരുത്തുമെന്നാണു കരുതുന്നതെന്ന് ഇ-3 രാജ്യങ്ങളും പ്രതീക്ഷ പുലര്‍ത്തുന്നു. സ്‌നാപ് ബാക്ക് നടപടികളുമായി മുന്നോട്ടു പോകാതിരിക്കണമെങ്കില്‍ ഇറാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും പരിശോധനകള്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ ന്യൂക്ലിയര്‍ ആയുധ സ്വപ്‌നത്തിനെതിരായ നിര്‍ണായക നീക്കമായി ഇതിനെ കാണുന്നെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗീഡിയോണ്‍ സാറും ചൂണ്ടിക്കാട്ടി.

ഉപരോധത്തിനുള്ള നടപടികള്‍ക്കായി ഐക്യരാഷ്ട്ര സഭയ്ക്കു 30 ദിവസം സമയം എടുക്കും. ഇറാന്റെ സാമ്പത്തിക, ബാങ്കിംഗ്, ഹൈഡ്രോകാര്‍ബണ്‍, പ്രതിരോധ മേഖലകള്‍ക്കെല്ലാം ഉപരോധം തിരിച്ചടിയാകും. ഇറാന്റെ നയതന്ത്ര പങ്കാളികളായ റഷ്യ, ചൈന എന്നിവര്‍ ചര്‍ച്ചകള്‍ തുടങ്ങി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഇവര്‍ വോട്ടെടുപ്പെന്ന ആവശ്യമുന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഠ 2015ലെ കരാറും സ്‌നാപ് ബാക്കും

ഇറാന്‍ ആണവായുധങ്ങളുടെ നിര്‍മാണവുമായി മുന്നോട്ടു പോകുന്നു എന്നാണു പല രാജ്യങ്ങളും സംശയിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, യുഎസ്, റഷ്യ, ചൈന എന്നിവയുമായി 2015ല്‍ കരാറലെത്തുന്നത്. ആണവ പദ്ധതികളുടെ നിയന്ത്രണത്തിനു പകരമായി ഇവര്‍ക്കുള്ള യുഎന്‍, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളുടെ ഉപരോധം നീക്കി. 2015 ജൂലൈയില്‍ ഐക്യരാഷ്ട്ര സഭ ഈ കരാര്‍ അംഗീകരിച്ചു. കരാര്‍ അനുസരിച്ച് ഇറാനെതിരായ ഉപരോധങ്ങള്‍ ‘സ്‌നാപ് ബാക്ക്’ ചെയ്യാനുള്ള അവസരം ഒക്‌ടോബര്‍ 18ന് അവസാനിക്കും.

2015ലെ കരാറിനു കീഴില്‍ ഇറാനെതിരേ യുഎന്‍ ഉപരോധം വീണ്ടും ചുമത്തുന്നതിനു ‘സ്‌നാപ് ബാക്ക് മെക്കാനിസം’ എന്ന പ്രക്രിയ ഉണ്ട്. കരാറിലെ പ്രധാനകാര്യങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ 15 അംഗ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഈ പ്രക്രിയ ആരംഭിക്കാം. നടപടി തുടങ്ങിവച്ചാല്‍ ഇറാനുള്ള ഇളവുകള്‍ തുടരുന്നതിനുള്ള പ്രമേയത്തില്‍ സുരക്ഷാ കൗണ്‍സില്‍ 30 ദിവസത്തിനുള്ളില്‍ വോട്ട് ചെയ്യണം. അനുകൂലമായി കുറഞ്ഞത് ഒമ്പതു വോട്ടുകള്‍ ലഭിക്കണം. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വീറ്റോ ചെയ്യാതെയും ഇരിക്കണം. ഒമ്പതോ അതിലധികമോ കൗണ്‍സില്‍ അംഗങ്ങള്‍ ഉപരോധം ഇളവു ചെയ്ത നടപടി നീട്ടുന്നതിനു വോട്ടു ചെയ്താല്‍ ബ്രിട്ടനും ഫ്രാന്‍സിനും വീറ്റോ അധികാരം ഉപയോഗിച്ചു നടപടി തടയാം. സ്‌നാപ് ബാക്ക് പ്രക്രിയ ആരംഭിച്ചു 30 ദിവസത്തിനുശേഷം സുരക്ഷാ കൗണ്‍സില്‍ മറ്റു നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഇറാനെതിരായ എല്ലാ യുഎന്‍ ഉപരോധങ്ങളും വീണ്ടും ഏര്‍പ്പെടുത്തും.

ഠ ഉപരോധങ്ങള്‍ എന്തൊക്കെ?

സ്‌നാപ്ബാക്കിനു കീഴില്‍ 2006 മുതല്‍ 2010വരെ ആറു പ്രമേയങ്ങളിലൂടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇറാനെതിരേ ചുമത്തിയ നടപടികള്‍ പുന:സ്ഥാപിക്കും. ആയുധ ഉപരോധം, യുറേനിയം സമ്പുഷ്ടീകരണത്തിനും പുനഃസംസ്‌കരണത്തിനും നിരോധനം, ആണവായുധങ്ങള്‍ എത്തിക്കാന്‍ കഴിവുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള വിക്ഷേപണങ്ങള്‍ക്കും ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ കൈമാറ്റത്തിനും നിരോധനം, ഇറാനിയന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേയുള്ള ആഗോള ആസ്തി മരവിപ്പിക്കല്‍, യാത്രാ നിരോധനം, നിരോധിത വസ്തുക്കള്‍ക്കായി ഇറാന്‍ എയര്‍ കാര്‍ഗോയും ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ഷിപ്പിംഗ് ലൈനുകളും പരിശോധിക്കാന്‍ രാജ്യങ്ങള്‍ക്ക് അധികാരം എന്നിവ നടപ്പാക്കും. ഇത് ഇറാന്റെ സാമ്പത്തിക, പ്രതിരോധ മേഖലകളെയെല്ലാം കടുത്ത സമ്മര്‍ദത്തിലാക്കും. ഇറാനിലേക്കുള്ള ധനസഹായങ്ങളുടെ ഒഴുക്കും നിലയ്ക്കും.

ഠ ഉപരോധം ഒഴിവാക്കാന്‍

ചര്‍ച്ചകളും പരിശോധനകളും അനുകൂലമാക്കിയാല്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ പരിമിതമായ സമയത്തേക്കു സ്‌നാപ്ബാക്ക് സംവിധാനം നീട്ടാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ആണവ വ്യാപനം തടയുന്നതിനുള്ള ഇറാനെതിരായ പ്രസക്തമായ ഉപരോധങ്ങള്‍ പുനസ്ഥാപിക്കാനുള്ള സാധ്യത നിലനിര്‍ത്തുമെന്നും അവര്‍ സുരക്ഷാ കൗണ്‍സിലിന് അയച്ച കത്തില്‍ വ്യക്തമാക്കി.

ഠ അമേരിക്കയുടെ പങ്ക്

‘ഇതുവരെയുള്ളതില്‍ ഏറ്റവും മോശമായ കരാര്‍’ എന്നു ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം 2018ല്‍ കരാറില്‍നിന്നു പിന്‍മാറിയത്. ഇറാനെതിരായ അമേരിക്കയുടെ എല്ലാ ഉപരോധങ്ങളും പുനസ്ഥാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു കരാറുകളില്‍നിന്ന് ഇറാനും പിന്‍മാറിത്തുടങ്ങി. കഴിഞ്ഞ ഫെബ്രുവരി ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ തയാറാണെന്നു വ്യക്തമാക്കി. മറിച്ചായാല്‍ സൈനിക നീക്കമുണ്ടാകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഠ ഇറാന്റെ നടപടി

വൈദ്യുതിയടക്കമുള്ള സിവിലിയന്‍ ഉപയോഗത്തിനായി ആണവ സമ്പുഷ്ടീകരണത്തിന് ഇറാനു ലഭിച്ച അനുമതി മറയാക്കിയാണ് ആയുധങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന വിധത്തില്‍ സമ്പുഷ്ടീകരണം 60 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. ആണവായുധങ്ങള്‍ നിര്‍മിച്ച രാജ്യങ്ങള്‍ മാത്രമാണ് ഇത്രയളവില്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയത്. നിലവില്‍ റഷ്യ, ചൈന എന്നിവയുടെ പിന്തുണ മാത്രമാണ് അമേരിക്കയ്ക്കുള്ളത്. തര്‍ക്കം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നിവ പാലിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍, ഇതിനോടു മൂന്നു രാജ്യങ്ങളും വിയോജിച്ചിട്ടുമുണ്ട്. റഷ്യക്കും ചൈനയ്ക്കും വീറ്റോ അധികാരമുണ്ടെങ്കിലും ഉപരോധങ്ങള്‍ തടയാന്‍ കഴിയില്ല. എന്നാല്‍, അവര്‍ക്ക് ഉപരോധത്തില്‍നിന്നു വിട്ടു നില്‍ക്കാന്‍ കഴിയും.

Britain, France and Germany on Thursday launched a 30-day process to reimpose U.N. sanctions on Iran over its disputed nuclear programme, a step likely to stoke tensions two months after Israel and the United States bombed Iran.

Back to top button
error: