Breaking NewsKerala

പീഡകര്‍ കുടുംബത്തില്‍ നിന്നായാല്‍ സ്ത്രീകള്‍ക്ക് മറച്ചു വെയ്ക്കേണ്ടി വരും; ബിജെപി വൈസ്പ്രസിഡന്റിനെതിരേ വീണ്ടും പരാതിക്കാരി ; കേസില്‍ കൃഷ്ണകുമാറിന് കവചം തീര്‍ത്തത് മുരളീധരനും സുരേന്ദ്രനുമെന്നും ആക്ഷേപം

കൊച്ചി: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസാണെന്നും കോടതി നേരത്തേ തീര്‍പ്പാക്കിയതാണെന്നും പറഞ്ഞ് വിവാദം തണുപ്പിക്കാന്‍ ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ആരോപണവുമായി പരാതിക്കാരി. 11 വര്‍ഷമായി നിയമത്തിന്റെ അജ്ഞത മൂലം നീതി കിട്ടിയില്ലെന്നാണ് പരാതിക്കാരിയുടെ തുറന്ന കത്ത് പുറത്തായി. പീഡകര്‍ കുടുംബത്തില്‍ നിന്നുതന്നെയായാല്‍ പിന്നെ മറച്ചു വെയ്ക്കുകയല്ലാതെ സ്ത്രീകള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലല്ലോ എന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പരാതി ബിജെപി നേതാക്കളായ വി. മുരളീധരന്‍. എം.ടി. രമേശ് എന്നിവരെ അറിയിച്ചിട്ടുണ്ടായിരുന്നെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വളരെയധികം മാനസിക സമ്മര്‍ദ്ദത്തില്‍ കൂടി കടന്നു പോകുന്ന സമയത്ത് തനിക്ക് നേരിട്ടു വന്ന് പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ തുറന്ന കത്ത്. ഇപ്പോഴും ഭയമാണെന്നും വേട്ടയാടപ്പെടുകയും സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് നീതി കിട്ടാതിരിക്കുന്നതിനേക്കാള്‍ ദയനീയമാണെന്നും പരാതിക്കാരി പറയുന്നു.

Signature-ad

പത്രസമ്മേളനം വിളിച്ച് ജഡ്ജ്‌മെന്റുകള്‍ ഉരുവിടുന്നയാള്‍ക്ക് ഏതു കേസിന്റെ ജഡ്ജ്‌മെന്റ് ആണെന്ന് പോലും പറയാന്‍ സാധിച്ചോയെന്നും അതുപോലും അറിയാതെയാണ് വന്ന് വിളമ്പുന്നതെന്നും അവര്‍ ആരോപിച്ചു. മാധ്യമങ്ങള്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ പോലും സാധിച്ചിട്ടില്ല. ‘അദ്ദേഹം പറയുന്നത് ഞാന്‍ ഒരു അന്യമതസ്ഥന്റെ കൂടെ പോയി എന്നാണ്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചാണ് പോയത്. അതൊരു മോശപ്പെട്ടെ കാര്യമാണെങ്കില്‍ നിയമം എടുത്തു മാറ്റേണ്ടി വരുമല്ലോ.

ബന്ധം നിയമപരമായി വേര്‍പെടുത്തുകയും ചെയ്തു. പിന്നെ അദ്ദേഹം പറയുന്നത് മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് പോലും ഹാജരാക്കിയിട്ടില്ല എന്നാണ്. എനിക്ക് പരുക്കേറ്റതിന്റെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതാണ്. എന്നെ മര്‍ദിച്ച് വലിച്ചിഴച്ചു. വീടിനു പുറത്തുള്ള റോഡില്‍ കൊണ്ടിടുമ്പോള്‍ ഒരു കൂട്ടം ജനങ്ങള്‍ അവിടുണ്ടായിരുന്നു. താന്‍ ബിജെപി അനുഭാവി ആണെന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നേതാക്കളായ വി മുരളീധരന്‍, എം ടി രമേശ്, ഗോപാലന്‍ കുട്ടി മാസ്റ്റര്‍, സുഭാഷ് തുടങ്ങിയവര്‍ക്ക് പരാതി കൊടുത്തിരുന്നു. ഈ കാര്യങ്ങള്‍ എല്ലാം ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനും അറിയാമെന്നും പറയുന്നു.

മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായിരുന്ന വി മുരളീധരനും സുരേന്ദ്രനുമാണ് സി കൃഷ്ണകുമാറിന് ഈ വിഷയത്തില്‍ കവചം തീര്‍ത്തതെന്നും ആരോപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പോലീസുകാരുടെ സത്യസന്ധമായ അന്വേഷണവും ഉണ്ടായില്ലെന്നും പറയുന്നു. സങ്കടവുമായി ആദ്യം പോയത് എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തിലാണ് എന്നും അവിടെ ഗോപാലന്‍കുട്ടി മാസ്റ്ററും സുഭാഷും തന്ന ആത്മവിശ്വാസവും ഉറപ്പും ചെറുതല്ലായിരുന്നില്ലെന്നും എന്നാല്‍ അവര്‍ക്ക് പോലും കൃഷ്ണകുമാറിനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു.

മര്‍ദ്ദനത്തില്‍ ചവിട്ടേറ്റ് എന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു’, സുരേഷ്ഗോപിയാണ് സര്‍ജറിയു ടെ മുഴുവന്‍ തുകയും തന്ന് സഹായിച്ചതെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഇന്ന് തനിക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകില്ലായിരുന്നു. പൊലീസി ന്റെ കഴിവില്ലായ്മയും സത്യസന്ധത ഇല്ലായ്മയും രാഷ്ട്രീയ സ്വാധീനവുമെല്ലാം ഈ കേസിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. തനിക്കും അമ്മയ്ക്കും നീതി ലഭിച്ചില്ലെ ന്നും നീതി ലഭിക്കാന്‍ ശോഭ ശബ്ദമുയര്‍ത്തണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

Back to top button
error: