തമിഴ് നടന് വിശാലും സായ് ധന്‍ഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു ; മോതിരമാറ്റം നടന്റെ 47 ാം ജന്മദിനത്തില്, വിവാഹം നടികര്‍ സംഘം കെട്ടിടം പൂര്‍ത്തിയായ ശേഷം അടുത്തവര്‍ഷം മാര്‍ച്ചില്‍

ചെന്നൈ: തമിഴ് നടന്മാരായ വിശാലും സായ് ധന്‍ഷികയും വിവാഹനിശ്ചയം നടത്തി. ഓഗസ്റ്റ് 29 ന് വിവാഹിതരാകുമെന്ന് നേരത്തേ അറിയിച്ചിരുന്ന ഇരുവരും കഴിഞ്ഞ മെയ് യില്‍ പ്രണയം പ്രഖ്യാപിച്ചിരുന്നു. നടന്റെ 47 ാം ജന്മദിനത്തില് തന്നെ ഇരുവരും മോതിരമാറ്റവും നടത്തിയതായിട്ടാണ് ചെന്നൈ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിവരം വിശാല്‍ എക്സിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
2025 ഓഗസ്റ്റ് 29-ന് വിവാഹിതരാകുമെന്ന് ഈ വര്‍ഷം മെയ് മാസത്തില്‍ ‘യോഗി ഡാ’ എന്ന സിനിമയുടെ പത്രസമ്മേളനത്തില്‍ വെച്ച് അറിയിച്ചിരുന്നു. ഇന്ന് തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ വിശാല്‍ എക്സിലൂടെ പങ്കുവെച്ചു. വിവാഹം അടുത്തവര്‍ഷം മാര്‍ച്ചില്‍ നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. നടികര്‍സംഘത്തിന്റെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് വിവാഹം നീളുന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു നിശ്ചയം.
സായ് ധന്‍ഷിക പറഞ്ഞു. ”വിശാലിനെ കഴിഞ്ഞ 15 വര്‍ഷമായി അറിയാം. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോഴെല്ലാം അദ്ദേഹം എന്നോട് ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. എനിക്ക് വലിയ പ്രശ്നമുണ്ടായപ്പോള്‍, അദ്ദേഹം എന്റെ വീട്ടില്‍ വന്ന് എനിക്ക് വേണ്ടി ശബ്ദമുയര്‍ത്തി. ഒരു നായകനും എന്റെ വീട്ടില്‍ വന്നിട്ടില്ല. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി വളരെ മനോഹരമായിരുന്നു. ഞങ്ങള്‍ അടുത്തിടെയാണ് സംസാരിക്കാന്‍ തുടങ്ങിയത്. അത് വിവാഹത്തിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നി. പരസ്പരം ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കി. എനിക്ക് അദ്ദേഹം സന്തോഷവാനായിരിക്കണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, വിശാല്‍.” നടി പറഞ്ഞു.
”എന്റെ വിവാഹം ഉറപ്പിച്ചു. എനിക്കൊരു പെണ്‍കുട്ടിയെ കിട്ടി. ധന്‍ഷികയുടെ അച്ഛന് ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഞാന്‍ അവളെ പരിചയപ്പെടുത്തുന്നു. ഞാന്‍ ധന്‍ഷികയെ വിവാഹം കഴിക്കാന്‍ പോകുന്നു. അവള് ഒരു മികച്ച വ്യക്തിയാണ്.” വിശാല്‍ പറഞ്ഞു. ”ദൈവം എപ്പോഴും നല്ലതിനെ അവസാനത്തേക്ക് മാറ്റിവയ്ക്കും. എന്റെ കാര്യത്തില്‍ ധന്‍ഷികയെയാണ് ദൈവം മാറ്റിവെച്ചത്. ഞങ്ങള്‍ മനോഹരമായ ഒരു ജീവിതം നയിക്കും. ഞാന്‍ എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്നു. ഞങ്ങള്‍ക്ക് ഇപ്പോള്‍ മികച്ച ധാരണയുണ്ട്, അത് എപ്പോഴും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ അവളെ വിശ്വസിക്കുന്നു.” വിശാല്‍ കൂട്ടിച്ചേര്‍ത്തു.






